മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മകളിൽ രാജ്യം

Sunday 26 November 2017 12:54 pm IST

മുംബൈ: മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒന്‍പത് വര്‍ഷം. 2008 നവംബര്‍ 26നായിരുന്നു പാക്കിസ്ഥാനിൽ നിന്നുമുള്ള 10 ലഷ്കര്‍ ഭീകരര്‍ മുംബൈ നഗരത്തെ ചോരക്കളമാക്കിയത്. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവയാണ് ആക്രമണത്തിനിരായ ഇടങ്ങൾ. അജ്മല്‍ കസബ് എന്ന പാക്കിസ്ഥാന്‍ പൗരനൊഴികെ അക്രമികളായ മറ്റ് ഒന്‍പതുപേരും സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചു.

തീവ്രവാദ വിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെ, വിജയ് സലസ്കര്‍, മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ തുടങ്ങി 22 ഭടന്‍മാരും, വിദേശി സഞ്ചാരികളുമടക്കം 166 പേർ കൊല്ലപ്പെട്ടു. ഇതിനു പുറമെ 260 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

2012 നവംബറില്‍ ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റി. പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ പാകിസ്ഥാനില്‍നിന്നാണെന്നു വ്യക്തമായതോടെ ഇന്ത്യാ പാക്ക് ബന്ധത്തില്‍ ഉലച്ചിലുണ്ടായി. ലഷ്കര്‍ ഭീകരന്‍ ഹാഫിസ് സയീദാണു സൂത്രധാരനെന്നു വ്യക്തമാകുന്ന തെളിവുകള്‍ ഇന്ത്യ, പാക്കിസ്ഥാനു കൈമാറി. പക്ഷേ, മതിയായ തെളിവുകളില്ലെന്ന ന്യായംപറഞ്ഞു കഴിഞ്ഞ ദിവസം ഹാഫിസിനെ പാക്കിസ്ഥാന്‍ മോചിപ്പിക്കുകയായിരുന്നു. ഇത് നയതന്ത്രതലത്തില്‍ പുതിയ ചര്‍ച്ചകളിലേക്കു നയിക്കുകയാണ്.

അതേ സമയം പ്രധാന സ്ഥലങ്ങളെല്ലാം ബാരിക്കേഡ് ഉപയോഗിച്ചു തിരിച്ചിട്ടുണ്ട്. വാര്‍ഷികത്തോട് അനുബന്ധിച്ച്‌ നഗരത്തില്‍ പലയിടങ്ങളിലും അനുസ്മരണ യോഗങ്ങള്‍ നടത്തുന്നുണ്ട്.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.