ശ്രീജ പാടുകയാണ്...

Friday 27 June 2014 8:17 pm IST

ആലുവ ശിവക്ഷേത്രത്തിനു സമീപം 'നന്ദന' ത്തില്‍ ശ്രീജാ മേനോന് സംഗീതം ജീവവായുവാണ്. മൂന്നാം ക്ലാസ്സില്‍ തുടങ്ങിയതാണ് സംഗീതാഭിരുചി. ഇന്ന് ആയിരത്തഞ്ഞൂറിലേറെ വേദികളില്‍ സംഗീതാവിഷ്‌കാരം നടത്തിയിരിക്കുന്നു അവര്‍. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയത് ഉദ്യോഗമണ്ഡല്‍ വിജയകുമാറാണ്. തുടര്‍ന്ന് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, പെരുമ്പാവൂര്‍ രാജലക്ഷ്മി, ചന്ദ്രമന നാരായണന്‍ നമ്പൂതിരി തുടങ്ങിയ പ്രഗത്ഭരില്‍ നിന്ന് സംഗീതം അഭ്യസിച്ചു.  കുറച്ചു വര്‍ഷമായി ഹൈദരാബാദ് സ്വദേശി ദേവദാസില്‍ നിന്ന് ഹിന്ദുസ്ഥാനി അഭ്യസിക്കുയാണ് ശ്രീജ. ആലുവ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ നേടിയെടുത്ത കലാതിലകപ്പട്ടം മുതല്‍ നിരവധി അംഗീകാരങ്ങള്‍ ഈ ഗായികയെ തേടിയെത്തിയിട്ടുണ്ട്. നടി സുകുമാരിയുടെ മരണശേഷം ഏര്‍പ്പെടുത്തിയ സുകുമാരി മെമ്മോറിയല്‍ പുരസ്‌കാരം ആദ്യം ഏറ്റുവാങ്ങാനുള്ള ഭാഗ്യം ശ്രീജക്കാണ് ലഭിച്ചത്. 2010-ല്‍ ഹൈദരാബാദ് മൈത്രി ഫൗണ്ടേഷന്‍ നല്‍കിയ മികച്ച ഗായികക്കുള്ള അവാര്‍ഡ്, 2012-ലെ മികച്ച ആല്‍ബം സിംഗറിനുള്ള ജനശ്രീ പുരസ്‌ക്കാരം തുടങ്ങി ചെറുതും വലുതുമായ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക പ്രഗ്തഭര്‍ക്കൊപ്പം വേദി പങ്കിടുവാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ് ശ്രീജ. യേശുദാസ്, ജയചന്ദ്രന്‍, ഉണ്ണിമേനോന്‍, ജി.വേണുഗോപാല്‍, മാര്‍ക്കോസ്, മധുബാലകൃഷ്ണന്‍, ബിജു നാരായണന്‍, സുധീപ് കുമാര്‍, കെ.എസ്.ചിത്ര,ഡോ.അരുന്ധതി, മിന്‍മിനി അങ്ങനെ നീളുന്ന ആ നിര. ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കര്‍ക്കൊപ്പം വേദി പങ്കിടാനായത് മറക്കാനാവാത്ത അനുഭവമായി ശ്രീജ പറയുന്നു. ഒരു വേദിയില്‍ ഒരുമിച്ച് പാടിയ ശേഷം ലതാമങ്കേഷ്‌കറില്‍ നിന്നും ലഭിച്ച അഭിനന്ദനം ജീവത്തില്‍ ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി കൊണ്ടുനടക്കുകയാണ് ഈ ഗായിക. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കലാഭവന്‍ മണി, സിദ്ദിഖ്, ശോഭന, ശാരദ, സീമ, ജയഭാരതി തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും, സിദ്ദിഖ്‌ലാല്‍, ജോഷി, ലോഹിതദാസ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും നിരവധി വിദേശപരിപാടികളില്‍ ശ്രീജ പാടിയിട്ടുണ്ട്. ചലച്ചിത്ര പിന്നണി മേഖലയിലും ശ്രീജ സ്വന്തം പ്രതിഭ തെളിയിച്ചുകഴിഞ്ഞു. 'കളിവാക്ക്' ആയിരുന്നു ആദ്യ ചിത്രം. കെ.ജയകുമാറിന്റെ വരികള്‍ക്ക് ബോംബെ രവി ഈണം നല്‍കിയ 'ഗഗനനീലിമ' എന്ന ആദ്യ ഗാനം ഇപ്പോഴും ഹിറ്റാണ്. മോഹന്‍സിത്താരയുടെ ഈണത്തില്‍ റേഡിയോ എന്ന ചിത്രത്തിലാണ് അവസാനമായി പാടിയത്. സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാഷിന്റെ ഈണത്തില്‍ കെ. എസ്. ചിത്രക്കൊപ്പം ഓണപ്പൂത്താലം എന്ന സംഗീത ആല്‍ബത്തിലും ശ്രീജ പാടിയിട്ടുണ്ട്. ദൂരദര്‍ശനിലെ ഹംസധ്വനി എന്ന സംഗീത മത്സര പരിപാടിയിലെ ആദ്യത്തെ വിജയി ശ്രീജയായിരുന്നു. തൃശൂര്‍ ആകാശവാണിയിലെ ബി.ഗ്രേഡ് ആര്‍ട്ടിസ്റ്റായും അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1500 ഓളം വേദികള്‍ ഇതിനോടകം പിന്നിട്ടുകഴിഞ്ഞ ശ്രീജക്ക് സംഗീതത്തില്‍ മുന്നേറാന്‍ കഴിയുന്നത് കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്. ഭര്‍ത്താവ് ദിനേശ് മേനോന്‍ ഗാര്‍മെന്റ്‌സ് എക്‌സ്‌പോര്‍ട്ടിംഗ് ബിസിനസ് നടത്തുന്നു. ഏക മകള്‍ ഐശ്വര്യ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.