ഹൃദ്യമാകുന്ന സംവേദനം

Sunday 25 September 2011 11:59 pm IST

ബുദ്ധി ബുദ്ധിയോട്‌ വാക്കുകളിലൂടെ സംവദിക്കുന്നു. ഹൃദയം ഹൃദയത്തോട്‌ പറയുന്നത്‌ ഭാവങ്ങളിലൂടെയാണ്‌. ഭാവങ്ങള്‍ വാക്കുകളിലൂടെ പ്രകടമായാല്‍ ഉപരിപ്ലവമായിത്തീരും. ഭാവങ്ങളെ ശബ്ദങ്ങളിലൂടെ വ്യക്തമാക്കാതിരിക്കുമ്പോള്‍ ജീവിതത്തിന്റെ സമ്പന്നതയും സൗന്ദര്യവും നിലനിര്‍ത്താന്‍ കഴിയുന്നു. ആലിംഗനം ചെയ്യുന്നതും പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതും ഹൃദയത്തിലെ ഭാവങ്ങളെ പൂര്‍ണമായും പ്രകടമാക്കുന്നില്ല. ബാഹ്യപ്രകടനങ്ങള്‍ക്കപ്പുറത്ത്‌ ഭാവം അവ്യക്തമായിത്തന്നെ നിലകൊള്ളുന്നു. ആത്മാവ്‌ ആത്മാവിനോട്‌ സംവദിക്കുന്നത്‌ മൗനത്തിലൂടെയാണ്‌. ഭാവങ്ങള്‍ക്കപ്പുറത്ത്‌ മൗനമാണ്‌. ഏത്‌ ഭാവത്തിന്റെയും തീവ്രമായ അവസ്ഥ മൗനമാണ്‌. അതുകൊണ്ടാണ്‌ മൗനിയായിരുന്ന്‌ ഈശ്വരനെ അറിയൂ എന്ന്‌ പറയുന്നത്‌. ഈ മൗനത്തിന്റ തടസ്സമായിട്ടുള്ളതെന്താണ്‌? കണ്ണുതുറന്നരിക്കുമ്പോള്‍ നാം പ്രവൃത്തിയില്‍ മുഴുകുന്നു. കണ്ണടയുമ്പോള്‍ ഉറങ്ങുന്നു.ലക്ഷ്യം കൈവിട്ടുപോകുന്നു. കണ്ണുതുറന്നുരിക്കുമ്പോള്‍ നമുക്ക്‌ നിശ്ചലരാവാന്‍ കഴിയണം. കണ്ണടക്കുമ്പോള്‍ അവബോധം നിലനിര്‍ത്താന്‍ കഴിയണം.