തൃക്കാക്കര നഗരസഭ ഭരണം കോണ്‍ഗ്രസ്സിനുള്ളില്‍ ചേരിപ്പോര്‌

Saturday 21 June 2014 9:15 pm IST

കാക്കനാട്‌: കോണ്‍ഗ്രസ്സിനുള്ളിലെ ചേരിപ്പോര്‌ തൃക്കാക്കരനഗരസഭയില്‍ പുതിയ രാഷ്ട്രീയ സമവാക്യത്തിന്‌ കളമൊരുങ്ങുന്നു. വെള്ളിയാഴ്ച കമ്യൂണിറ്റി ഹാളില്‍ നഗര കാര്യ മന്ത്രിയുടെ യോഗം എ ഗ്രൂപ്പ്‌ കൗണ്‍സിലര്‍മാര്‍ ബഹിഷ്ക്കരിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ ഇടതു കൗണ്‍സിലര്‍മാര്‍ എല്ലാവരും ഖര മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ യോഗത്തിനെത്തിയിരുന്നു.
നഗരസഭയില്‍ ആകെയുള്ള 43 കൗണ്‍സിലര്‍മാരില്‍ എ വിഭാഗത്തിലെ 20 കൗണ്‍സിലര്‍മാരും യോഗം ബഹിഷ്ക്കരിച്ചിരുന്നു. ഐ വിഭാഗത്തിനു 5 കൗണ്‍സിലര്‍മാരാണ്‌ ഉള്ളത്‌. ബാക്കി ലീഗ്‌ ആണ്‌.എ വിഭാഗത്തെ നേരിടാന്‍ 13 ഇടത്‌ കൗണ്‍സിലര്‍മാരെ ചെയര്‍മാന്‍ കീശയിലൊതുക്കി വെച്ചിരിക്കുകയാണെന്ന ആക്ഷേപം പി.ഐ. മുഹമ്മദലി ചെയര്‍മാന്‍ ആയിരിക്കെ ഉയര്‍ന്നു വന്നിരുന്നു.നഗരസഭയില്‍ ഒരു പ്രതിപക്ഷമില്ലെന്ന ആരോപണം കുറെ നാളായി സിപിഎമ്മിനുള്ളില്‍ തന്നെ ഉയര്‍ന്നു വരുന്നുണ്ട്‌. എന്നാല്‍ ഷാജി വാഴക്കലയോടൊപ്പം നിന്ന്‌ യുഡിഎഫിലും കോണ്‍ഗ്രസ്സിലും പിളര്‍പ്പുണ്ടാക്കാനുള്ള സിപിഎം തന്ത്രമായും ഇതിനെ കാണുന്നവരുണ്ട്‌.
ഗ്രൂപ്പ്‌ പോര്‌ മുറുകിയാല്‍ അടുത്ത മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ തൂത്തെറിയപ്പെടും. നിലവില്‍ സി.പി.എമ്മിന്റെ മൂന്ന്‌ വാര്‍ഡുകളില്‍ ബിജെപിക്ക്‌ നിര്‍ണായകസ്വാധീനമുണ്ടാകാനുള്ള സാധ്യത തള്ളികളയാനാവില്ല. കോണ്‍ഗ്രസ്സിലെ ഭിന്നത ഏറെ ഗുണം ചെയ്യുക ബിജെപിക്കായിരിക്കും. പുതിയ കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിഭാഗത്തോടുള്ള നയങ്ങള്‍ ആ വിഭാഗത്തെ ബിജെപി യോട്‌ കൂടുതല്‍ അടുപ്പിച്ചിരിക്കുകയാണ്‌. പി.ഐ. മുഹമ്മദാലി ചെയര്‍മാന്‍ സ്ഥാനം ഒഴിയുമ്പോള്‍ എ വിഭാഗത്തിന്‌ പൊതുമരാമത്ത്‌ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നല്‍കാമെന്ന കെപിസിസിനിര്‍ദേശം ഐ വിഭാഗം പാലിക്കാത്തതാണ്‌ ഇപ്പോള്‍ പ്രശ്നങ്ങള്‍ തലപൊക്കാന്‍ ഇടയാക്കിയിരിക്കുന്നത്‌. അധ്യക്ഷയായ അജിതാ തങ്കപ്പനെതിരെ തിങ്കളാഴ്ച അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കാനാണ്‌ കഴിഞ്ഞ ദിവസം മുന്‍ ചെയര്‍മാന്‍ പി.ഐ മുഹമ്മദാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്‌. യോഗത്തില്‍ആകെയുള്ള 25 കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാരില്‍ 20 പേരും പങ്കെടുത്തു.
അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താന്‍ ചെയര്‍മാന്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ സഹായം തേടിയതായി സൂചനയുണ്ട്‌. ഇതിനായി ധാരാളം വാഗ്ദാനങ്ങളും ഐ വിഭാഗം ഇവര്‍ക്ക്‌ നല്‍കിയതായി എതിര്‍പക്ഷം ആരോപിക്കുന്നു.
ഇന്ന്‌ മന്ത്രി രമേശ്‌ ചെന്നിത്തല പങ്കെടുക്കുന്ന മുനിസിപ്പല്‍ പാര്‍ക്കിന്റെ ഉദ്ഘാടനചടങ്ങിലും എ വിഭാഗം പങ്കെടുക്കില്ലെന്ന്‌ അറിയിച്ചു. ചൊവ്വാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ തങ്ങളെ ക്ഷണിക്കാതിരുന്നത്‌ മനഃപൂര്‍വമാണെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ സേവ്യര്‍ തായങ്കേരി,ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.ഐ.മുഹമ്മദാലി എന്നിവര്‍ പറഞ്ഞു.
2011 ല്‍ താന്‍ കൊണ്ടുവന്ന സ്വപ്ന പദ്ധതികളാണ്‌ പുതിയ ചെയര്‍മാന്‍ അടിച്ചു മാറ്റിയതെന്ന്‌ മുഹമ്മദാലി ആരോപിച്ചു. പഞ്ചായത്ത്‌ ആയിരിക്കെ നടക്കാത്ത പദ്ധതികള്‍ക്കാണ്‌ താന്‍ ജീവന്‍വെപ്പിച്ചത്‌.അത്‌ പൂര്‍ത്തീകരിക്കും മുന്‍പേ തന്റെ സ്ഥാനം തെറിപ്പിക്കാനായിരുന്നു എതിര്‍ലോബി ശ്രമിച്ചത്‌, മുഹമ്മദാലി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.