വിവേകികളാകുക

Monday 26 September 2011 9:27 pm IST

പ്രപഞ്ചത്തില്‍ എല്ലാം ഉണ്ട്‌. നമുക്ക്‌ വേണ്ടത്‌ എന്തെന്ന്‌ തിരിച്ചറിഞ്ഞ്‌ സ്വീകരിക്കാനും ആവശ്യമില്ലാത്തിനെ സ്വീകരിക്കാതിരിക്കാനുള്ള അറിവാണ്‌ വിവേകം. വിവേകത്തെ നമുക്ക്‌ ആരിലും അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. എഴുതി പഠിപ്പിക്കാനും പറ്റില്ല. നിയമങ്ങള്‍ പഠിപ്പിക്കാം. പക്ഷേ, എങ്ങനെ വിവേകത്തെ നിയമപുസ്തകത്തില്‍ ക്രോഡീകരിക്കാന്‍ സാധിക്കും. വിവകേം ഓരോരുത്തരിലും ആവിര്‍ഭവിക്കേണ്ടതാണ്‌. ആ വിവേകമാണ്‌ ജീവിതത്തിന്റെ അതിര്‍വരമ്പുകള്‍ ചിട്ടിപ്പെടുത്തുന്നത്‌. അപ്പോള്‍ നിയമങ്ങള്‍ ഒന്നും വേണ്ട എന്നാണോ തഥാതന്‍ ഉപദേശിക്കുന്നതെന്ന്‌ നിങ്ങള്‍ ചോദിക്കും. അങ്ങനെ തഥാതന്‍ ഉപദേശിച്ചിട്ടില്ല. നിയമചിട്ടകള്‍ നമ്മുടെ വളര്‍ച്ചയ്ക്ക്‌ ആവശ്യമാണ്‌. ഒരു ചെടി മുളപൊട്ടി വളര്‍ന്നുവരുമ്പോള്‍ അതിനെ കളകള്‍ നീക്കി വേലികെട്ടി സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണല്ലോ. പക്ഷെ ചെടി വളര്‍ന്ന്‌ വൃക്ഷമാകുമ്പോള്‍ അതിന്റെ ആവശ്യമുണ്ടോ? അതുപോലെ മനുഷ്യബോധത്തില്‍ വിവേകം ഉദിക്കുന്നതുവരെ നിയമചിട്ടകള്‍ അത്യാവശ്യമായി വരുന്നു. വിവേകം ഉദിക്കുന്നതോടെ പ്രകൃതിയുടെ കല്‍പനകള്‍ സ്വയം തിരിച്ചറിഞ്ഞ്‌ ജീവിക്കാന്‍ നമുക്ക്‌ പ്രാപ്തി കൈവരുന്നു. പ്രകൃതിയുടെ ചലനങ്ങളെ തിരിച്ചറിയുന്നതാണ്‌ വിവേകം. മനുഷ്യജീവിതത്തില്‍ വേണ്ടതും വേണ്ടാത്തതും എന്തൊക്കെയാണെന്ന്‌ പ്രകൃതി തന്നെ തരം തിരിച്ചുവച്ചിട്ടുണ്ട്‌. അതുപോലെ ഓരോ സന്ദര്‍ഭങ്ങളിലും നാം എങ്ങനെ ചിന്തിക്കണം എങ്ങനെ പ്രവര്‍ത്തിക്കണം നമ്മുടെ മനോഭാവം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ചെല്ലാം ഉള്ള യഥാര്‍ത്ഥമായ അറിവ്‌ പ്രകൃതിയില്‍ നിക്ഷിപ്തമായി കിടക്കുന്നുണ്ട്‌. അതിനെ സ്വീകരിച്ച്‌ ജീവിക്കാനുള്ള അറിവും കഴിവുമാണ്‌ വിവേകം. മദ്ധ്യത്തില്‍ സ്ഥാനം ഉറപ്പിച്ചവന്‌ മാത്രമേ വിവേകം ഉദിക്കുകയുള്ളൂ. എല്ലാറ്റിനേയും നോക്കികാണാനും ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി അപ്പോള്‍ മാത്രമേ മനുഷ്യന്‍ കൈവരിക്കുകയുള്ളൂ. വിവേകിയായ ഒരാള്‍ക്ക്‌ ഈ പ്രപഞ്ചത്തില്‍ ഒന്നിനേയും നിഷേധിക്കാന്‍ സാധിക്കില്ല. ഒരു കാര്യമുണ്ടെങ്കില്‍ അതിന്റെ പുറകില്‍ ഒരു കാരണവും ഉണ്ടാകണമല്ലോ. വിവേകി അതുകൊണ്ട്‌ നിഷേധിക്കുകയല്ല എല്ലാറ്റിനെയും തിരിച്ചറിയുകയാണ്‌ ചെയ്യുന്നത്‌. ഈ തിരിച്ചറിവില്‍ നിന്ന്‌ അയാളുടെ ചിന്തയും, വാക്കും, കര്‍മ്മങ്ങളും രൂപം പ്രാപിക്കുന്നു.