പാല്‍വില കൂട്ടുമെന്ന്‌ മന്ത്രി

Saturday 21 June 2014 10:01 pm IST

കോഴിക്കോട്‌: പാല്‍വില കൂട്ടേണ്ടിവരുമെന്ന്‌ മന്ത്രി കെ.സി. ജോസഫ്‌. വില വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശം മില്‍മ സമര്‍പ്പിച്ചിട്ടുണ്ട്‌. ഉത്പാദനച്ചെലവിന്‌ ആനുപാതികമായി ക്ഷീര കര്‍ഷകര്‍ക്ക്‌ വില നല്‍കേണ്ടതുണ്ട്‌. കന്നുകാലി വളര്‍ത്തല്‍ പോലുള്ള ജോലികളില്‍ നിന്ന്‌ മലയാളികള്‍ വിട്ടുനില്‍ക്കുകയാണ്‌.
സംസ്ഥാനത്തെ പാല്‍ ഉത്പാദനം കുറഞ്ഞുവരുന്നു. കന്നുകാലി വളര്‍ത്തലിനും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പാല്‍വില ലിറ്ററിന്‌ 5 രൂപ കൂട്ടണമെന്നാണ്‌ മില്‍മയുടെ നിലപാട്‌. എന്നാല്‍ മൂന്ന്‌ രൂപ വര്‍ദ്ധിപ്പിക്കാനായിരിക്കും സര്‍ക്കാര്‍ സമ്മതം നല്‍കുകയെന്ന്‌ സൂചനയുണ്ട്‌. പാല്‍വില വര്‍ദ്ധിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ പഠിക്കാന്‍ മില്‍മയുടെ ഉന്നതാധികാര സമിതി യോഗംചേര്‍ന്ന്‌ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മറ്റിയും വിലവര്‍ദ്ധന അനിവാര്യമാണെന്ന്‌ ചൂണ്ടിക്കാട്ടുകയുണ്ടായി.
കേരളത്തില്‍ പാല്‍ ഉത്പാദനം കുറയുകയും ആവശ്യത്തിന്‌ തികയാതെ വരികയും ചെയ്തതുകാരണം അന്യസംസ്ഥാനങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. പ്രതിദിനം 15000 ലിറ്റര്‍ പാല്‍ തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നു. ഇവിടെ നിന്നും പാലെത്തിക്കുമ്പോള്‍ കടത്തുകൂലി ഇനത്തിലും മറ്റുമായി മില്‍മക്ക്‌ ചെലവേറും. ഇതു നികത്താനാണ്‌ വിലവര്‍ദ്ധിപ്പിക്കണമെന്ന്‌ മില്‍മ ആവശ്യപ്പെടുന്നത്‌. വിലകൂട്ടിയാല്‍ അതു സാധാരണക്കാരനു കനത്ത പ്രഹരമാകുമെന്ന്‌ ഉറപ്പാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.