ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 233

Saturday 28 June 2014 7:06 pm IST

467. പരമാനന്ദദായകഃ - ആ ആനന്ദപ്രതീതി അല്പസമയംകൊണ്ട് ഇല്ലാതാകും. സര്‍വാധാരമായ ഭഗവചൈതന്യത്തില്‍ നമ്മുടെ ചേതന ചെന്നെത്തി അതിനോട് ഐക്യം പ്രാപിക്കുന്ന അവസ്ഥയില്‍ ദുഃഖസ്പര്‍ശമില്ലാത്ത ആനന്ദം അനുഭവപ്പെടും. ആ ശാശ്വതമായ ആനന്ദമാണ് പരമാനന്ദം. ആ ആനന്ദം തന്നെയാണ് മുക്തി. ശരീരത്തില്‍ തുടരവേ ആ ആനന്ദം അനുഭവിക്കാന്‍ ഭാഗ്യമുള്ളവരെ ജീവന്‍മുക്തരെന്നു പറയാം. ജീവന്മുക്തി ആയാലും ശരീരബന്ധമില്ലാത്ത സായൂജ്യമുക്തിയായാലും അതുതന്നനുഗ്രഹിക്കാന്‍ ഗുരുവായൂരപ്പനു കഴിയുമെന്ന് ഈ നാമം പ്രഖ്യാപിക്കുന്നു. 468. ഫണിശായീഃ - ഫണിയാകുന്ന തല്പത്തില്‍ ശയിക്കുന്നവന്‍. ഫണമുള്ളത് ഫണി, സര്‍പ്പം. ഇവിടെ അനന്തന്‍ എന്ന സര്‍പ്പരാജനെ കുറിക്കുന്ന അനന്തനാകുന്ന കിടക്കയില്‍ യോഗനിദ്രയില്‍ മുഴുകുന്ന ലോകനാഥനായ മഹാവിഷ്ണുവിന്റെ അനന്തമാഹാത്മ്യത്തെ ഈ നാമം കുറിക്കുന്നു. 469. ഫാലനേത്രഃ - നെറ്റിയില്‍ കണ്ണുള്ളവന്‍, മൂക്കണ്ണനായ ശിവന്‍ ഗുരുവായൂരപ്പനായ മഹാവിഷ്ണുവും കൈലാസനാഥനായ ശ്രീപരമേശ്വരനും ഒരേ ചൈതന്യത്തിന്റെ രൂപങ്ങള്‍ തന്നെയാകയാല്‍ ഗുരുവായൂരപ്പനെ ശിവന്റെ രൂപത്തില്‍ സ്തുതിക്കുന്നു. 470. പുണ്യാപുണ്യഫലപ്രദഃ - പുണ്യത്തിനും പാപത്തിനും യുക്തമായ ഫലം കൊടുക്കുന്നവന്‍.''സത്കര്‍മങ്ങളുടെ ഫലമായുണ്ടാകുന്ന അകളങ്കിതമായ ഐശ്വര്യം'' എന്നു പുണ്യത്തെ നിര്‍വചിക്കാം. ''മൗഢ്യത്തിനും ഗ്ലാനിക്കും ദുരിതത്തിനും കാരണമായ ദുഷ്‌കര്‍മ്മം''എന്നു പാപത്തിനു നിര്‍വചനം. ഇതു രണ്ടും കര്‍മ്മത്തിനു പ്രതിഫലമായി ഭഗവാന്‍ കൊടുക്കുന്ന അനുഗ്രഹമാണ്. ഇന്ദ്രിയചോദനകളും മൂലം പാപം ചെയ്തുപോകുകയാണ്. പാപം ചെയ്തുപോകുന്നവര്‍ക്ക് പാപഫലമായ ദുരിതം അനുഭവിക്കേണ്ടിവരും. അനുഭവിച്ചുകഴിയുമ്പോള്‍ ഭഗവാന്‍ തന്നെ അവരെ പുണ്യകര്‍മ്മങ്ങളിലേക്കു നയിക്കും. എല്ലാ കര്‍മ്മങ്ങള്‍ക്കും ഫലമുണ്ടെന്നത് സനാതനനിയമമാണ്. പുണ്യത്തിനു ഭാഗ്യാനുഭവവും പാപത്തിനു ദുരിതവും സ്വാഭാവികഫലങ്ങളാണ്. പാപങ്ങളെ ഉന്മൂലനം ചെയ്ത് ദുരിതങ്ങളില്‍നിന്നു മോപിപ്പിക്കാന്‍ ഭഗവാന്റെ കാരുണ്യത്തിനു കഴിയും. ഡോ. ബി.സി.ബാലകൃഷ്ണന്‍ (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.