സഭാ സമ്മേളനത്തിന് ബഹളത്തോടെ തുടക്കം

Monday 26 September 2011 11:13 am IST

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട്‌ വി.ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ നക്ഷത്രഹിഹ്നമിട്ട ചോദ്യം ഒഴിവാക്കിയെന്ന്‌ ആരോപിച്ചാണ് പ്രതിപക്ഷം ബഹളം വച്ചത്. ചോദ്യോത്തരവേള ആരംഭിക്കുന്നതിനിടെയായിരുന്ന സംഭവങ്ങളുടെ തുടക്കം. സഭയില്‍ ലിസ്റ്റ്‌ ചെയ്‌ത ചോദ്യത്തില്‍ ശിവന്‍കുട്ടിയുടെ ചോദ്യം ഒഴിവാക്കിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ സഭയില്‍ ചോദ്യം അടിച്ച്‌ വന്നിട്ടില്ലെന്ന്‌ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ വ്യക്തമാക്കി. റൗഫിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നടക്കാവ് പോലീസ് സ്റ്റേഷനില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും എന്തു നടപടി സ്വീകരിച്ചെന്നുമായിരുന്നു ചോദ്യം. ചോദ്യോത്തരവേള പ്ലക്കാര്‍ഡ് ഉയര്‍ത്തിയും ബഹളംവച്ചും തടസപ്പെടുത്താന്‍ പ്രതിപക്ഷാംഗങ്ങള്‍ ശ്രമം നടത്തി. എന്നാല്‍ മന്ത്രിയും സ്‌പീക്കറും ചേര്‍ന്ന്‌ ചട്ടലംഘനം നടത്തുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആരോപിച്ചു. സ്പീക്കറുടെ ഓഫിസിലെ ജീവനക്കാരാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ഓഫിസില്‍ രാജാവിനെക്കാള്‍ രാജഭക്തിയുള്ളവരുണ്ടെന്നും ഓഫിസ് കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം ബഹളം തുടരുന്നതിനിടെ, ചോദ്യം അനുവദിക്കാനുള്ള സ്‌പീക്കറുടെ അവകാശത്തെ അംഗങ്ങള്‍ ചോദ്യം ചെയ്യുന്നത്‌ ശരിയല്ലെന്ന്‌ ജി.കാര്‍ത്തികേയന്‍ റൂളിങ് നല്‍കി. സ്പീക്കറെക്കുറിച്ചും ഓഫിസിനെക്കുറിച്ചും പ്രതിപക്ഷം തെറ്റായ ധാരണ പരത്താന്‍ ശ്രമിക്കുകയാണ്. സഭയുടെ സുഗമമായ നടത്തിപ്പിന് ആശാസ്യമല്ലിത്. സഭയില്‍ ചോദ്യം അനുവദിക്കുന്നതിനും അനുവദിക്കാതിരിക്കുന്നതിനുമുള്ള സ്പീക്കറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതു നിര്‍ഭാഗ്യകരമാണ്. ചട്ടം ലംഘിച്ചു സംസാരിക്കാന്‍ അനുവദിക്കില്ലെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു. പന്ത്രണ്ടാം നിയമസഭയിലെ 16,17 സമ്മേളനങ്ങളിലുണ്ടായിരുന്ന കീഴ്‌വഴക്കങ്ങള്‍ സ്പീക്കര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.