പട്ടികജാതി/വര്‍ഗക്കാര്‍ക്ക് കുടിവെള്ളം : കേന്ദ്രഫണ്ട് പാഴാക്കുന്നു

Sunday 29 June 2014 10:35 pm IST

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള മേഖലകളില്‍ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍നിന്നുള്ള കോടികളുടെ ഫണ്ട് ജല അതോറിറ്റി പാഴാക്കുന്നു. 2008 മുതല്‍ ഏറ്റെടുത്ത പദ്ധതികളില്‍ പകുതി പോലും പൂര്‍ത്തിയാക്കാത്തതും ഫണ്ടുകള്‍ സമയബന്ധിതമായി ഉപയോഗിക്കാത്തതുമൂലം കേന്ദ്രത്തില്‍ നിന്നുള്ള കോടികളുടെ ധനസഹായം കുറയുകയും സംസ്ഥാന സര്‍ക്കാരിന് കോടതികള്‍ നഷ്ടമാവുകയും ചെയ്യുന്നു. ദേശീയ ഗ്രാമീണ കുടിവെള്ള ഫണ്ടിന്റെ 25 ശതമാനമെങ്കിലും ആകെയുള്ള ജനസംഖ്യയുടെ 40 ശതമാനത്തില്‍ കൂടുതല്‍ എസ്‌സി, എസ്റ്റി വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വിനിയോഗിക്കണമെന്നാണ് നിബന്ധന. ഈ ഫണ്ടുകള്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് കൈമാറുന്നത്. ഇത്തരത്തില്‍ എസ്ടി, എസ്ടി വിഭാഗക്കാരെ ലക്ഷ്യമാക്കി 2008-13 കാലയളവില്‍ കുടിവെള്ള പദ്ധതികള്‍ക്കുവേണ്ടി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കേണ്ടിയിരുന്ന 265.05 കോടി രൂപയില്‍ (വെറും 90 കോടി രൂപ മാത്രമാണ് കേരള ജല അതോറിറ്റി നല്‍കിയത്, പദ്ധതികള്‍ കണ്ടെത്തുന്നതിനും നടപ്പാക്കുന്നതിലും വീഴ്ച വരുത്തിയതോടെ കളക്ടര്‍മാര്‍ കൈവശമുണ്ടായിരുന്ന ഫണ്ടും കാര്യക്ഷമമായി ഉപയോഗിച്ചില്ല. ജില്ലകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കിട്ടിയ 90 കോടിയില്‍ ജില്ലാ അടിസ്ഥാനത്തില്‍ 40.66 ശതമാനം മുതല്‍ 68.83 ശതമാനം വരെ മാത്രമാണ് കളക്ടര്‍മാര്‍ ഫണ്ട് വിനിയോഗിച്ചത്. ഇതുമൂലം 1.8 കോടി മുതല്‍ 3.36 കോടിവരെ ഓരോ വര്‍ഷാവസാനും ഉപയോഗിക്കാതെ ബാക്കിവന്നു. ഉപയോഗിക്കാതെ വരുന്ന ഫണ്ടുകള്‍ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി ഫണ്ടില്‍ തിരിച്ചടയ്ക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ 2008 മുതല്‍ കണക്കാക്കിയ 11,883 ആവാസപ്രദേശങ്ങളില്‍ 201 എണ്ണം എസ്‌സി വിഭാഗം കൂടുതലുള്ളതും 108 എണ്ണം എസ്ടി വിഭാഗം കൂടുതലുള്ളതുമാണ്. കോഴിക്കോട്, ഇടുക്കി, കോട്ടയം, മലപ്പുറം, കൊല്ലം ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 2008 മുതല്‍ ഏറ്റെടുത്ത 222 കുടിവെള്ള പദ്ധതികളില്‍ പൂര്‍ത്തീകരിച്ചത് വെറും 124 എണ്ണം മാത്രമാണ്. 20 പദ്ധതികള്‍ ഉപേക്ഷിച്ചു. കോഴിക്കോട് ജില്ലയില്‍ 31 പദ്ധതികളില്‍ പൂര്‍ത്തിയാക്കിയത് 21 എണ്ണവും ഇടുക്കിയില്‍ 51 എണ്ണത്തില്‍ പൂര്‍ത്തിയാക്കിയത് 22 ഉം മലപ്പുറത്ത് 42 ല്‍ പൂര്‍ത്തിയാക്കിയത് 68 ഉം പദ്ധതികള്‍ മാത്രമാണ്. പദ്ധതികളില്‍ അമിതമായ കാലതാമസമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഭരണാനുമതി നല്‍കി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ 11 വര്‍ഷത്തിലധികം എടുത്ത ചരിത്രവുമുണ്ട്. കോഴിക്കോട് കാക്കൂര്‍  പഞ്ചായത്തിലെ വെങ്ങകളത്തി എസ്‌സി കോളനി പദ്ധതി 11 വര്‍ഷമെടുത്തിട്ടും പൂര്‍ത്തിയായില്ല. കോഴിക്കോട് ജില്ലയില്‍ തന്നെ ആറ് വര്‍ഷത്തിലധികമായിട്ടും പൂര്‍ത്തിയാവാത്ത ഏറെ പദ്ധതികളുണ്ട്. കേരളത്തിന് നല്‍കിയ ഫണ്ടിന്റെ സിംഹഭാഗവും സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചിട്ടില്ലെന്നും ജോലികളുടെ പുരോഗതി തൃപ്തികരമല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ കുടിവെള്ള വിതരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം ഒരുവര്‍ഷത്തില്‍ ഈയിനത്തില്‍ ഫണ്ട് വിഹിതം ഗണ്യമായി കുറയുകയും ചെയ്യും. മറ്റ് ഏജന്‍സികള്‍ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ജല അതോറിറ്റി ന്യായീകരണം പറയുന്നുണ്ടെങ്കില്‍ ഈ പദ്ധതികളുടെ വിശദാംശങ്ങള്‍ ക്രോഡീകരിക്കുന്നതിനോ ഏകോപനത്തിനോ ജല അതോറിറ്റി യാതൊരു നടപടിയും എടുത്തിട്ടില്ല. സി. രാജ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.