വടക്കന്‍ ദല്‍ഹിയില്‍ നാലുനിലക്കെട്ടിടം തകര്‍ന്ന് പത്ത് മരണം

Saturday 28 June 2014 10:15 pm IST

ന്യൂദല്‍ഹി: അരനൂറ്റാണ്ട് പഴക്കമുള്ള നാലുനില കെട്ടിടം തകര്‍ന്നുവീണ് വടക്കന്‍ ദല്‍ഹിയില്‍ 10 പേര്‍ മരിച്ചു. ഇന്ദര്‍ലോക് തുളസീ നഗറില്‍ ഇന്നലെ രാവിലെ 8.55നാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അഞ്ചു കുട്ടികളും മൂന്നു സ്ത്രീകളും രണ്ടു പുരുഷന്‍മാരും ഉള്‍പ്പെടുന്നു. അപകടത്തില്‍ നിരവധി പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ബാര ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ച പുരുഷന്‍മാര്‍ ബീഹാറില്‍ നിന്നു ദല്‍ഹിയില്‍ ജോലിക്കെത്തിയവരാണ്. ഇതേ കെട്ടിടത്തില്‍ തന്നെ താമസിച്ചിരുന്ന മുഹമ്മദ് രാജ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നാലു നിലകളിലായുള്ള കെട്ടിടത്തിന്റെ ഓരോ നിലയിലും ഓരോ കുടുംബങ്ങളാണു താമസിച്ചു വന്നിരുന്നത്. ഇടുങ്ങിയ തെരുവിനുള്ളിലെ കെട്ടിടത്തിന്റെ തകര്‍ച്ച രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കി. നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടം ദുര്‍ബലാവസ്ഥയിലായിരുന്നു. ഇതിനോടു ചേര്‍ന്നു നടത്തി വന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അപകടത്തിനു കാരണമായെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മധുര്‍ വര്‍മ്മ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.