ബാറുകള്‍ പൂട്ടിയ ശേഷം മദ്യ ഉപഭോഗം കൂടിയെന്ന് മന്ത്രി

Monday 30 June 2014 10:30 pm IST

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത 418 ബാറുകള്‍ പൂട്ടിയ ശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂടുകയാണ് ഉണ്ടായതെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴിയും തുറന്നിരിക്കുന്ന 333 ബാര്‍ ഹോട്ടലുകള്‍ വഴിയും മദ്യത്തിന്റെ വില്പന വലിയതോതിലാണ് നടക്കുന്നതെന്നും കെ.ബാബു നിയമസഭയില്‍ പറഞ്ഞു. ഗുണനിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിയിട്ട ശേഷം സമൂഹത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞെന്നും സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റം കാണാതിരിക്കാനാകില്ലെന്നുമുള്ള കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അഭിപ്രായത്തിന് വിരുദ്ധമായ നിലപാടാണ് മന്ത്രി നിയമസഭയില്‍ കണക്കുകള്‍ നിരത്തി പറഞ്ഞത്. എന്നാല്‍ മദ്യ ഉപഭോഗം കൂടിയോ കുറഞ്ഞോ എന്നതില്‍ സംവാദത്തിനില്ലെന്നായിരുന്നു സുധീരന്റെ അഭിപ്രായം. മദ്യ ഉപഭോഗം കൂടിയെന്ന മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ ബാറുകളുടെ നിലവാരം ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി നിയമസഭയില്‍ കെമുരളീധരന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. 418 ബാറുകള്‍ പൂട്ടിയതോടെ സല്‍സ്വഭാവികളുടെ എണ്ണം കൂടിയ വിവരം സര്‍ക്കാരിന് അറിയാമോയെന്നായിരുന്നു കെ. മുരളീധരന്റെ ചോദ്യം. കഴിഞ്ഞ മൂന്ന്് മാസം കൊണ്ട് മദ്യവില്‍പനയില്‍ ബിവറേജസ് കോര്‍പറേഷനില്‍ 225 കോടി രൂപയുടെ അധിക വില്‍പന നടന്നിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 160 കോടി രൂപ നികുതിയായി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന 333 ബാര്‍ ഹോട്ടലുകാര്‍ വാങ്ങുന്ന മദ്യത്തിന് അളവില്‍ 84 ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.