37 ശ്രീലങ്കക്കാര്‍ കൊച്ചിയില്‍ പിടിയില്‍

Monday 26 September 2011 11:52 am IST

കൊച്ചി : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാതൊരു യാത്രാരേഖകളുമില്ലാതെ താമസിച്ചിരുന്ന 37 ശ്രീലങ്കന്‍ വംശജരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം റൂറല്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പിടിയിലായവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. കോതമംഗലത്ത് നിന്ന്‌ 28 പേരെയും കുന്നത്തുനാട്‌ നിന്ന്‌ ഒമ്പത് പേരെയുമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പിണ്ടിമന ഐരൂര്‍പാടത്ത്‌ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വാടകയ്ക്ക്‌ താമസിച്ചിരുന്ന 28 പേരാണ്‌ കോതമംഗലത്ത്‌ അറസ്റ്റിലായത്‌. സംഘത്തില്‍ 20 പുരുഷന്മാരും നാല് സ്‌ത്രീകളും നാല് കുട്ടികളുമാണ്‌ ഉള്ളത്‌. രാത്രി 12 മണിയോടെ വന്‍ പൊലീസ്‌ സംഘം വീട്‌ വളഞ്ഞാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌. പൂക്കാട്ടുപടിയില്‍ വാടകയ്ക്ക്‌ താമസിക്കുന്ന കോതമംഗലം സ്വദേശി വാനയില്‍ മാത്യു (48) വിന്റെ നേതൃത്വത്തിലാണ്‌ ശ്രീലങ്കന്‍ സംഘം കോതമംഗലത്തേക്ക്‌ എത്തിയതെന്നാണ്‌ വിവരം. ഓസ്ട്രേലിയയിലേക്കോ കാനഡയിലേക്കോ കയറ്റി അയക്കാമെന്ന്‌ ഉറപ്പു നല്‍കിയാണ്‌ തങ്ങളെ ഇവിടെ എത്തിച്ചതെന്നാണ്‌ പിടിയിലായവര്‍ പറഞ്ഞത്‌. പൂക്കാട്ടുപടിക്ക്‌ സമീപം ഷാപ്പുംപടിയില്‍ വാടകയ്ക്ക്‌ താമസിച്ചിരുന്നവരാണ്‌ കുന്നത്തുനാട്ടില്‍ അറസ്റ്റിലായത്‌. ഇവരില്‍ 6 പുരുഷന്മാരും മൂന്ന് സ്‌ത്രീകളുമാണുള്ളത്‌. ചെന്നൈയില്‍ വച്ച്‌ പരിചയപ്പെട്ട സിനിമാ ബന്‌ധമുള്ള മലയാളി യുവാവാണ്‌ ഇവരെ വിദേശത്തേക്ക്‌ കടത്താമെന്ന്‌ ഉറപ്പ്‌ നല്‍കി കേരളത്തിലേക്ക്‌ അയച്ചത്‌ എന്നാണ്‌ വിവരം. കോതമംഗലം സി.ഐ പി. കെ. ജോസിന്റെയും കുന്നത്തുനാട്‌ സി.ഐ സി.കെ. ബാബുവിന്റെയും നേതൃത്വത്തിലായിരുന്നു റെയ്‌ഡും അറസ്റ്റും. ശ്രീലങ്കയില്‍ നിന്നും ചെന്നൈവഴി കേരളത്തില്‍ എത്തിയവരാണ്‌ അറസ്റ്റിലായത്‌. ഇവര്‍ക്ക്‌ തീവ്രവാദി ബന്‌ധങ്ങളുണ്ടോയെന്ന്‌ പോലീസ്‌ പരിശോധിച്ചു വരുന്നു. അറസ്റ്റിലായവരെ കളമശേരി എ.ആര്‍ ക്യാമ്പില്‍ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.