മണ്‍സൂണ്‍ ഫുട്‌ബോള്‍ മേള ആവേശമായി

Saturday 28 June 2014 11:53 pm IST

മട്ടാഞ്ചേരി: മണ്‍സൂണ്‍ ഫുട്‌ബോള്‍ മേള ആവേശമായി. വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനിയില്‍ നടന്ന 'ഷൂട്ട് ദ റെയിന്‍' ഫുട്‌ബോള്‍ മേള നാട്ടുകാര്‍ക്കൊപ്പം വിദേശികള്‍ക്കും ഹരമായി മാറി. ശനിയാഴ്ച രാവിലെ 7ന് മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണര്‍ എം.ബിനോയ് ഫുട്‌ബോള്‍ മത്സരം കിക്കോഫ് ചെയ്തു. മലബാര്‍ ഹൗസും കാസിനോ ഹോട്ടലും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോള്‍ നേട്ടത്തില്‍ മലബാര്‍ ഹൗസ് വിജയികളായി. സെവന്‍സ് രീതിയില്‍ മുപ്പത് മിനിറ്റ് ദൈര്‍ഘ്യത്തില്‍ നടന്ന മണ്‍സൂണ്‍ ഫുട്‌ബോള്‍ കാണികളില്‍ ആവേശത്തോടൊപ്പം ആനന്ദത്തിന്റെയും മേളയായി മാറി. വിനോദസഞ്ചാരമേഖലയിലെ കായികതാരങ്ങള്‍ ചെളിയിലും വെയിലിലും മഴയത്തും പന്തിന് പിന്നാലെ പായുകയും ഉരുണ്ടുവീഴുകയും ചെയ്യുമ്പോള്‍ കാണികള്‍ അവരെ കയ്യടിച്ച് പ്രോത്സാഹനം നല്‍കി കളിക്കളത്തില്‍ ആവേശം പകരുകയും ചെയ്തു. ടൂറിസം പ്രൊഫഷണല്‍ ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ 25ഓളം ടീമുകളാണ് മത്സരിക്കാനെത്തിയത്. രണ്ടുദിവസത്തെ ഫുട്‌ബോള്‍ മത്സരം ഇന്ന് സമാപിക്കും. വൈകിട്ട് 5ന് നടക്കുന്ന ഫൈനല്‍ മത്സരവിജയികള്‍ക്ക് ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ ട്രോഫിയും സമ്മാനത്തുകയും നല്‍കുമെന്ന് പബ്ലിസിറ്റി ചെയര്‍മാന്‍ രവിവര്‍മ്മ പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് ജോര്‍ജ് സ്‌കറിയ അധ്യക്ഷത വഹിക്കും. ലോകകപ്പ് ഫുട്‌ബോള്‍ മേളയുടെ ലഹരിയിലമര്‍ന്ന കൊച്ചിയില്‍ നടക്കുന്ന മണ്‍സൂണ്‍ ഫുട്‌ബോള്‍ കാണുവാന്‍ നൂറുകണക്കിന് യുവാക്കളാണ് ഫോര്‍ട്ടുകൊച്ചിയിലെത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.