മെസ്സി ഗോളില്‍ അര്‍ജന്റീന

Sunday 22 June 2014 11:00 am IST

ബെലോ ഹോറിസോന്റെ: ഇഞ്ച്വറി സമയത്ത്‌ ക്യാപ്റ്റന്‍ മെസ്സി നേടിയ ഏക ഗോളിന്‌ അര്‍ജന്റീന ഇറാനെ കീഴടക്കി. മത്സരത്തിന്റെ 90 മിനിറ്റും മെസ്സിപ്പടയെ പിടിച്ചുകെട്ടിയ ഇറാന്‍ പ്രതിരോധനിരക്കും ഗോളിക്കും പിഴച്ച ഏക അവസരത്തില്‍ നിന്നാണ്‌ മെസ്സി അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്‌. കഴിഞ്ഞ മത്സരത്തില്‍ നിന്ന്‌ രണ്ട്‌ മാറ്റങ്ങളുമായാണ്‌ അര്‍ജന്റീന ഇറങ്ങിയത്‌. റോഡ്രിഗസിനു പകരം ഹിഗ്വയിനും കാംപനാരോക്ക്‌ പകരം ഗാഗോയും ഇറങ്ങി. ഇതോടെ 4-3-3 എന്ന ശൈലിയാണ്‌ തുടക്കം മുതല്‍ അര്‍ജന്റീന അവലംബിച്ചത്‌. എന്നാല്‍ ആദ്യപകുതിയില്‍ ഇറാന്‍ ഉയര്‍ത്തിയ പ്രതിരോധക്കോട്ട പൊളിക്കാന്‍ താരനിബിഡമായ അര്‍ജന്റീനക്ക്‌ കഴിഞ്ഞില്ല. ആദ്യപകുതിയില്‍ 78 ശതമാനവും പന്ത്‌ കൈവശം വെക്കുകയും 10 ഷോട്ടുകള്‍ ഉതിര്‍ക്കാനും മെസ്സിപടക്ക്‌ കഴിഞ്ഞു. എന്നാല്‍ ഇതില്‍ രണ്ടെണ്ണം മാത്രമാണ്‌ ലക്ഷ്യത്തിലേക്ക്‌ പറന്നത്‌. രണ്ടും ഇറാന്‍ ഗോളിയുടെ മുന്നില്‍ വിഫലമാവുകയും ചെയ്തു. അതേസമയം മൂന്ന്‌ ഷോട്ടുകള്‍ മാത്രമാണ്‌ ഇറാന്‌ ആദ്യപകുതിയില്‍ പായിക്കാന്‍ കഴിഞ്ഞത്‌. മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത്‌ ഇറാനായിരുന്നു. നാലാം മിനിറ്റില്‍ ജലാല്‍ ഹൊസ്നിയുടെ ഹെഡ്ഡര്‍ പുറത്തേക്ക്‌ പറന്നു. 13-ാ‍ം മിനിറ്റിലാണ്‌ അര്‍ജന്റീനക്ക്‌ ആദ്യ അവസരം ലഭിച്ചത്‌. എന്നാല്‍ ഗൊണ്‍സാലോ ഹിഗ്വയിന്‍ വലംകൊണ്ട്‌ പറത്തിയ ഷോട്ട്‌ ഇറാന്‍ ഗോളി അലിറാസ അഹ്ഹിയുടെ കയ്യില്‍ വിശ്രമിച്ചു. പിന്നീട്‌ 19-ാ‍ം മിനിറ്റില്‍ ഡി മരിയയുടെ ഷോട്ടും പാഴായി. തൊട്ടുപിന്നാലെ സെര്‍ജിയോ അഗ്യൂറോയുടെ ഷോട്ടും ഇറാന്‍ ഗോളി വിഫലമാക്കി. എസേക്വില്‍ ഗരായ്‌, മാര്‍ക്കോസ്‌ റോജോ, മെസ്സി, ഫെഡ്രികോ ഫെര്‍ണാണ്ടസ്‌ എന്നിവരുടെ ശ്രമങ്ങളെല്ലാം ഇറാനിയന്‍ പ്രതിരോധക്കോട്ടയില്‍ത്തട്ടിത്തകര്‍ന്നു. 42-ാ‍ം മിനിറ്റില്‍ ഇറാന്‍ താരം ജലാല്‍ ഹൊസ്നിയുടെ ഒരു ഷോട്ടും പിഴച്ചു. രണ്ടാം പകുതിയിലും അര്‍ജന്റീനക്കായിരുന്നു മേധാവിത്വം. പാബ്ലോ സബലേറ്റയും സെര്‍ജിയോ അഗ്യൂറോയും അവസരങ്ങള്‍ പാഴാക്കുന്നത്‌ കണ്ടതാണ്‌ മത്സരം തുടങ്ങിയത്‌. എന്നാല്‍ 52-ാ‍ം മിനിറ്റില്‍ അര്‍ജന്റീന ഗോള്‍ വഴങ്ങുന്നതില്‍ നിന്ന്‌ രക്ഷപ്പെട്ടു. പെജ്മാന്‍ മോണ്ടാസേരിയുടെ ക്രോസ്‌ ബോക്സിനുള്ളില്‍ നിന്ന്‌ റാസ ഖുജ്നെദാദ്‌ ഹെഡ്ഡറിലൂടെ വലയിലേക്ക്‌ തിരിച്ചുവിട്ടെങ്കിലും അര്‍ജന്റീന ഗോളി രക്ഷപ്പെടുത്തി. പിന്നീട്‌ 55-ാ‍ം മിനിറ്റില്‍ ഗരായും അധികം കഴിയും മുന്നേ മെസ്സിയും ഡി മരിയയും അവസരങ്ങള്‍ നഷ്ടപ്പെടുത്തി. 67-ാ‍ം മിനിറ്റില്‍ ഇറാന്‍ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും അര്‍ജന്റീന്‍ ഗോളി അപകടം ഒഴിവാക്കി. വലതുവിംഗില്‍ക്കൂടി പന്തുമായി കയറിയ ശേഷം മൊണ്ടാസേരി തളികയിലെന്നവണ്ണം വച്ചുനീട്ടിയ ക്രോസ്‌ അഷ്ഖാന്‍ ഡിജാഗ്‌ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലേക്ക്‌ തിരിച്ചുവിട്ടെങ്കിലും ഉയര്‍ന്നുചാടിയ അര്‍ജന്റീന ഗോളി കോര്‍ണറിന്‌ വഴങ്ങി കുത്തിപ്പുറത്താക്കി. പിന്നീട്‌ 82-ാ‍ം മിനിറ്റില്‍ റോജോയും തൊട്ടുപിന്നാലെ റോഡ്രിഗോ പലാസിയോയും അവസരങ്ങള്‍ നഷ്ടമാക്കി. എന്നാല്‍ ഇഞ്ച്വറി സമയത്ത്‌ ലാവേസിയുടെ പാസില്‍ നിന്ന്‌ മെസ്സി ബോക്സിന്‌ പുറത്തുനിന്ന്‌ ഇടംകാലുകൊണ്ട്‌ തൊടുത്ത ഷോട്ട്‌ മുഴുനീളെ പറന്ന ഇറാനിയന്‍ ഗോളിയെ കീഴടക്കി വലയില്‍ പതിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.