കേന്ദ്രം വീണ്ടും നിയമോപദേശം തേടി

Wednesday 2 July 2014 2:24 am IST

ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി. കേസിലെ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരെ ചോദ്യം ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം ഇറ്റലി തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്യാതെ കേസിലെ വിചാരണ നടപടികള്‍ മുന്നോട്ടുപോവില്ലെന്നതാണ് അവസ്ഥ.
ഈ സാഹചര്യത്തില്‍ നാവികര്‍ക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ സംബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമമന്ത്രാലയത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇറ്റാലിയന്‍ നാവികരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത് കേസിനെ ദുര്‍ബലപ്പെടുത്തിയിരുന്നു. ഇതൊഴിവാക്കി ശക്തമായി മുന്നോട്ടുപോകുന്നതിനായാണ് പുതിയ നിയമോപദേശം തേടിയത്. മറീനുകള്‍ക്കെതിരെ സുവ നിയമം വേണ്ടെന്ന മുന്‍ സര്‍ക്കാര്‍ നിലപാടും പുതിയ സാഹചര്യത്തില്‍ പുനഃപരിശോധിക്കും.
അതിനിടെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗിയെ കേസുമായി ബന്ധപ്പെടുത്തരുതെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇറ്റാലിയന്‍ സര്‍ക്കാരിനു വേണ്ടി കടല്‍ക്കൊലക്കേസിലെ പ്രതികള്‍ക്ക് വേണ്ടി മുകുള്‍ റോത്ഗി നേരത്തെ സുപ്രീംകോടതിയില്‍ ഹാജരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ജിയെ കടല്‍ക്കൊലക്കേസില്‍ നിന്നും മാറ്റണമെന്ന് കേസന്വേഷിക്കുന്ന എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്നാണ് വിവരം.
കേസില്‍ ഇനിമുതല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലാകും ഹാജരാകുകയെന്നാണ് സൂചന. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രാജിവെച്ചൊഴിഞ്ഞ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിദ്ധാര്‍ത്ഥ് ലൂത്രയ്ക്ക് തന്നെ കേസ് നടത്തിപ്പ് ചുമതല നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കടല്‍ക്കൊലക്കേസിലെ വിചാരണ നടപടികള്‍ അനന്തമായി നീളുന്നതിനെതിരായി ഇറ്റലി അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ ഇറ്റലിയുടെ നിസ്സഹരണം മൂലമാണ് കേസിന്റെ വിചാരണ നീളുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.