സലിംരാജ് ഭൂമിതട്ടിപ്പ്: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Thursday 26 June 2014 5:11 pm IST

തിരുവനന്തപുരം: സലീംരാജ് ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. വി. ശിവന്‍കുട്ടി എംഎല്‍എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ഭൂമിതട്ടിപ്പില്‍ സിബിഐ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ചായിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്ന് ശിവന്‍കുട്ടി ചോദിച്ചു. കേസില്‍ സി.ബി.ഐ ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും നല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ അറിയിച്ചു. കോടതിയില്‍ ഉന്നയിക്കാത്ത പരാതിയാണ് പ്രതിപക്ഷം ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ശിവന്‍കുട്ടി ആരോപിച്ചു. എ.ജിയുടെ ഓഫീസ് മുഖ്യമന്ത്രി ദുരുപയോഗം ചെയ്തതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പറഞ്ഞു. ഡപ്യൂട്ടി കലക്ടര്‍ പ്രസന്ന കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു. അതെസമയം അധ്യാപികയുടെ സ്ഥലം മാറ്റം വീണ്ടും സഭയെ പ്രക്ഷുപ്തമാക്കി. തെറ്റ് ചെയ്യാത്ത ഉദ്യോഗസ്ഥയെ മുഖ്യമന്ത്രി സംരക്ഷിക്കാത്തതെന്തെന്നും വിഎസ് ചോദിച്ചു. ഇതിനിടെ സഭനടക്കുമ്പോള്‍ പൊതുപരിപാടില്‍ പങ്കെടുത്തതിന് മന്ത്രിക്ക് സ്പീക്കറുടെ റൂളിംഗ്. സഭ നടക്കുമ്പോള്‍ അംഗങ്ങള്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സഭനടക്കുമ്പോള്‍ അംഗങ്ങള്‍ക്ക് പൊതുപരിപാടിയില്‍ പങ്കെടുക്കേണ്ടിവരുമെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം വീണ്ടും സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.