ബോക്സോഫീസില്‍ കുട്ടിച്ചാത്തന്‍ തരംഗം

Friday 12 May 2017 12:35 pm IST

പഴകും തോറും വീര്യമേറുന്ന വീഞ്ഞെന്ന്‌ വേണമെങ്കില്‍ നമ്മുടെ ത്രീഡി ക്ലാസിക്‌ സിനിമ കുട്ടിച്ചാത്തനെ വിശേഷിപ്പിക്കാം. നവോദയയുടെ ഓള്‍ ടൈം ഹിറ്റ്‌ ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ മൂന്നാം വരവിലും പണം വാരുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. 1984 ല്‍ റിലീസ്‌ ചെയ്ത ഇന്ത്യയിലെ പ്രഥമ ത്രിമാന ചിത്രമായ കുട്ടിച്ചാത്തന്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രങ്ങളിലൊന്നാണ്‌. 1997ല്‍ ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകളോടെ 'ചോട്ടാ ചേത്തന്‍' എന്ന പേരില്‍ ഇറക്കിയപ്പോഴും സംഭവം ഹിറ്റ്‌. തമിഴില്‍ 'ചുട്ടി ചാത്തന്‍' എന്ന പേരില്‍ 2010 ല്‍ റിലീസ്ചെയ്ത ഡിജിറ്റല്‍ വേര്‍ഷനാണ്‌ ഇപ്പോള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്‌. പ്രകാശ്‌ രാജ്‌, സന്താനം എന്നിവരഭിനയിച്ച രംഗങ്ങളാണ്‌ ഇതില്‍ കൂട്ടിയിണക്കിയിരിക്കുന്നത്‌. ത്രീഡി ഡിജിറ്റല്‍ പ്രൊജക്ഷന്‍ സൗകര്യമുള്ള തീയേറ്ററുകള്‍ വിരളമായതിനാല്‍ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊച്ചി, കണ്ണൂര്‍, കോഴിക്കോട്‌ എന്നിങ്ങനെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രമാണ്‌ പുതിയപതിപ്പ്‌ പ്രദര്‍ശിപ്പിക്കപ്പെടുന്നത്‌. വെറും 15 കേന്ദ്രങ്ങളില്‍ നിന്നും രണ്ടാഴ്ചകൊണ്ട്‌ രണ്ട്‌ കോടി രൂപയോളം ചിത്രം സമാഹരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റ്‌ കേന്ദ്രങ്ങളിലെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ കളക്ഷന്‍ മൂന്നു കോടി കവിയുമത്രെ. പുതിയ ഒരു ചിത്രത്തിനല്ല മറിച്ച്‌ പഴയ ഒരു ചിത്രത്തിന്റെ മൂന്നാം പതിപ്പിനാണ്‌ ഈ നേട്ടമെന്നതാണ്‌ ശ്രദ്ധേയം. ജിജോ സംവിധാനം ചെയ്ത കുട്ടിച്ചാത്തനില്‍ മാസ്റ്റര്‍ അരവിന്ദ്‌ (അഡ്വ ശ്രീരാം), കൊട്ടാരക്കര ശ്രീധരന്‍ നായര്‍ , ദലീപ്‌ താഹില്‍, ബേബി സോണിയ, മാസ്റ്റര്‍ സുരേഷ്‌, മാസ്റ്റര്‍ മുകേഷ്‌ എന്നിവരാണ്‌ താരങ്ങള്‍.