മദ്യവില്‍പ്പന കുറഞ്ഞു; മന്ത്രിയെ തിരുത്തി അഡിക് ഇന്ത്യ

Tuesday 1 July 2014 11:43 pm IST

തിരുവനന്തപുരം: കേരളത്തിലെ മദ്യവില്‍പ്പന വര്‍ധിച്ചെന്ന എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ വാദം തെറ്റാണെന്ന് കണക്കുകള്‍ നിരത്തി സ്ഥാപിച്ചുകൊണ്ട് ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക്) ഇന്ത്യ രംഗത്തെത്തി. സംസ്ഥാനത്ത് 418 ബാറുകള്‍ പൂട്ടിയതിന് ശേഷം മദ്യവില്‍പ്പനയില്‍ കുറവുണ്ടായെന്നാണ് അഡിക് ഇന്ത്യയുടെ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്മുള ബിവറേജസ് കോര്‍പ്പറേഷന്റെ തന്നെ കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കുന്നത്. കേരളത്തിലെ വിദേശ മദ്യത്തിന്റെ വില്‍പ്പന സംബന്ധിച്ച വസ്തുതകള്‍ എക്‌സൈസ് മന്ത്രി മറച്ചുവയ്ക്കുകയാണെന്നും തെറ്റിദ്ധാരണ പടര്‍ത്തുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
കേരളത്തിലെ മദ്യവില്‍പ്പന സംബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്റെ വെബ് സൈറ്റില്‍ ലഭ്യമായിരിക്കുന്ന വിവരം മന്ത്രിയുടെ വെളിപ്പെടുത്തലിന് കടകവിരുദ്ധമാണ്. ബാറുകള്‍ പൂട്ടിയതോടെ ബിവറേജസ് ചില്ലറ വില്‍പ്പനശാല വഴിയുള്ള മദ്യവില്‍പ്പന ഉയര്‍ന്നതായാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളിലെ വില്‍പ്പന 2014 ഏപ്രില്‍-മെയ് മാസങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ നല്ല വ്യത്യാസമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2013 മെയ് മാസത്തേക്കാള്‍ ഈ വര്‍ഷം 78,670 കെയ്‌സുകളുടെ മദ്യ വില്‍പ്പന കുറഞ്ഞതായാണ് കോര്‍പ്പറേഷന്റെ കണക്ക്. 2014 ഏപ്രിലിലാകട്ടെ മുന്‍ വര്‍ഷത്തെക്കാള്‍ 73,048 കെയ്‌സുകളുടെ കുറവാണ് മദ്യവില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ലാഭം കൂടിയിട്ടുണ്ട്. 2012-2013 വര്‍ഷത്തില്‍ 24,877.25 കോടി രൂപയ്ക്കാണ് കേരളം കുടിച്ചു തീര്‍ത്തതെങ്കില്‍ 2013-14 വര്‍ഷത്തില്‍ അത് 26,218.48 കോടിയിലെത്തി നില്‍ക്കുകയാണ്. 7,511 കോടി രൂപയുടെ സാമ്പത്തികലാഭമാണ് ഇതിലൂടെ സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്. മദ്യത്തിന് വിലകൂട്ടിയതാണ് ഇതിനുകാരണം. മന്ത്രിയുടെ കണക്കനുസരിച്ച് മദ്യവില്‍പ്പന വര്‍ധിച്ചിട്ടുണ്ടെങ്കില്‍ ലാഭം ഇരട്ടിയെങ്കിലും ആകണമായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ കേരളത്തിലെ മദ്യ ഉപഭോഗം 12 ശതമാനത്തില്‍ നിന്ന് 67 ശതമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്.
2010ല്‍ ലോകാരോഗ്യ സംഘടന ആവിഷ്‌കരിച്ച ആഗോള മദ്യനയത്തിന് അനുസൃതമായി സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം മദ്യ നയം രൂപീകരിക്കണമെന്നും അഡിക് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. 2011ല്‍ പടര്‍ന്നു പിടിക്കാത്ത രോഗങ്ങളെക്കുറിച്ചുള്ള യുഎന്‍ പ്രമേയവും ഇതിന് മാനദണ്ഡമാക്കണം. ഇതുരണ്ടും കേന്ദ്രസര്‍ക്കാര്‍ നേരത്തേ വിലയിരുത്തിയതാണ്. ഇതിലൂടെ സംസ്ഥാനത്ത് വളര്‍ന്നുവരുന്ന മദ്യാസക്തിക്കെതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുടെ ഉദ്ദേശ്യശുദ്ധിയും സത്യസന്ധതയും തിരിച്ചറിയപ്പെടും.
സംസ്ഥാനത്തെ ജനങ്ങള്‍ മദ്യത്തിന്റെ ഉത്പാദനവും വിതരണവും കര്‍ശനമായി കുറയ്ക്കണമെന്ന നിലപാടുള്ളവരാണ്. എന്നാല്‍ കേരളത്തിലെ മദ്യ ഉപഭോഗത്തെക്കുറിച്ചുള്ള വസ്തുതകള്‍ മറച്ചു പിടിക്കുന്ന മന്ത്രിയുടെ നിലപാട് തികച്ചും നിര്‍ഭാഗ്യകരമാണെന്നും ജോണ്‍സണ്‍ ജെ. ഇടയാറന്മുള ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.