രാജ്യസഭാ തെരഞ്ഞെടുപ്പ്‌: നിര്‍മ്മല സീതാരാമന്‍ പത്രിക സമര്‍പ്പിച്ചു

Saturday 21 June 2014 11:20 pm IST

ഹൈദരാബാദ്‌: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആന്ധ്രാ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ. ഹരിബാബു എന്നിവര്‍ പത്രികാസമര്‍പ്പണത്തിന്‌ മന്ത്രിയെ അനുഗമിച്ചു. സ്വതന്ത്ര ചുമതലയുള്ള വ്യവസായ വാണിജ്യ വകുപ്പ്‌ സഹമന്ത്രിയാണ്‌ നിര്‍മ്മലാ സീതാരാമന്‍.
വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന്‌ അറിയിച്ചതിനാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. സിറ്റിംഗ്‌ എംപി എന്‍. ജനാര്‍ദ്ദന റെഡ്ഡി മരിച്ചതിനെ തുടര്‍ന്നാണ്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. 2016 ജൂണ്‍ 21 വരെയായിരുന്നു റെഡ്ഡിയുടെ കാലാവധി. ജൂണ്‍ 23നാണ്‌ രാജ്യസഭാ സീറ്റിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. എതിര്‍ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ജൂലൈ മൂന്നിനാണ്‌ തെരഞ്ഞെടുപ്പ്‌ . ആന്ധ്രാ നിയമസഭയില്‍ 175 സീറ്റുള്ളതില്‍ തെലുങ്ക്ദേശം പാര്‍ട്ടി- ബിജെപി സഖ്യത്തിന്‌ 107 സീറ്റുകളാണുള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.