ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ആഗസ്റ്റില്‍ തറക്കല്ലിടും

Saturday 28 June 2014 10:23 pm IST

കൊച്ചി: എറണാകുളത്തെ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് ആഗസ്റ്റ് മാസത്തില്‍ തറക്കല്ലിടുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ കൊച്ചിയില്‍ അറിയിച്ചു. 450 കോടി രൂപയുടെ ആദ്യ ഘട്ടത്തിന്റെ നിര്‍മാണം 36 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എറണാകുളത്തെ കാന്‍സര്‍ കേന്ദ്രത്തിനായുള്ള വിശദമായ പദ്ധതിരേഖ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന യോഗം അംഗീകരിച്ചു. മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിം കുഞ്ഞ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ഉന്നയിക്കപ്പെട്ട ഭേദഗതികളോടെയാണ് കേന്ദ്രസ്ഥാപനമായ ഹോസ്പിറ്റല്‍ സര്‍വ്വീസസ് കണ്‍സള്‍ട്ടന്‍സി സെന്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് അംഗീകാരം നല്കിയത്. 300 കിടക്കകളോടെയാവും എറണാകുളത്തെ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു തുടക്കം കുറിക്കുകയെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇതിന് തുടര്‍ വികസനം നടത്താനും സംവിധാനം ഉണ്ടാകും. തിരുവനന്തപുരത്ത് അനുഭവപ്പെടുന്നതു പോലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഇവിടെ സംവിധാനമുണ്ടാകും. മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ ആര്‍.സി.സി. നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പെഷല്‍ ഓഫീസറുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് ഭാവി വികസനത്തിന് ഉതകുംവിധം പദ്ധതി രേഖയില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാകും. എല്ലാ രോഗികളെയും പ്രധാന കെട്ടിടത്തില്‍ താമസിപ്പിക്കാതെ ഒ.പിയിലെത്തുന്നവര്‍ക്കായി പ്രത്യേക താമസ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ഡോ.ഗംഗാധരന്റെ നിര്‍ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.