ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് മേഖലയിലേക്കുള്ള ആദ്യ കടന്നുവരവിന് തുടക്കം കുറിച്ച ഓര്‍ക്കുട്ട് അടച്ചു പൂട്ടുന്നു. സെപ്റ്റംബര്‍ 30ന് ഓര്‍ക്കുട്ട് അടച്ചു പൂട്ടുമെന്ന് ഗൂഗിള്‍ ഓര്‍ക്കുട്ട് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലൂടെ അറിയിച്ചു. മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സംരംഭങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നതിനാണ് ഇതെന്നാണ് ഗൂഗിളിന്റെ വിശദീകരണം.
2004ലാണ് ഓര്‍ക്കുട്ട് നിലവില്‍ വന്നത്. ഇത് പെട്ടെന്ന് തന്നെ പ്രചാരത്തിലായി. കാലിഫോര്‍ണിയയിലാണ് ഓര്‍ക്കുട്ട് തുടക്കം കുറിച്ചതെങ്കിലും 2008ല്‍ ബ്രസീല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഓര്ക്കുട്ടിന് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചതും ഉപയോക്താക്കള്‍ കൂടിയതും ബ്രസീലിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റാന്‍ ഓര്‍ക്കുട്ടിനെ പ്രേരിപ്പിച്ചു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിലും പുതിയ ട്രെന്റ് നിര്‍മിക്കുന്നതിനും ഓര്ക്കുട്ടിന് കഴിഞ്ഞു. ലോകമെങ്ങുമുള്ള സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും സ്വന്തം ഫോട്ടോകളും അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ഇടമായി ഇത് പെട്ടെന്ന് വളര്‍ന്നു.
എന്നാല്‍, സ്വകാര്യതാ പ്രശ്നങ്ങളടക്കം സാങ്കേതികമായ നിരവധി പോരായ്മകള്‍ ഇതിനുണ്ടായിരുന്നു. ഈ വിടവിലേക്കാണ്, പുത്തന്‍ സംവിധാനങ്ങളുമായി ഫേസ്ബുക്ക് കടന്നു കയറിയത്. ഫേസ്ബുക്കിലിന്ന് 128 കോടി ഉപയോക്താക്കള്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍, ഓര്‍ക്കുട്ടില്‍ നിലവില്‍ എത്ര അംഗങ്ങള്‍ ഉണ്ടെന്ന കാര്യം ഗൂഗിള്‍ കുറിപ്പില്‍ പറയുന്നില്ല.
ഓര്‍ക്കുട്ട് അടച്ചു പൂട്ടുകയാണെങ്കിലും അതിലെ കമ്യൂണിറ്റികളിലുള്ള കുറിപ്പുകള്‍ സെപ്റ്റംബര്‍ 30നു ശേഷവും ലഭ്യമാവുമെന്ന് ഗൂഗിള്‍ അറിയിച്ചു. സ്വന്തം കമന്റുകള്‍ ആര്‍ക്കൈവില്‍ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ക്ക് അത് ഒഴിവാക്കാനും സൗകര്യമുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: