മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Tuesday 24 June 2014 3:20 pm IST

തിരുവനന്തപുരം: ട്രോളിംഗ് നിരോധനവും മത്സ്യതൊഴിലാളി മേഖലയിലെ പ്രതിസന്ധിയും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ഇതേതുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്നും പി.കെ.ഗുരുദാസനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. മത്സ്യഫെഡിന്റെയും ക്ഷേമനിധിയുടെ പ്രവര്‍ത്തനം സ്തംഭിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. 178 കോടിയുടെ കുടിശ്ശികയുണ്ടെന്നും പി.കെ ഗുരുദാസന്‍ പറഞ്ഞു. മത്സ്യതൊഴിലാളികള്‍ക്കുള്ള എല്ലാ പദ്ധതികളും നിലച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്രോളിംഗ് നിരോധനം കൂടി എത്തിയതോടെ വലിയ പ്രതിസന്ധിയാണ് മത്സ്യതൊഴിലാളികള്‍ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി പെന്‍ഷനിലെ മൂന്ന് മാസത്തെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ. ബാബു മറുപടി നല്‍കി. മൂന്നുമാസത്തെ കുടശിക അടിയന്തരമായി നല്‍കാമെന്നും മണ്ണെണ്ണ പ്ലാന്റ് തുടങ്ങുമെന്നും കൂടാതെ സൗജന്യ റേഷന്‍ നല്‍കുന്നതിനായി 20 ലക്ഷം രൂപ അനുവദിക്കുമെന്നും കെ.ബാബു പറഞ്ഞു. മത്സ്യതൊഴിലാളികള്‍ക്ക് മധുരം പുരട്ടിയ വാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നല്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.