ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 46 ആയി

Wednesday 2 July 2014 3:45 pm IST

ചെന്നൈ: തമിഴ്‌നാട്ടിലെ പോരൂരില്‍ നിര്‍മാണത്തിലിരുന്ന പതിനൊന്നു നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 46 ആയി. ഇന്ന് നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മരിച്ചവരില്‍ 30 പേര്‍ പുരുഷന്മാരും ശേഷിക്കുന്നവര്‍ സ്ത്രീകളുമാണ്. ഗിണ്ടി പൂനമല്ലി ഹൈവേയില്‍ നഗരഹൃദയത്തില്‍ നിന്ന് പതിനാറു കിലോമീറ്റര്‍ മാറിയുള്ള മൗലിവാക്കത്ത് രണ്ട് പന്ത്രണ്ട് നില കെട്ടിടങ്ങളാണ് പണിതുവന്നത്. അതിലൊന്നാണ് ശനിയാഴ്ച തകര്‍ന്ന് വീണത്. ആര്‍ക്കോണത്തുനിന്നത്തെിയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ശനിയാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയില്‍ 75 ഫ്‌ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീഴുകയായിരുന്നു. തൊട്ടടുത്ത് നിര്‍മാണത്തിലിരിക്കുന്ന സമാനമായ കെട്ടിടം 12 അടി ഭൂമിയിലേക്ക് താഴ്ന്ന് ചെരിഞ്ഞു നിലംപൊത്താറായി. പൊലീസും ഫയര്‍ഫോഴ്‌സുമടക്കം 400ഓളം രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയവരെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മെട്രോ റെയില്‍ കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരണമെന്ന് മുഖ്യമന്ത്രി ജയലളിത നിര്‍ദേശം നല്‍കി. അപകടത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജയലളിത നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ കമ്പനിയുടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രൈം സൃഷ്ടി ലിമിറ്റഡാണ് കെട്ടിടത്തിന്റെ ഉടമസ്ഥര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.