ജില്ലയില്‍ പനിക്ലിനിക്കുകള്‍ ആരംഭിച്ചില്ല; രോഗികള്‍ ചികിത്സയ്ക്കായി മണിക്കൂറുകള്‍ കാത്തിരിക്കണം

Monday 30 June 2014 10:39 pm IST

കോട്ടയം: ഓരോ ദിവസവും പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ജില്ലിയിലെ ആരോഗ്യവകുപ്പ കയ്യുംകെട്ടി നോക്കിനില്‍ക്കുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം വന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും ജില്ലിയിലെ ജില്ലാ ആശുപത്രിയടക്കുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വൈറല്‍പ്പനി, ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും പനിക്ലിനിക്ക് തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം ലഭിച്ചു ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതു ജില്ലാ ആശുപത്രയില്‍പോലും നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രമിച്ചിട്ടില്ല. പനി ബാധിച്ചു വരുന്നവര്‍ക്കു മാത്രം പ്രത്യേകം ചികിത്സ നല്‍കുന്ന പനിക്ലിനിക്ക് സംവിധാനം പനിയും മറ്റു അസ്വസ്ഥതകളുമായി ആശുപത്രിയില്‍ വരുന്നവര്‍ക്കു വലിയ ആശ്വാസമാണ്. പനിക്ലിനിക്കുകള്‍ ആരംഭിക്കാത്തതുമൂലം കടുത്ത പനിയുമായി വരുന്നവര്‍ മെഡിക്കല്‍ വിഭാഗത്തില്‍ കാത്തുനില്‍ക്കണം. ഒപി സമയം കഴിഞ്ഞെത്തുന്ന പനിക്കാര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടേണ്ട ഗതികേടിലാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടുന്നവരെയും മറ്റും നോക്കുന്ന അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പനിക്കാരെക്കൂടി ശ്രദ്ധിക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതുകൊണ്ടു പനിയുമായി എത്തുന്നവര്‍ മണിക്കൂറുകളോളം ഡോക്ടര്‍മാരെ കാത്തിരിക്കേണ്ടി വരുന്നതായും പരാതികളുണ്ട്. ഇതു രോഗികളും ആശുപത്രി ജീവനക്കാരും തമ്മില്‍ ചെറിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഞായാറാഴ്ച ഉച്ചയോടെ ഇത്തരത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഞായറാഴ്ച ഒപി അവധിയായതിനാല്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. മണിക്കൂറുകളോളം ക്യൂവില്‍നിന്ന രോഗികള്‍ക്കു ഡോക്ടറെ കാണാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ എത്തിയാണ് രോഗികളെ നിയന്ത്രിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ജില്ലാ ആശുപത്രിയില്‍ എത്തുന്ന പനി ബാധിതരുടെ എണ്ണം കുറവായതിനാലാണ് പനിക്ലിനിക്കുകള്‍ ആരംഭിക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. പനിബാധിതര്‍ കൂടിയാല്‍ ക്ലിനിക്ക് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷത്തിന്റെ ആരംഭത്തില്‍തന്നെ പനി പടര്‍ന്നു പിടിച്ചപ്പോള്‍ ജില്ലാ ആശുപത്രിയില്‍ പനിക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു. പനി ബാധിച്ചെത്തുന്നവരെ മാത്രം ചികിത്സിക്കാനായി ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവും ഇവിടെ ലഭ്യമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.