ആര്‍ച്ച് പാലം ഓണത്തിനു മുമ്പ് തുറക്കും

Monday 30 June 2014 11:07 pm IST

കൊച്ചി: എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷന്റെ കിഴക്കേ കവാടത്തിലേക്കുളള വഴിയില്‍ ജിസിഡിഎ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ പണി അന്തിമഘട്ടത്തില്‍. കൊറിയന്‍ സാങ്കേതികതയുപയോഗിച്ച് നിര്‍മിക്കുന്ന പാലത്തിനായുളള ആര്‍ച്ചുകള്‍ ഇന്ന് രാവിലെ കൊച്ചിയില്‍ എത്തും. കനാലിനു കുറുകെ ആര്‍ച്ച് സ്ഥാപിക്കാന്‍ ഒരാഴ്ചയോളം വേണ്ടിവരുമെന്നും ഓണത്തിനു മുമ്പ് പാലം തുറന്നുകൊടുക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു. തൂണുകള്‍ ഇല്ലാതെയുളളതാണ് കൊറിയന്‍ സാങ്കേതികതയില്‍ ഊന്നിയുളള പുതിയ പാലം. ആര്‍ച്ച് സ്ഥാപിക്കുന്നതിനായി കനാലിനു ഇരുവശവും റോഡിന്റെ വീതിയില്‍ കോണ്‍ക്രീറ്റ് ഇട്ടു കഴിഞ്ഞു. ഈ സാങ്കേതികതയില്‍ കേരളത്തില്‍ ആദ്യമായാണ് ഒരു പാലം നിര്‍മിക്കുന്നത്. 60 വര്‍ഷത്തെ ആയുസാണ് കൊറിയന്‍ കമ്പനി ഈ പാലത്തിനു വാഗ്ദാനം ചെയ്യുന്നത്. മുംബൈയിലെ ഇവരുടെ സഹസ്ഥാപനമാണ് കൊച്ചിയില്‍ പണി ഏറ്റെടുത്തിരിക്കുന്നത്. ആറു മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് രണ്ടു മാസം മുമ്പ് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനം മൂന്നു മാസത്തിനകം തീര്‍ക്കാനാവുമെന്നാണ് പ്രതീക്ഷ. പാലം നിര്‍മാണം കഴിഞ്ഞ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിലുണ്ടാകുന്ന കാലതമാസം ഈ സാങ്കേതികതയില്‍ ഇല്ലെന്നതാണ് പ്രത്യേകത. പ്രത്യേക തൂണുകളോ ഒന്നുമില്ലാതെ ഇരു കരകളിലും തയാറാക്കിയ കോണ്‍ക്രീറ്റ് ഭിത്തിയിലാണ് ആര്‍ച്ചുകള്‍ സ്ഥാപിക്കുക. തുടര്‍ന്ന് ഇരു കരകളെയും ബന്ധിപ്പിച്ച് റയില്‍ ഇട്ടു കഴിഞ്ഞാല്‍ അതില്‍ കോണ്‍ക്രീറ്റ് ചെയ്യുക മാത്രമാണ് ഇനിയുളള പണി. കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയാല്‍ പാലത്തില്‍ കൈവരി സ്ഥാപിക്കുകയും ചെയ്യുന്നതോടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകും. റയില്‍വെ സ്റ്റേഷന്‍ കിഴക്കേ കവാടത്തില്‍ നിന്ന് വൈറ്റില, കലൂര്‍ ഭാഗത്തേക്കും തിരിച്ചും ഒരു ഗതാഗതകുരുക്കുമില്ലാതെ യാത്ര ചെയ്യാന്‍ പുതിയ പാലം തുറക്കുന്നതോടെ സാധ്യമാകും. ഹൈബി ഈഡന്‍ എം.എല്‍.എയുടെ വികസന നിധിയില്‍ നിന്ന് 98 ലക്ഷം രൂപയും ജി.സി.ഡി.എയുടെ 24 ലക്ഷവും ചേര്‍ത്ത് 1.22 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.