നവോത്ഥാന പഠനകേന്ദ്രങ്ങള്‍ക്കായി സംസ്കൃത സര്‍വകലാശാല ഉപരോധം ഇന്ന്‌

Monday 26 September 2011 12:09 am IST

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നവോത്ഥാന നായകന്മാരുടെ പേരിലുള്ള പ്രത്യേക പഠനകേന്ദ്രങ്ങളും ഇന്റര്‍ റിലീജിയസ്‌ പഠനകേന്ദ്രവും നിര്‍ത്തലാക്കിയതിനെതിരെ ഇന്ന്‌ 28 സംഘടനകളുടെ നേതൃത്വത്തില്‍ സര്‍വകലാശാല ഉപരോധിക്കും. പതിനേഴാംഘട്ട സമരപരിപാടിയായിട്ടാണ്‌ ഉപരോധയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്‌. രാവിലെ 10 ന്‌ നടക്കുന്ന യജ്ഞത്തില്‍ സനാതനധര്‍മ സുഹൃദ്‌വേദി ചെയര്‍മാനും കുന്നത്തുനാട്‌ എസ്‌എന്‍ഡിപി യൂണിയന്‍ പ്രസിഡന്റുമായ കെ.കെ.കര്‍ണന്‍ അധ്യക്ഷത വഹിക്കും. 25 സാമുദായിക-സാമൂഹിക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാര്‍ കൈകോര്‍ത്തുകൊണ്ട്‌ ഉപരോധം ഉദ്ഘാടനം ചെയ്യും. ആദിശങ്കരാചാര്യര്‍, ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാഗാന്ധി, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി, ആഗമാനന്ദ സ്വാമികള്‍ എന്നിവരുടെ പേരിലുള്ള പ്രത്യേക പഠനകേന്ദ്രങ്ങളും എല്ലാ മതങ്ങളെയും കുറിച്ച്‌ പഠിക്കുന്ന ഇന്റര്‍ റിലീജിയസ്‌ പഠനകേന്ദ്രവും നിര്‍ത്തലാക്കിയ വൈസ്‌ ചാന്‍സലറുടെയും സിന്‍ഡിക്കേറ്റിന്റെയും തീരുമാനത്തിനെതിരെ നടത്തുന്ന സമരം മൂന്നാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന സാഹചര്യത്തിലാണ്‌ ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്‌. വ്യത്യസ്തമായ സാംസ്ക്കാരിക മുന്നേറ്റത്തിന്‌ അദ്വൈത ഭൂമി ഒരുങ്ങി. ഉപരോധ യജ്ഞത്തിന്‌ വിപുലമായ ക്രമീകരണങ്ങളാണ്‌ കാലടിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുവാന്‍ നാല്‌ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ്‌ സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. പൊതുജനങ്ങള്‍ക്ക്‌ അസൗകര്യമുണ്ടവാതിരിക്കാന്‍ പ്രകടനം ഒഴിവാക്കിയിട്ടുണ്ട്‌. കുടിവെള്ളത്തിനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്‌. നവോത്ഥാന നായകന്മാരുടെ സന്ദേശങ്ങള്‍, ദര്‍ശനങ്ങള്‍, കൃതികള്‍ എന്നിവയുടെ മാഹാത്മ്യം വിളിച്ചോതുന്ന ദൃശ്യാവിഷ്ക്കാരങ്ങളുടെ അവതരണവും നടക്കും. ഉപരോധ യജ്ഞത്തിന്റെ വിശദാംശങ്ങള്‍ പവര്‍പോയിന്റ്‌ പ്രസന്റേഷനിലൂടെ പൊതുജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും. നവോത്ഥാന നായകന്മാരെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ ചിത്രരചന, പ്രസംഗ മത്സര വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും. എസ്‌എന്‍ഡിപി യോഗം, കെപിഎംഎസ്‌, എന്‍എസ്‌എസ്‌, എസ്‌ആര്‍വിസിഎസ്‌, കെവിഎസ്‌, വിഎസ്‌എസ്‌, എകെവിഎംഎസ്‌, യോഗക്ഷേമസഭ, കേരള ബ്രാഹ്മണസഭ, മലയാള ബ്രാഹ്മണസമാജം, പിഷാരടി സമാജം, കെഎസ്‌എസ്‌, കെവിപിഎസ്‌എസ്‌, ഓള്‍ ഇന്ത്യ വീര ശൈവസഭ, കെകെപിഎസ്‌, കെഎംഎസ്‌എസ്‌, കെവിഎസ്‌എസ്‌, കേരള പണ്ഡിതര്‍ മഹാജനസഭ, ഭാരതീയ പട്ടികജനസമാജം, കേരള സാംബവര്‍ മഹാസഭ, ആഗമാനന്ദസ്വാമി സ്മാരകസമിതി, അംബേദ്കര്‍ സ്മാരക സൊസൈറ്റി, അമ്പലവാസി ഐക്യവേദി, കേരളാ സ്റ്റേറ്റ്‌ ഹരിജന്‍ സമാജം, കേരള ക്ഷേത്രസംരക്ഷണസമിതി, ശ്രീനാരായണ സുഹൃദ്‌ സമിതി, ആദിശങ്കര ജന്മദേശ വികസന സമിതി തുടങ്ങിയ സംഘടനകളുടെ കോണ്‍ഫെഡറേഷനായ സനാതന ധര്‍മ സുഹൃദ്‌ വേദിയാണ്‌ ഉപരോധയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്‌. സംസ്ഥാന, ജില്ലാ, താലൂക്ക്‌ തല നേതാക്കന്മാര്‍ ഉപരോധത്തിന്‌ നേതൃത്വം നല്‍കും. കഴിഞ്ഞ മൂന്ന്‌ മാസമായി നടത്തിയ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക്‌ ശേഷമാണ്‌ ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്‌. കുടുംബയോഗങ്ങള്‍, കുടുംബ-സ്ഥാപന-സമ്പര്‍ക്ക പരിപാടികള്‍, കണ്‍വെന്‍ഷനുകള്‍, കര്‍മ സമിതി രൂപീകരണ യോഗങ്ങള്‍ എന്നിവ തൃശൂര്‍, എറണാകുളം ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. വേദി ചെയര്‍മാന്‍ കെ.കെ.കര്‍ണന്‍, വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പ്രൊഫ. കെ.എസ്‌.ആര്‍.പണിക്കര്‍, ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ എ.ബി.ജയപ്രകാശ്‌, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. പി.വി.പീതാംബരന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ.സിബി, തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ്‌ ഉപരോധ യജ്ഞത്തിന്‌ നേതൃത്വം നല്‍കുന്നത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.