ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അക്രമം; നാലു കാറുകള്‍ തകര്‍ത്തു

Saturday 28 June 2014 10:33 pm IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ അക്രമികള്‍ അഴിഞ്ഞാടി. നാലു കാറുകളുടെ ചില്ലുകള്‍ തകര്‍ത്തു. ഡോക്ടര്‍മാരായ ഗിരിജ, അജിത്, ദീപ, നീതു ജോര്‍ജ് എന്നിവരുടെ കാറുകളുടെ ചില്ലുകളാണ് തല്ലിത്തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.ഇന്നലെ രാവിലെ എട്ടോടെ ഡോ. ദീപ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാനായി എത്തിയപ്പോഴാണ് കാറിന്റെ മുന്‍ഭാത്തെ ഇടതു ചില്ല് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ എയ്ഡ്‌പോസ്റ്റ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കാറുകളില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍, ബാഗുകള്‍ എന്നിവ സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ രണ്ട് വരെ ഈ പ്രദേശത്ത് പോലീസ് പട്രോളിങ് ഉണ്ടായിരുന്നു. അതിനു ശേഷമാണ് സംഭവമുണ്ടായതെന്ന് കരുതുന്നു. അക്രമികളെ കുറിച്ച് പോലീസിന് യാതൊരു സൂചനയും ലഭിച്ചിച്ചിട്ടില്ല. സൂപ്രണ്ട് ഓഫീസ് സ്ഥിതി ചെയ്യുന്ന പഴയ ബ്ലോക്കിന് കിഴക്കുഭാഗത്താണ് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള ഷെഡ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ പരിസരത്ത് ഒരേക്കര്‍ സ്ഥലം മരുഭൂമിയായി കിടക്കുകയാണ്. ഈഭാഗത്ത് വേണ്ടത്ര സുരക്ഷാ സംവിധാനമോ തെരുവുവിളക്കുകളോ സ്ഥാപിച്ചിട്ടില്ല. ഇവിടെ നിന്ന് 500 മീറ്റര്‍ അകലെയാണ് എയ്ഡ്‌പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പതിനാറ് ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍ ആകെയുള്ളത് 47 സെക്യൂരിറ്റി ജീവനക്കാരാണ് മൂന്ന് ഷിഫ്റ്റിലുള്ളത്. വേണ്ടത്ര സെക്യൂരിറ്റിക്കാരെ നിയമിച്ചില്ലെങ്കില്‍ വീണ്ടും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആശുപത്രികള്‍ അക്രമികളുടെ താവളങ്ങളായി മാറുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ സംഭവം. കഴിഞ്ഞദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലുണ്ടായ അക്രമത്തില്‍ രണ്ടു രോഗികളാണ് കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.