മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിയായി

Wednesday 2 July 2014 1:11 pm IST

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയെ രൂപീകരിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേന്ദ്ര ജലക്കമ്മീഷനിലെ ഡാം സുരക്ഷാ വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്‍.എ.വി.നാഥാണ് സമിതിയുടെ അദ്ധ്യക്ഷന്‍. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക സമിതിയായിരിക്കും. ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ സുരക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും സമിതി നല്‍കും. ഏതെങ്കിലും വിഷയത്തില്‍ സമിതിയിലെ അംഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടായാല്‍ അദ്ധ്യക്ഷനായിരിക്കും തീരുമാനം കൈക്കൊള്ളുക. അദ്ധ്യക്ഷന്റെ തീരുമാനം അന്തിമവുമായിരിക്കും. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എം.സായ്കുമാര്‍, കേരള ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ചത്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇരു സംസ്ഥാനങ്ങളും നടപ്പാക്കേണ്ടിവരും. പരിശോധനയില്‍ അണക്കെട്ടിന് ഭീഷണിയുണ്ടെന്ന് കണ്ടെത്തിയാല്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തമിഴ്‌നാടിനെ അനുവദിക്കണമെന്നും സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയിലെ തേക്കടിയില്‍ ആയിരിക്കും സമിതിയുടെ ഓഫീസ്. എപ്പോള്‍ വേണമെങ്കിലും സമിതിക്ക് യോഗം ചേരാം. സമിതിയുടെ പ്രവര്‍ത്തനത്തിനു വേണ്ട മുഴുവന്‍ ചെലവും തമിഴ്‌നാട് സര്‍ക്കാര്‍ വഹിക്കണമെന്നും കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനു വേണ്ടി കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.