കേരളം പനിപ്പിടിയില്‍; പനി ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു

Sunday 22 June 2014 10:49 pm IST

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മഴ ശക്തമായതോടെ പകര്‍ച്ചവ്യാധികള്‍ പെരുകുന്നു. സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും പനിബാധിതരെക്കൊണ്ട്‌ നിറയുകയാണ്‌.
സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്കും മഴക്കാല രോഗങ്ങള്‍ക്കുമായി ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നുവെന്ന്‌ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ ഇന്നലെവരെയുള്ള കണക്കുകള്‍ പ്രകാരം പനിബാധിതരുടെ എണ്ണം 2,56,868 ആണ്‌. ആറുമാസത്തിനിടെ 10,78,765 പേര്‍ക്കാണ്‌ പനി ബാധിച്ചിട്ടുള്ളതെന്നും കണക്കുകള്‍ പറയുന്നു. പനി, ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ, എലിപ്പനി, ഹെപ്പറ്റൈറ്റിസ്‌, എച്ച്‌1എന്‍1, ചിക്കന്‍പോക്സ്‌ തുടങ്ങിയ പകര്‍ച്ചവ്യാധികളിലൂടെ ഈ മാസം പതിനെട്ടുപേരാണ്‌ മരണപ്പെട്ടതെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. 66 പേരാണ്‌ 6 മാസത്തിനിടെ മരണപ്പെട്ടത്‌. എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ പകര്‍ച്ചവ്യാധി ബാധിതരുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ സര്‍ക്കാര്‍ കണക്കിന്റെ നാലിരട്ടിയോളം വരും.
പനിബാധിച്ചതുമൂലം ഈ മാസം നാലുപേരാണ്‌ സംസ്ഥാനത്ത്‌ മരിച്ചത്‌. മലേറിയ ബാധിച്ച്‌ 2 പേരും ചിക്കുന്‍ഗുനിയ ബാധിച്ച്‌ 6 പേരും ചിക്കന്‍പോക്സ്‌ ബാധിച്ച്‌ 2 പേരും എച്ച്‌1എന്‍1 ബാധിച്ച്‌ ഒരാളും മരിച്ചിരുന്നു. 89 പേര്‍ക്കാണ്‌ ഈ മാസം മലേറിയ ബാധിച്ചത്‌. 233 പേര്‍ക്ക്‌ ഡെങ്കിപ്പനിയും 6 പേര്‍ക്ക്‌ ചിക്കന്‍ഗുനിയയും ബാധിച്ചു. എലിപ്പനി ബാധിച്ചത്‌ 90 പേര്‍ക്കാണ്‌. ഹെപ്പറ്റൈറ്റിസ്‌ എ ബാധിതര്‍ 111 പേരും ഹെപ്പറ്റൈറ്റിസ്‌ ബി ബാധിതര്‍ 69ഉം ഹെപ്പറ്റൈറ്റിസ്‌ സി ബാധിതര്‍ 3 പേരുമാണ്‌. 3 പേര്‍ക്ക്‌ കോളറ ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്‌. ടൈഫോയിഡ്‌ ബാധിച്ചവര്‍ 146ഉം ചിക്കന്‍പോക്സ്‌ ബാധിച്ചവര്‍ 831മാണ്‌. 12 പേര്‍ക്ക്‌ എച്ച്‌1എന്‍1 ബാധിച്ചു.
ജൂണ്‍ 16 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത്‌ പനി ബാധിച്ച്‌ ചികിത്സ തേടിയെത്തിയവരുടെ എണ്ണം 1,17,089 ആണ്‌. ഒരാഴ്ചക്കുള്ളില്‍ ഡെങ്കിപ്പനി വ്യാപകമായിട്ടുണ്ട്‌. 105 പേര്‍ക്കാണ്‌ കഴിഞ്ഞാഴ്ചയ്ക്കുള്ളില്‍ ഡെങ്കിപ്പനി ബാധിച്ചത്‌. 40 പേര്‍ക്ക്‌ എലിപ്പനിയും 31 പേര്‍ക്ക്‌ മലേറിയയും 68 പേര്‍ക്ക്‌ ടൈഫോയിഡും 3 പേര്‍ക്ക്‌ എച്ച്‌1എന്‍1ഉം കണ്ടെത്തിയിട്ടുണ്ട്‌. പനിബാധിതരില്‍ മുന്നില്‍ നില്‍ക്കുന്നത്‌ തിരുവനന്തപുരം ജില്ലയാണ്‌. ജില്ലയില്‍ കഴിഞ്ഞ ദിവസം 2154പേര്‍ ഒപിയില്‍ ചികിത്സ തേടി. പനി ബാധിച്ച്‌ ചികിത്സ തേടിയവരുടെ എണ്ണം 1937 ആണ്‌, 65 പേരെ കിടത്തിച്ചികിത്സയ്ക്ക്‌ വിധേയരാക്കി.
തിരുവനന്തപുരമടക്കം വിവിധ നഗരങ്ങളിലെ മാലിന്യ പ്രതിസന്ധിയാണ്‌ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്‌ കാരണമായിരിക്കുന്നത്‌. തലസ്ഥാനത്ത്‌ മാലിന്യ നിക്ഷേപം ഗുരുതര പ്രശ്നമുണ്ടാക്കുമെന്ന്‌ ആരോഗ്യവകുപ്പ്‌ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമെന്നാണ്‌ ആരോഗ്യവകുപ്പ്‌ വിലയിരുത്തുന്നത്‌. അടിക്കടി പെയ്യുന്ന മഴയും കടല്‍ ക്ഷോഭവും പകര്‍ച്ചവ്യാധികള്‍ വ്യാപകമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.