ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം

Monday 30 June 2014 10:31 pm IST

പാണത്തൂര്‍ (കാസര്‍കോട്): പനത്തടിയില്‍ ബിജെപി പ്രവര്‍ത്തകനു നേരെ വധശ്രമം. സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പാണത്തൂര്‍ പരിയാരത്തെ ഹമീദിന്റെ മകനും ലോറി ഡ്രൈവറുമായ ഷെരീഫാ(24)ണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകന്‍ പട്ടുവത്തെ രാജേഷിനെ (28) ഗുരുതര പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. എന്നാല്‍ രാജേഷിനെതിരെ കൊലപാതകമാരോപിച്ച് പോലീസ് കേസെടുത്തിരിക്കുകയാണ്. അസ്മയാണ് ഷെരീഫിന്റെ മാതാവ്. സഹോദരങ്ങള്‍: ഷെഫീഖ്, റഫീഖ്. ബിജെപി പ്രവര്‍ത്തകനായ അരുണ്‍ലാലിനെ (22) വെട്ടിക്കൊന്നതില്‍പ്രതിഷേധിച്ച് വ്യാഴാഴ്ച പനത്തടിയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഹര്‍ത്താലിനിടെ ഷെരീഫ് ബൈക്കോടിക്കുകയും രാജേഷുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. എന്നാല്‍ പിന്നീട് നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഞായറാഴ്ച രാത്രി ഏഴ്മണിയോടെ പനിക്ക് മരുന്ന് വാങ്ങാന്‍ പാണത്തൂര്‍ ടൗണിലെത്തിയ രാജേഷിനെ ഷെരീഫിന്റെയും സഹോദരന്‍ ഷെഫീഖിന്റെയും നേതൃത്വത്തിലുള്ള നാലംഗ സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ ഷെരീഫിന് കുത്തേറ്റു. ഷെരീഫ് വീണതോടെ ഓടിയ രാജേഷ് ഇരുനൂറ് മീറ്റര്‍ അകലെ തളര്‍ന്നു വീഴുകയായിരുന്നു. ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്ന സിപിഎം പ്രാദേശിക നേതാവും കള്ളനോട്ട് കേസിലെ പ്രതിയുമായിരുന്ന എ.കെ.ശശി, ഓട്ടോ ഡ്രൈവര്‍മാരായ സതീശന്‍, ബിജു എന്നിവരുടെ നേതൃത്വത്തില്‍ രാജേഷിനെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. അരമണിക്കൂറോളം സിപിഎമ്മിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ രാജേഷിനെ പോലീസെത്തിയാണ് മോചിപ്പിച്ചത്. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് സിപിഎം. ഷെരീഫ് ക്രിമിനലും മണല്‍ മാഫിയാ നേതാവുമാണ്. വെടിവെപ്പ് നടത്തിയതിനും പോലീസിനെ ആക്രമിച്ചതിനുമുള്‍പ്പെടെ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ബിജെപി പ്രവര്‍ത്തകനുമായുള്ള സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതോടെ പാര്‍ട്ടി അനുഭാവി പോലുമല്ലാത്ത ഷെരീഫിനെ സിപിഎം രക്തസാക്ഷിയാക്കി ആഘോഷിക്കുകയാണിപ്പോള്‍. ഡിവൈഎഫ്‌ഐയുടെ സജിവ പ്രവര്‍ത്തകനാണെന്നും ബിജെപി ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നുമാണ് സിപിഎം പറയുന്നത്. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന രാജേഷ് എട്ട് മാസം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിട്ടതോടെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാവുകയും ചെയ്തു. കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുപ്പ് നടത്തുന്ന സിപിഎമ്മിന്റെ നിലപാട് ഏറെ ദുരൂഹതയുണര്‍ത്തുന്നുമുണ്ട്. ഷെരീഫിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടോടിയ രാജേഷ് തളര്‍ന്ന് വീണിട്ടും സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. ഇവരുമായി രാജേഷിന് നേരത്തെ പ്രശ്‌നങ്ങളൊന്നുമില്ല. ഷെരീഫും രാജേഷും തമ്മിലുള്ള വാക്ക് തര്‍ക്കത്തെ സിപിഎം മുതലെടുക്കുകയായിരുന്നുവെന്ന് സംശയമുയരുന്നു. സിപിഎം നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് രാജേഷ് ആക്രമിക്കപ്പെട്ടതെന്ന സംശയവും ബലപ്പെട്ടു. സിപിഎം അനുഭാവി പോലുമല്ലാത്ത ഷെരീഫിനെ രക്തസാക്ഷിയാക്കി പെട്ടെന്ന് തന്നെ പാര്‍ട്ടി രംഗത്തെത്തിയത് ഗൂഢാലോചന വ്യക്തമാക്കുന്നു. നാല് ദിവസം മുന്‍പ് ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നത് സിപിഎം അനുഭാവിയായിരുന്നു. കൊലപാതകത്തിന് രാഷ്ട്രീയ നിറം നല്‍കാതെ മാന്യമായ നിലപാടാണ് ബിജെപി സ്വീകരിച്ചത്. എന്നാല്‍ രാഷ്ട്രീയ ധാര്‍മ്മികതയെ വെല്ലുവിളിച്ചാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ പ്രചരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.