പാമോയിലില്‍ സഭ സ്തംഭിച്ചു

Monday 26 September 2011 3:17 pm IST

തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സ് ജഡ്ജി പിന്മാറിയതിനെച്ചൊല്ലി പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടു തവണ നടുത്തളത്തിലിറങ്ങി. സര്‍ക്കാരിനെ വിവാദങ്ങളില്‍ കെട്ടിയിടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. വിജിലന്‍സ്‌ ജഡ്ജിയുടെ പിന്മാറ്റം ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്ണനാണ്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. ജുഡീഷ്യറിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും ഇതേക്കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ജുഡീഷ്യറിയെ കുറിച്ച്‌ നല്ല കാര്യം പറയുകയും മറുവശത്ത്‌ കോടതി വിധികളെ എതിര്‍ക്കുകയും ചെയ്യുന്ന രീതിയാണ്‌ സര്‍ക്കാര്‍ സ്വകരിക്കുന്നതെന്ന്‌ പ്രമേയത്തിന്‌ അനുമതി തേടിക്കൊണ്ട്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. പാമോയില്‍ കേസ്‌ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും ഇതിനായി വിജിലന്‍സ്‌ ഡയറക്ടറെ ഉപയോഗിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. എന്നാല്‍ കേസ്‌ കോടതിയുടെ പരിഗണനയിലാണെന്നും ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. പി.സി ജോര്‍ജ് കത്തയച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അല്ല എന്ന് പറയുന്ന മുഖ്യമന്ത്രി ഈ കത്തിന് സര്‍ക്കാരിന്റെ പിന്തുണ ഇല്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ആവുന്നില്ലെന്നും കോടിയേരി ചോദിച്ചു. നീതിന്യായ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന്‌ പ്രമേയത്തിന്‌ മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൗരനെന്ന നിലയ്ക്കുള്ള അവകാശമാണ്‌ പി.സി.ജോര്‍ജ്ജ്‌ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയുടെ സ്ഥാനത്തെ കുറിച്ച്‌ സര്‍ക്കാരിന്‌ വ്യക്തമായ ബോധ്യമുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന്‌ അടിയന്തരപ്രമേയത്തിന്‌ സ്‌പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമാ‍യ വിമര്‍ശനം ഉന്നയിച്ചു. പാമോയില്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢമായ ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്നും പി.സി ജോര്‍ജിനെ ഉപയോഗിച്ച് പരസ്യമായി അതിക്ഷേപം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വച്ച് പുറത്തു പോകണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഈ സമയം പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലേക്കിറങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജും രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമായായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തോട്‌ ശാന്തരാകാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ബഹളം തുടര്‍ന്നു. ഇതേതുടര്‍ന്ന്‌ സ്‌പീക്കര്‍ സഭ ഒന്നര മണിക്കൂറോളം നിര്‍ത്തിവയ്ക്കുകയായിരുന്നു. വീണ്ടും സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചുകൊണ്ട് നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയില്‍ സഭാ നടപടികള്‍ വെട്ടിച്ചുരുക്കി ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.