അമര്‍നാഥ് യാത്ര തുടങ്ങി

Friday 27 June 2014 9:10 pm IST

ജമ്മു: അമര്‍നാഥ് തീര്‍ഥാടകരുടെ ആദ്യ സംഘം യാത്ര തിരിച്ചു. ജമ്മുകാശ്മീര്‍ ടൂറിസം മന്ത്രി ഗുലാം അഹമ്മദ് മീര്‍ യാത്ര ഫഌഗ് ഓഫ് ചെയ്തു.സംഘം ഇന്ന് യാത്ര തിരിക്കും. പഹല്‍ഗാം ചന്ദന്‍വാരി പാതയില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ആദ്യ സംഘം ഇന്ന് ബല്‍ത്താള്‍ റൂട്ടിലാകും പോകുക. ജൂണ്‍ മുപ്പതു മുതല്‍ക്കേ പരമ്പരാഗത പാതയില്‍ യാത്ര തുടങ്ങൂ. മന്ത്രി പറഞ്ഞു. ആദ്യ സംഘത്തില്‍ 900 തീര്‍ഥാടകരാണ് ഉള്ളത്. പ്രതിവര്‍ഷം ആറു ലക്ഷത്തിലേറെ തീര്‍ഥാടകരാണ് കഠിനപാതകള്‍ താണ്ടി അമര്‍നാഥിലെ മഞ്ഞില്‍ രൂപം കൊണ്ട ശിവലിംഗം തൊഴുത് സായൂജ്യമടയാന്‍ എത്തുന്നത്. ഹിമാലയത്തില്‍ 12,756 അടി ഉയരത്തിലാണ് അമര്‍നാഥ് ഗുഹാ ക്ഷേത്രം. ശ്രീനഗറില്‍ നിന്ന് 144 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. 40 മീറ്റര്‍ ഉയരമുള്ളതാണ് ഗുഹ. മുകളില്‍ നിന്ന് വീഴുന്ന വെളളത്തുള്ളികള്‍ മഞ്ഞായി ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുന്നതാണിവിടുത്തെ പ്രത്യേകത. അനാദികാലം മുതല്‍ക്കെ അമര്‍നാഥ് ക്ഷേത്രം ഹിന്ദുക്കളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ ചെക്‌പോസ്റ്റുകളിലും ക്വിക് റിയാക്ഷന്‍ സമിതിയെ ഇതിനോടകം തന്നെ നിയോഗിച്ചു. കൂടാതെ അതിര്‍ത്തികളില്‍ അധിക പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പാതയില്‍ ചില സ്ഥലങ്ങളില്‍ അഞ്ചു മുതല്‍ ആറടി ഉയരത്തില്‍ വരെ മഞ്ഞുമൂടിക്കിടക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.