ഫോര്‍ട്ടാലെസ: ഇഞ്ച്വറി സമയത്തെ പെനാല്‍റ്റിയില്‍ മെക്സിക്കന്‍ തിരമാലകളെ വകഞ്ഞുമാറ്റി ഡച്ച് പട ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. റോബനെ മെക്സിക്കന്‍ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസ് ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് റഫറി സ്പോട്ട് കിക്ക് വിധിച്ചത്. ഹണ്ട്ലര്‍ എടുത്ത കിക്ക് മെക്സിക്കന്‍ ഗോളി ഒക്കാവോക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഡച്ച് വിജയം.
ആദ്യപകുതിയില്‍ മുന്‍തൂക്കം മെക്സിക്കോക്കായിരുന്നു. ഡോസ് സാന്റോസിന്റെയും പെരാല്റ്റയുടെയും ഗ്വാര്ഡാഡോയുടെയും നേതൃത്വത്തില്‍ കനത്ത ആക്രമണമാണ് മെക്സിക്കന്‍ താരങ്ങള്‍ ഡച്ച് ഗോള്‍മുഖത്തേക്ക് അഴിച്ചുവിട്ടത്. രണ്ട്, അഞ്ച് മിനിറ്റുകളില്‍ മിഗ്വേല്‍ ലയൂണ് രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തി. 17-ാം മിനിറ്റില്‍ ഹെക്ടര്‍ ഹെരേരയും അവസരം നഷ്ടമാക്കി. 24-ാം മിനിറ്റില്‍ കാര്‍ലോസ് സാല്‍സിഡോ ബോക്സിന് പുറത്തുനിന്ന് പറത്തിയ തകര്‍പ്പന്‍ ഷോട്ട് ഏറെ ബുദ്ധിമുട്ടിയാണ് ഡച്ച് ഗോളി രക്ഷപ്പെടുത്തിയത്. 27-ാം മിനിറ്റിലാണ് ഹോളണ്ടിന് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍ റോബിന് വാന്‍ പെഴ്സി പായിച്ച ഷോട്ട് പുറത്തുപോയി. തൊട്ടുപിന്നാലെ മെക്സിക്കോയുടെ ജിയോവാനി സാന്റോസിന്റെ ബോക്സിന് പുറത്തുനിന്നുള്ള ഇടംകാലന്‍ ഷോട്ട് ഡച്ച് ഗോളി കുത്തിയകറ്റി. പിന്നീട് 42-ാം മിനിറ്റിലും സാന്റോസിന്റെ ശ്രമം ഗോളി രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു.
എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിനകം മെക്സിക്കോ ലീഡ് നേടി. ബോക്സിന് പുറത്തുനിന്ന് ജിയോവാനി സാന്റോസ് ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ട് മുഴുനീളെ പറന്ന ഡച്ച് ഗോളിയെയും മറികടന്ന് വലയില്‍ കയറി. തൊട്ടുപിന്നാലെ മെക്സിക്കന്‍ നായകന് റാഫേല്‍ മാര്‍ക്വേസ് ലീഡ് ഉയര്‍ത്താനുള്ള അവസരം നഷ്ടമാക്കി. പിന്നീട് 56-ാം മിനിറ്റില്‍ പെരാല്റ്റയുടെ ഒരു ഷോട്ട് ഡച്ച് ഗോളി രക്ഷപ്പെടുത്തി. പിന്നീട് 57-ാം മിനിറ്റില്‍ ഡച്ച് താരം സ്റ്റെഫാന്‍ ഡി വ്രിജയുടെ ഷോട്ട് മെക്സിക്കന്‍ ഗോളി ഗ്വില്ലര്‍മോ ഒക്കാവോ രക്ഷപ്പെടുത്തി. തുടര്‍ന്ന് ഹോളണ്ട് നിരവധി മുന്നേറ്റങ്ങളാണ് നടത്തിയത്. 71-ാം മിനിറ്റില്‍ വെസ്ലി സ്നൈഡര്‍ ഒരുഅവസരം പുറത്തേക്ക് അടിച്ചുകളഞ്ഞപ്പോള്‍ തൊട്ടടുത്ത മിനിറ്റില്‍ റോബന്റെ ഒരു ശ്രമം മെക്സിക്കന്‍ ഗോളി ഉജ്ജ്വലമായി തടഞ്ഞു. എന്നാല്‍ 88-ാം മിനിറ്റില്‍ ഡച്ച് പട സമനില ഗോള്‍ േനടി. റോബന് എടുത്ത കോര്‍ണര്‍ കിക്ക് ഹണ്ട്ലര്‍ തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്ത് തകര്‍പ്പനൊരു വലംകാലന്‍ ഷോട്ടിലൂടെ സ്നൈഡറാണ് മെക്സിക്കന്‍ വല കുലുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: