ഓറഞ്ച് കൊയ്യാന്‍ കോസ്റ്ററിക്ക

Tuesday 1 July 2014 9:35 am IST

റാസൈഫ്: കറുത്ത കുതിരകളായി ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച കോസ്റ്ററിക്കക്ക് എതിരാളികള്‍ മൂന്നുതവണ ഫൈനല്‍ കളിച്ച ഹോളണ്ട്. ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കോസ്റ്ററിക്ക ഗ്രീസിനെയും (5-3) ആദ്യ മുഖാമുഖത്തില്‍ ഇഞ്ച്വറി ടൈമിലെ വിവാദ പെനാല്‍റ്റിയിലൂടെ ഹോളണ്ട് മെക്‌സിക്കോയെയും കീഴടക്കി (2-1). കോസ്റ്ററിക്കയുടെ കന്നി ക്വാര്‍ട്ടര്‍ ഫൈനലാണിത്. നിശ്ചിതസമയത്തും അധികസമയത്തും 1-1ന് സമനില പാലിച്ചതോടെയാണ് കോസ്റ്ററിക്ക-ഗ്രീസ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 66-ാം മിനിറ്റില്‍ ഓസ്‌കര്‍ ഡുരാറ്റെ ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് കോസ്റ്ററിക്ക കളിച്ചത്. മെക്‌സിക്കോ-ഹോളണ്ട് കാല്‍പ്പന്തങ്കത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 48-ാം മിനിറ്റില്‍ ജിയോവാനി ഡോസ് സാന്റോസിന്റെ തകര്‍പ്പന്‍ ഇടംകാലന്‍ ബുള്ളറ്റ് ഷോട്ടിലൂടെ മെക്‌സിക്കോ ഓറഞ്ച് പടക്കെതിരെ ലീഡ് നേടിയെടുത്തു. പിന്നീട് ഏറെനേരം മെക്‌സിക്കോ മുന്‍തൂക്കം നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ 88-ാം മിനിറ്റില്‍ വെസ്ലി സ്‌നൈഡര്‍ ഡച്ച്‌നിരയെ ഒപ്പമെത്തിച്ചു. റോബന്‍ എടുത്ത കോര്‍ണര്‍ കിക്ക് ക്ലാസ് ജാന്‍ ഹണ്ട്‌ലര്‍ തലകൊണ്ട് ചെത്തിയിട്ടുകൊടുത്തപ്പോള്‍ തകര്‍പ്പനൊരു വലംകാലന്‍ ഷോട്ടിലൂടെ സ്‌നൈഡര്‍ മെക്‌സിക്കന്‍ വലകുലുക്കി. അതുവരെ ഉശിരന്‍ രക്ഷപ്പെടുത്തലുകളുമായി പോസ്റ്റിന് മുന്നില്‍ നിറഞ്ഞുനിന്ന മെക്‌സിക്കന്‍ ഗോളി ഗ്വില്ലര്‍മോ ഒക്കാവോക്ക് സ്‌നൈഡറുടെ ഷോട്ടിനു മുന്നില്‍ കീഴടങ്ങുകയേ വഴിയുണ്ടായിരുന്നുള്ളു. പന്ത് ലക്ഷ്യംകണ്ടതിനുശേഷമാണ് ഒക്കാവോ പോലും വല കുലുങ്ങിയകാര്യം അറിഞ്ഞത്. കഴിഞ്ഞ മത്സരങ്ങളിലൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വിഷമിച്ചുനിന്ന സ്‌നൈഡര്‍ തന്റെ പ്രതിഭ മുഴുവന്‍ പുറത്തെടുത്ത നിമിഷമായിരുന്നു അത്. മത്സരം അധിക സമയത്തേക്ക് നീങ്ങുകയാണെന്ന് തോന്നിയ സന്ദര്‍ഭത്തിലാണ് ഒരു വിവാദ പെനാല്‍റ്റി ഹോളണ്ടിന് ലഭിക്കുന്നത്. ആര്യന്‍ റോബനെ മെക്‌സിക്കന്‍ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസ് ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി അനുവദിച്ചത്. മാര്‍ക്വേസ് കാര്യമായി ഫൗളൊന്നും ചെയ്തില്ലെങ്കിലും റോബന്റെ അഭിനയത്തിന് മുന്നില്‍ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. അക്കാര്യം ടിവി റീപ്ലേകളിലും വ്യക്തമായി. കിക്കെടുത്ത ഹണ്ട്‌ലര്‍ പിഴവു കൂടാതെ പന്ത് വലയിലെത്തിച്ചതോടെ ഹോളണ്ട് അടുത്ത റൗണ്ടിലേക്കു കുതിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.