കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ്

Sunday 29 June 2014 12:54 pm IST

ന്യൂദല്‍ഹി: 1998ന് ശേഷം കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2014 ഡിസംബര്‍ മുതല്‍ 2015 ജൂലൈ വരെ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 31നകം അംഗത്വ വിതരണം പൂര്‍ത്തിയാക്കണമെന്ന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച കത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി പിസിസി അധ്യക്ഷന്മാര്‍ക്ക് അയച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സംഘടന തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായത്. ജൂലായ് 25ന് മുന്‍പ് എഐസിസി അധ്യക്ഷന്റേയും പിസിസി അധ്യക്ഷന്മാരുടേയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന രീതിയിലാണ് തീയതികള്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യപടിയായി അംഗത്വ നടപടികള്‍ വേഗത്തിലാക്കും. ജനുവരിയില്‍ യോഗ്യരായ അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് സൂക്ഷ്മ പരിശോധന നടക്കും. അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 25ന് പ്രസിദ്ധീകരിക്കും. ഇതിനു ശേഷം ബൂത്ത് തലത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. തുടര്‍ന്ന് ബ്ലോക്ക് ഡിസിസി, പിസിസി തെരഞ്ഞെടുപ്പും. ഇതിന് ശേഷം സംസ്ഥാന പിസിസി അധ്യക്ഷന്മാരുടേയും ഭാരവാഹികളുടേയും എഐസിസി അംഗങ്ങളേയും തെരഞ്ഞെടുക്കും. അഞ്ചാമത്തെ ഘട്ടത്തില്‍ പ്ലീനറി സമ്മേളനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയേയും തെരഞ്ഞെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.