ആകാശം മുട്ടുന്ന ആരോഗ്യവിപത്ത്‌

Monday 26 September 2011 12:13 am IST

മനുഷ്യശരീരം നിരന്തരമായി സെല്‍ഫോണ്‍ ടവറുകളില്‍ നിന്നുള്ള ഇലക്ട്രോമാഗ്നറ്റിക്ക്‌ റേഡിയേഷന്‌ വിധേയമാകുന്നതിനു പുറമെ മൊബെയില്‍ ഫോണ്‍, കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, ടിവി, എഫ്‌എം റേഡിയോ സ്റ്റേഷന്‍ ടവറുകള്‍, ടിവി ടവറുകള്‍, മൈക്രോവെയ്‌വ്‌ ഓവന്‍ എന്നിവയില്‍നിന്നും കൂടി റേഡിയേഷനുകള്‍ക്ക്‌ വിധേയമാകുന്നുണ്ട്‌. ഈ റേഡിയേഷനുകള്‍ നിരന്തരമായി വളരെ കുറഞ്ഞ അളവില്‍ കൂടുതല്‍ കാലം ജീവികളില്‍ തട്ടുമ്പോള്‍ കാന്‍സറിനും, ജനിതക വൈകല്യങ്ങള്‍ക്കും മറ്റ്‌ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച്‌ മുംബൈ ഐഐടിയിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്‌ വിഭാഗം പ്രൊഫസര്‍ ഗിരീഷ്‌ കുമാര്‍ നടത്തിയ പഠനങ്ങളുടെ വിവരങ്ങള്‍ നമ്മെ ഞെട്ടിക്കുന്നവയാണ്‌. നമ്മുടെ ശരീരത്തിന്‌ സംഭവിക്കാവുന്ന റേഡിയേഷന്‌ പരിധിയുണ്ട്‌. അതില്‍ കൂടുതലായാല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നത്‌ തീര്‍ച്ചയാണ്‌. ഒരു പാത്രത്തില്‍ അതില്‍ ഉള്‍ക്കൊള്ളാവുന്ന വെള്ളംമാത്രമെ നിറയ്ക്കാനാകു അതില്‍ കൂടുതലായാല്‍ പാത്രം കവിഞ്ഞൊഴുകും. അതുകൊണ്ടുതന്നെ നിരന്തരമായി ഇലക്ട്രോമാഗ്നറ്റിക്ക്‌ റേഡിയേഷന്‌ വിധേയമാകുന്നവര്‍ മിക്കവാറും ഹൈപ്പര്‍ സെന്‍സേറ്റെവ്‌ ആയിമാറും. ഇവര്‍ ഇലക്ട്രോമാഗ്നറ്റിക്‌ ഫീല്‍ഡില്‍ രോഗലക്ഷണങ്ങള്‍ കാണിക്കും. ഇക്കാരണങ്ങളാല്‍ മൊബെയില്‍ ടവറിനടുത്ത്‌ ക്യാന്‍സര്‍ കേസുകള്‍ കൂടുതലായി കണ്ടുവരുന്നു. മൈക്രോവെയ്‌വ്‌ റേഡിയേഷനുകളില്‍ താപമുള്ളവയും താപമില്ലാത്തവയുമുണ്ട്‌. താപമില്ലാത്തവയാണ്‌ കൂടുതല്‍ അപകടകാരികള്‍. ഒരുലിറ്റര്‍ വെള്ളത്തിന്റെ താപം പത്ത്‌ ഡിഗ്രിസെല്‍ഷ്യസായി ഉയര്‍ത്തുവാന്‍ മൈക്രോ വെയ്‌വ്‌ ഉപകരണങ്ങള്‍ക്ക്‌ വെറും ഒരു സെക്കന്റ്‌ മതി. ഇന്ത്യയില്‍ 4.3 ലക്ഷം മൊബെയില്‍ ടവറുകളും, 1044 ടിവി ടവറുകളും, 503 എഫ്‌എം റേഡിയോ സ്റ്റേഷന്‍ ടവറുകളും ഉള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. നമ്മുടെ ശരീരം നിരന്തരമായി മൈക്രോ വെയ്‌വ്‌ റേഡിയേഷന്‌ വിധേയമാകുന്നുണ്ടെന്ന്‌ സാരം. മൊബെയില്‍ ടവറുകള്‍ക്ക്‌ 50 മീറ്ററിനും 300 മീറ്ററിനും ഇടയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും, മുന്നൂറ്‌ മീറ്ററിന്‌ പുറത്താണ്‌ അപകടകരം എന്ന്‌ വാദിക്കുന്നവരുമുണ്ട്‌. പ്രൊഫസര്‍ ഗിരീഷ്കുമാര്‍ മുംബൈയിലെ വര്‍ളിയില്‍ ഉഷാകിരണ്‍ ബില്‍ഡിംഗില്‍ നടത്തിയ പഠനത്തില്‍ ബില്‍ഡിംഗിന്റെ എതിര്‍വശത്ത്‌ സ്ഥാപിച്ചിട്ടുള്ള 4 മൊബെയില്‍ ടവറുകള്‍ക്ക്‌ അഭിമുഖമായി വരുന്ന 3 നിലകളിലായി (6,7,8 നിലകളില്‍) 4 കാന്‍സര്‍ രോഗികള്‍ ഉള്ളതായി കണ്ടെത്തി. ലോക ആരോഗ്യസംഘടനയുടെ ഇന്റര്‍ഫോണ്‍ പഠനത്തില്‍ (13 രാജ്യങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷമായി നടത്തിയത്‌.) 5117 ബ്രൈന്‍ ട്യുമറുകള്‍ റിപ്പോര്‍ട്ടു ചെയ്തു. സെല്‍ഫോണ്‍ ഉപയോഗിക്കുന്ന 20 വയസ്സില്‍ താഴെയുള്ളവരില്‍ രക്താര്‍ബുദം, സ്തനാര്‍ബുദം, തൊലി, തുപ്പല്‍ ഗ്രന്ഥി എന്നിവയില്‍ ട്യൂമറുകള്‍ എന്നിവയ്ക്ക്‌ അഞ്ചിരട്ടി ചാന്‍സ്‌ കൂടുതലുണ്ട്‌. ബ്രൈന്‍ കാന്‍സര്‍ മുഖത്തെ നാഡീവ്യവസ്ഥയില്‍ ട്യൂമര്‍ എന്നിവയും ഉണ്ടാകുന്നുണ്ട്‌. ഹൃദ്രോഗികളാകുന്നവരുടെ എണ്ണംപെരുകുന്നതിനും സെല്‍ഫോണ്‍ ഉപയോഗം കാണമാകുന്നുണ്ടെത്രെ. ഇതുമൂലം തളര്‍ച്ച, വിളര്‍ച്ച, ശ്വാസതടസ്സം തലച്ചോറിലെ രക്തധമിനികളുടെ പ്രവൃത്തനക്ഷമത കുറയല്‍ കൂടാതെ അള്‍ഷിമേഴ്സ്‌, പെര്‍ക്കിന്‍സണ്‍ എന്നീ രോഗങ്ങള്‍ വരുവാനുള്ള സാധ്യത 4 ഇരട്ടിയായി വര്‍ദ്ധിക്കുന്നു. കുട്ടികളില്‍ തലയോട്ടിയുടെ കനം കുറവും, മെയിലീന്‍ കവചം ശരിയായിവിക്സിക്കാത്തതും, റേഡിയേഷന്‍ കൂടുതല്‍ വലിച്ചെടുക്കുന്നതും മൊബെയില്‍ ഫോണ്‍ ഉപയോഗത്തിന്റെ പ്രശ്നങ്ങളുടെ തീവ്രത ഉയര്‍ത്തുന്ന കാരണങ്ങളാണ്‌. കണ്ണിന്റെ ലന്‍സിന്‌ മൈക്രോവെയ്‌വ്‌ കിരണങ്ങള്‍ മൂലം തകരാറും സംഭവിക്കുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്‌. 30 ശതമാനത്തോളം പുരുഷ ബീജം കുറയുക, ഞരമ്പുരോഗങ്ങള്‍, പ്രത്യുല്‍പാദന സംബന്ധമായ രോഗങ്ങള്‍, ഉറക്കമില്ലായ്മ എന്നിവയെല്ലാം മൊബെയില്‍ ഫോണും, മൊബെയില്‍ ടവറുകളും വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളാണെന്ന്‌ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഇലക്ട്രോമാഗ്നറ്റിക്ക്‌ റേഡിയേഷനുകള്‍ തേനീച്ചാ പ്രാവുകള്‍, അരയന്നങ്ങള്‍, സ്വാരോപക്ഷി, എന്നിവയുടെ എണ്ണത്തെ പ്രതികൂലമായി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. തേനീച്ചകള്‍ക്ക്‌ തേന്‍ശേഖരിച്ച്‌ തിരികെ വരുമ്പോള്‍ കൂട്ട്‌ തിരിച്ചറിയുവാനുള്ള ശേഷി അന്തരീക്ഷത്തിലെ ഇലക്ട്രോ മാഗ്നറ്റിക്‌ റേഡിയേഷന്റെ അളവ്‌ വര്‍ദ്ധിച്ചതുമൂലം നഷ്ടപ്പെടുന്നതായി അനുമാനിക്കുന്നു. പശുക്കളില്‍ പാല്‍ചുരത്തുന്നത്‌ കുറയുക, കൂടുതല്‍ ഗര്‍ഭം അലസുക, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ മൊബെയില്‍ ടവറുകള്‍ മൂലമുള്ള പ്രശ്നങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കൂടുതല്‍ പാട്ടത്തുകയും, വാടകയും ലഭിക്കുന്നതിനാലും സ്ഥല വില കൂടുതല്‍ ലഭിക്കുന്നതിനാലും പലരും മൊബെയില്‍ ടവറുകള്‍ സ്ഥാപിക്കുവാന്‍ സ്ഥലം നല്‍കുകയാണ്‌. അപകടത്തെ കുറിച്ച്‌ മനസ്സിലാക്കാത്തതുകൊണ്ടാണ്‌ ഇതിന്‌ തുനിയുന്നത്‌. ഇന്ത്യയില്‍ റേഡിയേഷന്‍ നിയമങ്ങള്‍ നിലവിലില്ലാത്തതിനാല്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കാം. വാഹനങ്ങള്‍ വായുമലിനീകരണം നടത്തുന്നുണ്ടെങ്കിലും അതിനെ പ്രതിരോധിക്കുവാന്‍ സിഎന്‍ജി, ലെഡില്ലാത്ത പെട്രോള്‍ തുടങ്ങിയ പ്രതിവിധികള്‍ നടപ്പാക്കിയതുപോലെ മൊബെയില്‍ ഫോണുകളുടെ കാര്യത്തിലും പുറത്തുവിടുന്ന മൈക്രോവെയ്‌വ്‌ റേഡിയോ വേയ്‌വിന്റെ കാര്യത്തിലും നിയന്ത്രണം കൂടിയേതീരു. 2ജി സ്പെക്ട്രം, 3 ജി സ്പെക്ട്രം എന്നിവവാങ്ങിയവര്‍ മൊബെയില്‍ ടവറുകള്‍ നിയന്ത്രിക്കാനുള്ള ഏതൊരുനീക്കത്തെയും എതിര്‍ക്കും. ഇല്ലാത്തനിയമം ഉണ്ടാക്കുവാനുള്ള നീക്കത്തോടും പലരും, ശക്തമായി പ്രതികരിക്കുമെന്നു തീര്‍ച്ച. എന്നാല്‍ ആരോഗ്യമില്ലാത്ത ജനങ്ങളെ സൃഷ്ടിക്കുന്നത്‌ തടയുകയെന്നത്‌ ജനാധിപത്യ സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്‌ അല്ലെങ്കില്‍ റേഡിയേഷന്‍ ഷീല്‍ഡ്‌ ഉപയോഗിച്ച്‌ ഇലക്ട്രോ മാഗ്നറ്റിക്ക്‌ റേഡിയേഷനുകളെ പ്രതിരോധിക്കുവാനുള്ള സംവിധാനങ്ങള്‍ മൊബെയില്‍ കമ്പനികള്‍ തന്നെ മുന്‍കയ്യെടുത്ത്‌ നടപ്പാക്കണം. സ്വീഡനില്‍ മൊബെയില്‍ ഫോണുകളെ കൊണ്ടും, ടവറുകളെ കൊണ്ടും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുവാന്‍ റേഡിയേഷനുകള്‍ അകത്തുകയറാത്ത ലോഹനിര്‍മിത കവചങ്ങള്‍ ഉപയോഗിക്കുവാന്‍ സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യുന്നുണ്ട്‌. ജനനിബിഡമായ സ്ഥലങ്ങളില്‍ ടവറുകള്‍ സ്ഥാപിക്കുന്നത്‌ നിയമം മൂലം നിരോധിക്കണം. ടവറില്‍നിന്നും 300 മീറ്റര്‍ അകലെ മാത്രമെ ആള്‍താമസം പാടുള്ളൂ. നഗരങ്ങളില്‍നിന്നും ആള്‍താമസസ്ഥലങ്ങളില്‍ നിന്നും 800 മീറ്ററിന്‌ അകലെ മാത്രമെ ടിവി ടവറുകള്‍ സ്ഥാപിക്കുവാന്‍ അനുവാദം നല്‍കാവൂ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുവാന്‍ കെല്‍പ്പുള്ള മൊബെയില്‍ കമ്പനികള്‍ പാര്‍ലമെന്റിലെ നിയമനിര്‍മാണത്തെ എതിര്‍ക്കുമെന്നുകരുതി മൈക്രോവെയ്‌വ്‌ നിയന്ത്രണനിയമം കൊണ്ടുവരാതിരിക്കാന്‍ സാധ്യമല്ല. ഇത്‌ ജീവജാലങ്ങളുടെ മൊത്തം നിലനില്‍പിന്റെയും ആരോഗ്യത്തിന്റെയും പ്രശ്നമാണ്‌. ചൂടുപോലെയോ, വൈദ്യുതിപോലെയോ, തണുപ്പുപോലെയോ ശരീരം തിരിച്ചറിയാത്ത ഇലക്ട്രോമാഗ്നറ്റിക്‌ റേഡിയേഷനുകള്‍വരുംതലമുറയ്ക്കാണ്‌ കൂടുതല്‍ നാശം വിതയ്ക്കുന്നത്‌ എന്ന തിരിച്ചറിവ്‌ കേന്ദ്ര സര്‍ക്കാരിനുണ്ടാകണം. ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞരെല്ലാം ഈ വിപത്തിനെതിരെ ജഗരുഗരായിരിക്കുവാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌. മിക്കവാറും വികസിതരാജ്യങ്ങളില്‍ മൊബെയില്‍ ടവറുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു. 2 ജി സ്പെക്ട്രം ഇടപാടില്‍ കലങ്ങിമറിയുന്ന ഭാരത സര്‍ക്കാര്‍ മൊബെയില്‍ ടവര്‍ മുഖേനേയുള്ള ദുരന്തകഥകള്‍ അറിഞ്ഞഭാവം നടക്കുന്നില്ല. എ.സി.കാറിലും, കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളിലും താമസിക്കുന്ന സമ്പന്നര്‍ക്കും ചെറ്റകുടിലുകളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്കും ഇലക്ട്രോമാഗ്നറ്റിക്‌ റേഡിയേഷന്റെ പ്രശ്നങ്ങള്‍ ഒരുപോലെ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന തിരിച്ചറിവ്‌ ഭരണകര്‍ത്താക്കള്‍ക്കുണ്ടാകണം. തങ്ങളുടെ ലാഭം കൊയ്യാനുള്ള നെട്ടോട്ടത്തില്‍ മൊബെയില്‍ ടവറുകളില്‍ നിന്നും വൈഫൈടവറുകളില്‍നിന്നും മാനവരാശിയെ മുഴുവന്‍ ദുരന്തത്തിലാഴ്ത്താവുന്ന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന്‌ കമ്പനികളും തിരിച്ചറിയണം. ദുരന്തം കുറയ്ക്കുവാനുള്ള ഉത്തരവാദിത്വം കമ്പനികളും ഏറ്റെടുക്കണം. നിയമനിര്‍മാണത്തിന്‌ ജനപ്രതിനിധികളോടൊത്ത്‌ മൊബെയില്‍ കമ്പനികളും, എഫ്‌എം സ്റ്റേഷന്‍ ഉടമസ്ഥരും, വൈഫൈവിതരണക്കാരും സഹകരിക്കണം. പുതിയ പഠനങ്ങളുടെ വെളിച്ചത്തില്‍ ഇലക്ട്രോമാഗ്നറ്റിക്‌ റേഡിയേഷനുകളില്‍നിന്നുള്ള ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും പൊതുസമൂഹത്തിന്‌ എങ്ങനെ മറികടക്കാനാകും എന്ന വിശദമായ മാര്‍ഗരേഖ ഈ പ്രശ്നത്തിന്‌ ഉത്തരവാദികളായ കമ്പനികള്‍തയ്യാറാക്കണം. ഇതോടൊപ്പംതന്നെ ഭാരത സര്‍ക്കാര്‍ മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും ശക്തമായ നിയമം ഇലക്ട്രോ മാഗ്നറ്റിക്ക്‌ റേഡിയേഷന്റെ പ്രഹരശേഷി കുറയ്ക്കുവാനായി കൊണ്ടുവരേണ്ടതായിട്ടുണ്ട്‌. അല്ലെങ്കില്‍ ഏറിവരുന്ന മൊബെയില്‍ ഫോണ്‍ ഉപയോഗം പ്രശ്നത്തിന്റെ ആക്കം കൂട്ടുമെന്ന തിരിച്ചറിവ്‌ ഭരണകര്‍ത്താക്കള്‍ക്കുണ്ടാകണം. യുവതലമുറയുടെ ഭാവി സംരക്ഷിക്കപ്പെടണമെങ്കില്‍ ശക്തമായ നിയമനിര്‍മാണം നടക്കണം. ആഗോള താപനവും, കാലാവസ്ഥാവ്യതിയാനവും നേരിടുന്ന ഈകാലഘട്ടത്തില്‍ മൊബെയില്‍ ടവറുകളും, മൊബെയില്‍ ഫോണുകളും ഇന്റര്‍നെറ്റും, ടിവികളും മറ്റുമായി വേറെയൊരു പ്രതിസന്ധികൂടി മറികടക്കേണ്ട അവസ്ഥമാനവരാശിക്ക്‌ ഉണ്ടാകുന്നത്‌ ഒട്ടും ആശാസ്യമല്ല.