രാജയ്ക്കെതിരെ വഞ്ചനാ കുറ്റം ചുമത്തണം - സി.ബി.ഐ

Monday 26 September 2011 3:27 pm IST

ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം വകുപ്പ്‌ മന്ത്രി എ.രാജയ്കെതിരെ വിശ്വാസവഞ്ചന കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട്‌ സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി. രാജയെ കൂടാതെ അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ്‌ സെക്രട്ടറി ആര്‍.കെ. ചന്ദോളിയ്ക്കും മുന്‍ ടെലികോം സെക്രട്ടറി സിദ്ദാര്‍ത്ഥ്‌ ബെഹുറയ്ക്കുമെതിരെയും സെക്ഷന്‍ 409 ഐ.പി.സി പ്രകാരം വിശ്വാസവഞ്ചനാ കുറ്റം ചുമത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുപേരും പൊതുസേവകരായതിനാല്‍ തന്നെ ഗുരുതരമായ വിശ്വാസവഞ്ചനയാണ്‌ ആ സ്ഥാനത്തിരിക്കുമ്പോള്‍ ചെയ്‌തതെന്നാണ്‌ സി.ബി.ഐ വാദം. സെക്ഷന്‍ 409 ഐ.പി.സി പ്രകാരം ജീവപര്യന്തം തടവോ, പത്തുവര്‍ഷം വരെയോ തടവുലഭിക്കാം. എന്നാല്‍ കേസ്‌ വെറുതേ നീട്ടുന്നതിനു വേണ്ടിയാണ്‌ സി.ബി.ഐയുടെ ശ്രമമെന്നും അതിന്‌ വേണ്ടിയാണ്‌ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്തുന്നതെന്നും പ്രതിഭാഗം വാദിച്ചു.