കടല്‍ഭിത്തി നിര്‍മാണം; സര്‍ക്കാര്‍ കോടികള്‍ പാഴാക്കുന്നു

Monday 30 June 2014 7:24 pm IST

ആലപ്പുഴ: കടല്‍ഭിത്തിയും പുലിമുട്ടുകളും നിര്‍മിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 12-ാം ധനകാര്യ കമ്മീഷനിലുള്‍പ്പെടുത്തി അനുവദിച്ച തുക സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കാതെ പാഴാക്കി. അമ്പലപ്പുഴയില്‍ പതിവായി കടലാക്രമണമുണ്ടാക്കുന്ന പ്രദേശങ്ങളില്‍ പുലിമുട്ട് നിര്‍മിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാരിന്റെ അലംഭാവം മൂലം പാഴായത്. ആലപ്പുഴ ജില്ലയുടെ തീരങ്ങളെ സംരക്ഷിക്കാന്‍ പുലിമുട്ട് സ്ഥാപിക്കാന്‍ പദ്ധതി തയാറാക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും പുറക്കാട് മാത്രമാണ് നിര്‍മിക്കാന്‍ സാധിച്ചത്. അവിടെ തന്നെ അശാസ്ത്രീയമാണ് നിര്‍മാണമെന്ന് പരാതികളുയര്‍ന്നു കഴിഞ്ഞു. പുലിമുട്ട് നിര്‍മിച്ചതിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം പതിവാകാന്‍ കാരണ നിര്‍മാണത്തിലെ അപാകതയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ കടലാക്രമണത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളാണ് വര്‍ഷം ഒന്നായിട്ടും നടപ്പാകാത്തത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ 52 കോടിയാണ് നബാര്‍ഡ് പുലിമുട്ട് നിര്‍മാണത്തിനായി അനുവദിച്ചത്. എന്നാല്‍ ഈ തുക വിനിയോഗിച്ച് തീരസംരക്ഷണത്തിന് യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുലിമുട്ട് നിര്‍മാണത്തെ കുറിച്ചുള്ള പഠനത്തില്‍ നടപടിക്രമങ്ങള്‍ ഒതുങ്ങി. ഐഐടി പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി പറയുന്നുണ്ടെങ്കിലും തുടര്‍നടപടിയില്ല. പരിസ്ഥിതി ആഘാതപഠനം അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് വര്‍ഷങ്ങള്‍ പാഴാക്കുന്നതല്ലാതെ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കാന്‍ മാത്രം സര്‍ക്കാര്‍ തയാറാകുന്നില്ല. പുലിമുട്ട് നിര്‍മാണത്തിന് അനുമതിയായെന്ന് പ്രഖ്യാപിച്ചാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വോട്ട് അഭ്യര്‍ഥിച്ചത്. എന്നാല്‍ പുലിമുട്ട് നിര്‍മാണത്തിന് നബാര്‍ഡ് അനുവദിച്ച പണം പോലും സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതായാണ് അറിയാന്‍ കഴിയുന്നത്. പലയിടങ്ങളിലും നിര്‍മിച്ച കടല്‍ഭിത്തികള്‍ മാസങ്ങള്‍ക്കകം തന്നെ തകരുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.