എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ബാംഗ്ലൂരില്‍ ഇറക്കിയ സംഭവം നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു

Wednesday 2 July 2014 12:39 am IST

കൊച്ചി: ഫോണ്‍ കോള്‍ ബോംബ് ഭീഷണിയാണെന്ന് തെറ്റിധരിച്ച് തിങ്കളാഴ്ച കൊച്ചിയില്‍ നിന്നു ദല്‍ഹിക്കു പുറപ്പെട്ട എയര്‍ ഇന്ത്യ 047 വിമാനം അടിയന്തരമായി ബാംഗ്ലൂരില്‍ ഇറക്കിയ സംഭവത്തില്‍ നെടുമ്പാശ്ശേരി പോലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു. എയര്‍ ഇന്ത്യയുടെ പരാതിയെ തുടര്‍ന്ന് ആലുവ കോടതിയില്‍ നിന്നും അനുമതി വാങ്ങിയതിനു ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. രാജ്കുമാര്‍ പറഞ്ഞു. 505, 507 വകുപ്പുകള്‍ പ്രകാരം വ്യാജപ്രചാരണം നടത്തിയതിനാണ് കേസ് എന്നാണ് വിവരം.
തിങ്കളാഴ്ച രാത്രി 8.40ന് കൊച്ചിയില്‍ നിന്നു യാത്രതിരിച്ച വിമാനമാണ് തെറ്റിദ്ധാരണയെ തുടര്‍ന്ന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. സംഭവത്തെ തുടര്‍ന്ന് ദല്‍ഹി സ്വദേശിയായ പ്രജീഷിനെ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വിമാനത്തില്‍ യാത്രചെയ്തിരുന്ന യുവാവിന്റെ സുഹൃത്തായ മലയാളി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. ഇരുവരേയും ചോദ്യം ചെയ്തതില്‍ അസ്വഭാവികമായി ഒന്നുമില്ലഎന്നാണ് ദല്‍ഹി പോലീസ് അറിയിച്ചത്.
താനും സുഹൃത്തും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സുഹൃത്തും ബന്ധുവുമായ യുവാവിനെ അനാവശ്യമായി പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനകളെക്കുറിച്ച് താന്‍ അമ്മയ്ക്കു മെസേജ് അയച്ചിരുന്നു. അമ്മ ആവശ്യപ്പെട്ട പ്രകാരം വിമാനം വൈകുന്നതിനെക്കുറിച്ച് അറിയാനാണ് പ്രജീഷ് വിമാനത്താവളത്തിലേക്കു വിളിച്ചതെന്നു യുവതി പറഞ്ഞു. ബോംബ് വെച്ചതായി ബന്ധു പറഞ്ഞിട്ടില്ല. ഫോണ്‍ വിളി തെറ്റിദ്ധരിച്ചു എയര്‍ഇന്ത്യ വിമാനം അടിയന്തരമായി ബംഗളൂരുവില്‍ ഇറക്കുകയായിരുന്നു എന്നും യുവതി വ്യക്തമാക്കി.
പ്രജീഷിന്റെ ഫോണ്‍ കോളാണ് പ്രശ്‌നം സൃഷ്ടിച്ചത്. എന്നാല്‍ എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത് കൊച്ചി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുള്ള വിവരം യാത്ര പുറപ്പെടും മുമ്പ് യുവതി പ്രജീഷിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവതിയെ ഫോണില്‍ കിട്ടാതെ വന്നപ്പോള്‍ പ്രജീഷിന് ആശങ്കയായി. ഇതേതുടര്‍ന്ന് പ്രജീഷ് കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലെ എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഫോണ്‍ചെയ്ത് വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടോയെന്ന് തിരക്കി. എന്നാല്‍ ഫോണില്‍ സംസാരിച്ച ഉദ്യോഗസ്ഥന്‍ ഫോണ്‍കോള്‍ ബോംബ് ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ വഴി എയര്‍ ഇന്ത്യ വിമാനത്തിന്റെ ക്യാപ്റ്റന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയില്‍ നിന്ന് വിമാനം പുറപ്പെട്ടിട്ട് അര മണിക്കൂറേ ആയിട്ടുണ്ടായിരുന്നുള്ളൂ. സന്ദേശം ലഭിച്ച ഉടനെ തന്നെ വിമാനം തൊട്ടടുത്തുള്ള ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എല്ലാവിധ സുരക്ഷാ സന്നാഹങ്ങളോടുംകൂടി ഇറക്കുകയായിരുന്നു.
156 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റ് വഴിയും മറ്റും ഉടന്‍ തന്നെ താഴെയിറക്കി. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ ബോംബ് സ്‌ക്വാഡ് അടക്കം വിശദമായ പരിശോധന നടത്തി. വിമാനത്താവളത്തിലേക്ക് വന്ന ഫോണ്‍കോള്‍ പരിശോധിച്ച് നമ്പര്‍ കണ്ടെത്തി തിരിച്ചുവിളിച്ചപ്പോഴാണ് ദല്‍ഹി സ്വദേശിയായ പ്രജീഷ് ആണ് ഫോണ്‍ ചെയ്തതെന്നും സംഭവങ്ങള്‍ ഇങ്ങനെയാണെന്നും അധികൃതര്‍ തിരിച്ചറിഞ്ഞത്. സൗദി അറേബ്യയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് വിമാനത്താവളം തകര്‍ക്കുമെന്ന് ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിന് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.