സ്കൂള്‍ വാന്‍ അപകടം : മരണം നാലായി

Tuesday 27 September 2011 12:59 pm IST

തിരുവനന്തപുരം: ചാന്നാങ്കര പാലത്തില്‍ നിന്ന്‌ സ്കൂള്‍ വാന്‍ പാര്‍വതി പുത്തനാറിലേക്ക്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. സതീഷ്‌-ചിത്ര ദമ്പതികളുടെ മകളും നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയുമായ കൃഷ്‌ണപ്രിയയാണ്‌ ഇന്ന്‌ മരിച്ചത്‌. തിരുവനന്തപുരം എസ്‌.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കൃഷ്‌ണപ്രിയ. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. നാലാം ക്ലാസ്‌ വിദ്യാര്‍ഥികളായ ആരോമല്‍ എസ്‌.നായര്‍, അശ്വിന്‍, കനിഹ സന്തോഷ്‌ എന്നീ കുട്ടികളാണ്‌ ഇന്നലെ മരിച്ചത്‌. അതിനിടെ അപകടസമയത്ത്‌ സ്കൂള്‍ വാന്‍ ഓടിച്ചിരുന്നത്‌ വാഹനത്തിന്റെ ക്ലീനര്‍ ഷിബിനായിരുന്നെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു. ഷിബിന്‍ സേവ്യറെ ഒന്നാം പ്രതിയായും, ഡ്രൈവര്‍ ജെഫേഴ്സണെ രണ്ടാം പ്രതിയുമാക്കി പോലീസ്‌ കേസെടുത്തു. സ്കൂള്‍ അധികൃതരെ മൂന്നാം പ്രതിയാക്കി. അപകടസമയത്തു ജെഫേഴ്സണ്‍ വാനിലുണ്ടായിരുന്നു. കഴക്കൂട്ടത്തിനു സമീപം കഠിനംകുളം ചാന്നാങ്കര ഭാഗത്ത്‌ പാര്‍വതീ പുത്തനാറും കഠിനംകുളം കായലും സംഗമിക്കുന്ന സ്ഥലത്താണ്‌ അപകടം ഉണ്ടായത്‌. ഇന്നലെ വൈകിട്ട്‌ 3.30ഓടെ ചാന്നാങ്കര പാലത്തിനു സമീപം ആറ്റിന്‍ തീരത്തുള്ള ടാറിടാത്ത ചെമ്മണ്‍ റോഡിലൂടെ വരികയായിരുന്ന വാനാണ്‌ ആറ്റിലേക്കു മറിഞ്ഞത്‌. ആറ്റിന്‍ തീരത്ത്‌ മണല്‍ നിറച്ച്‌ നിര്‍ത്തിയിട്ടിരുന്ന വള്ളത്തിനു മുകളിലേക്കു വീണതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കി. അപകട സമയത്ത്‌ ആകെ 23 കുട്ടികളാണ്‌ വാനില്‍ ഉണ്ടായിരുന്നതെന്ന്‌ സ്കൂള്‍ അധികൃതര്‍ പറഞ്ഞു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന്‌ വാന്‍ വെട്ടിത്തിരിച്ചത്‌ അപകടത്തിനു കാരണമായി എന്നാണ്‌ പ്രാഥമിക വിവരം. ജ്യോതി നിലയം സ്കൂള്‍ അധികൃതര്‍ വാടകയ്ക്കെടുത്ത ബിപിഎം യുപി സ്കൂളിലെ കെഎല്‍-01 എബി 4936 എന്ന നമ്പരിലെ വാനാണ്‌ അപകടത്തില്‍പെട്ട്‌ മറിഞ്ഞത്‌. മറിഞ്ഞ വാന്‍ ആറ്റിന്‍ തീരത്ത്‌ അടുപ്പിച്ചിട്ടിരുന്ന മണല്‍ നിറച്ച വള്ളത്തിനു മുകളിലേക്കാണ്‌ ആദ്യം വീണത്‌. ഇത്‌ അപകടത്തിന്റെ തീവ്രത കുറയാന്‍ കാരണമായതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇതിനു സമീപം താമസിക്കുന്ന വീട്ടിലെ ആള്‍ക്കാരാണ്‌ ശബ്ദം കേട്ട്‌ ആദ്യം ഓടിയെത്തിയത്‌. പതുക്കെ പതുക്കെ മറിയാന്‍ തുടങ്ങിയ വാനില്‍ നിന്നും ഡ്രൈവര്‍ ജിതിന്‍ ജെറാള്‍ഡും ക്ലീനര്‍ ഷിബിനും ചേര്‍ന്ന്‌ കുറച്ചു കുട്ടികളെ പുറത്തിറക്കി. വള്ളം കിടന്നിരുന്ന ഭാഗത്ത്‌ വെള്ളത്തില്‍ വീണ കുട്ടികള്‍ ആറ്റിലേക്കു ചാഞ്ഞു കിടന്നിരുന്ന ചെടികളിലും മറ്റും പിടിച്ചു നിന്നതിനാല്‍ ഓടിയെത്തിയ നാട്ടുകാര്‍ക്ക്‌ ഇവരെ പെട്ടെന്നു രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇതിനിടെ മണല്‍ വള്ളം മറിയുകയും മൂന്നു കുട്ടികള്‍ വള്ളത്തിനടിയില്‍ പെടുകയും ചെയ്തു. ഇവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ക്ക്‌ സാധിച്ചില്ല. സമീപ പ്രദേശങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികളും മറ്റും എത്തി ആറ്റിലേക്ക്‌ എടുത്തു ചാടി. അല്‍പനേരത്തെ പരിശ്രമത്തിനു ശേഷമാണ്‌ ഇവര്‍ക്ക്‌ കുട്ടികളെ കണ്ടെത്താനായത്‌. എല്ലാ കുട്ടികളെയും എത്രയും വേഗം ആശുപത്രിയിലെത്തിക്കാനായി പിന്നീട്‌ നാട്ടുകാരുടെ ശ്രമം. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ച കുട്ടികളെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ്‌ എസ്‌എടിയിലേക്കു മാറ്റി. എന്നാല്‍ ആരോമല്‍, അശ്വിന്‍, കനിഹ എന്നിവര്‍ കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ മരിച്ചിരുന്നു. ആന്‍സി ബാബുക്കുട്ടന്‍, കൃഷ്ണ, സച്ചിന്‍ സജു, അക്ഷയ്‌, സാന്ദ്ര സജു, ബ്ലെസണ്‍ വര്‍ഗീസ്‌, ദേവികാ നായര്‍, അഭിജിത്‌, കൃഷ്ണപ്രിയ, അഖില്‍ എസ്‌.നായര്‍, സൂര്യഗായത്രി, ഗലീന സ്റ്റീഫന്‍, ആര്യചന്ദ്ര എന്നിവരാണ്‌ മെഡിക്കല്‍ കോളേജിലുള്ളത്‌. ഇതില്‍ സൂര്യ ഗായത്രി, ദേവിക എന്നീ കുട്ടികളാണ്‌ ഗുരുതരാവസ്ഥയില്‍ തുടരുന്നത്‌. കഠിനംകുളം, കഴക്കൂട്ടം സ്റ്റേഷനുകളിലെ പോലീസുകാരും ഫയര്‍ഫോഴ്സിന്റെ നാലു യൂണിറ്റുകളും അപകടം നടന്ന ഉടനെ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി. തിരുവനന്തപുരത്തു നിന്നും ജില്ലാ കളക്ടറും ഐജി പദ്മകുമാര്‍, സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആരോഗ്യ, റവന്യൂ, വകുപ്പുകളിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകടത്തില്‍ മറിഞ്ഞ വാന്‍ ക്രെയിന്‍ ഉപയോഗിച്ച്‌ വലിച്ചു കയറ്റി. ഇത്‌ മോട്ടോര്‍ വാഹന വകുപ്പ്‌ പരിശോധിച്ച ശേഷം വാഹനത്തിന്‌ പ്രഥമദൃഷ്ട്യാ കുഴപ്പിമില്ലെന്ന വിവരമാണ്‌ നല്‍കിയത്‌. എന്നാല്‍ വാന്‍ ഡ്രൈവര്‍ ജിതിന്റെ ലൈസന്‍സും അനുഭവപരിചയവും സംബന്ധിച്ച വിവരങ്ങള്‍ പോലീസ്‌ പുറത്തു വിട്ടിട്ടില്ല. ഇരുവരും പോലീസ്‌ കസ്റ്റഡിയിലാണ്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍, മന്ത്രിമാരായ വി.എസ്‌.ശിവകുമാര്‍, പി.കെ.ജയലക്ഷ്മി, എം.എ.ബേബി എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍, മേയര്‍ കെ.ചന്ദ്രിക, അഡ്വ.സമ്പത്ത്‌ എം.പി,സിപിഎം നേതാവ്‌ എം.വിജയകുമാര്‍ എന്നിവരും സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.