ചെസില്‍ വിജയങ്ങള്‍ എത്തിപിടിച്ച് നിഹാല്‍ സരിന്‍

Wednesday 2 July 2014 12:36 am IST

തൃശൂര്‍: ഏഷ്യന്‍ ചെസ് മത്സരങ്ങളില്‍ പങ്കെടുത്ത അനുഭവങ്ങള്‍ പങ്കുവെച്ച് നിഹാല്‍ സരിന്‍. തൃശൂര്‍ പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തിലാണ് തന്റെ അനുഭവങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പങ്കുവെച്ചത്. അതൊടോപ്പം താഷ്‌ക്കന്റിന്റെ സൗന്ദര്യവും നിഹാല്‍ വിവരിച്ചു. താഷ്‌ക്കന്റില്‍ നടന്ന ഏഷ്യന്‍ അണ്ടര്‍ ടെന്‍ റാപ്പിഡ്, ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പുകള്‍ കേരളത്തില്‍ എത്തിച്ചു കൊച്ചു മിടുക്കന്‍. അണ്ടര്‍ ടെന്‍ റാപ്പിഡ്, ബ്ലിറ്റ്‌സ് വിഭാഗങ്ങള്‍ കൂടാതെ ക്ലാസ്സിക് വിഭാഗത്തില്‍ മത്സരിച്ചെങ്കിലും ടൈബ്രേക്കില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആറ് വയസ്സില്‍ തുടങ്ങിയ ചെസ്സ് കളി നാല് വര്‍ഷം പിന്നിടുമ്പോള്‍ നിഹാല്‍ എത്തിപ്പിടിച്ചിരിക്കുന്ന വിജയങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്.
ആറാം വയസ്സില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ഫിഡേറേറ്റഡ് താരമായി തെരഞ്ഞെടുക്കപ്പെട്ട നിഹാല്‍ കഴിഞ്ഞ വര്‍ഷം ലോക അണ്ടര്‍ ബ്ലിറ്റ്‌സ് ചാമ്പ്യനായിരുന്നു. നിഹാലിന്റെ ഇഷ്ടതാരം മാഗ്നസ് കാള്‍സന്‍ ആണ്. ചെന്നൈയില്‍ നടന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിനിടയില്‍ കാള്‍സന്റെ കളികാണാന്‍ പറ്റി, പക്ഷേ സംസാരിക്കാന്‍ കഴിഞ്ഞില്ല. ഒരു പത്തു വയസ്സുകാരനില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ നിന്നും ഏറെ നിലവാരം പുലര്‍ത്തുന്നതാണ് നിഹാലിന്റെ കളിയെന്ന് കോച്ചും, ദേവമാതാ പബ്ലിക്ക് സ്‌ക്കൂളിലെ ചെസ്സ് അധ്യാപകനുമായ ഇ.പി. നിര്‍മ്മല്‍ സാക്ഷ്യപ്പെടുത്തുന്നു.
മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ദമ്പതിമാരായ എ. സരിന്‍, ഷിജിന്‍ എ. ഉമ്മര്‍ എന്നിവരുടെ മകനായ നിഹാല്‍ തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരി നേഹ സരിന്‍. ക്ലാസ്സുകള്‍ ഒരുപാട് നഷ്ട്ടപ്പെടുന്നുണ്ടെങ്കിലും പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിയാണ് സഹിലെന്ന് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഷാജു ഇടമനയുടെ സാക്ഷ്യം. ഇപ്പോള്‍ സെപ്തംമ്പറില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോക യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നിഹാല്‍. മുത്തച്ഛന്‍ ഉമ്മറിന്റെ കീഴില്‍ ചെസ്സിന്റെ ബാലപാഠങ്ങള്‍ പഠിച്ച നിഹാലിന്റെ ആദ്യ പരിശീലകന്‍ മാത്യു പി. ജോസഫാണ്. പ്രൊഫ. എന്‍.ആര്‍. അനില്‍കുമാര്‍, കെ.കെ. മണികണ്ഠന്‍, സി.ടി. പത്രോസ്, വര്‍ഗ്ഗീസ് കോശി, ദിമിത്രി കോമറോവ് എന്നിവരുടെ കീഴിലും പരിശീലനം നേടിയിരുന്നു.
മുഖാമുഖത്തിന് ശേഷം നിഹാല്‍ സരിനും കോച്ച് നിര്‍മ്മലും തമ്മില്‍ ബ്ലിറ്റ്‌സ് മത്സരവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.