ആന്റണിയുടെ ആദര്‍ശം നീലക്കുറിഞ്ഞിപോലെ

Wednesday 2 July 2014 8:03 pm IST

ആദര്‍ശധീരനാണ് എ.കെ.ആന്റണി എന്ന് സമ്മതിക്കുന്നവരാണ് മിക്കവാറും ജനങ്ങള്‍. ആദര്‍ശം ഇരുമ്പുലക്കയല്ല എന്ന എതിരഭിപ്രായമൊന്നും അദ്ദേഹം ഗൗനിക്കാറില്ല. എത്ര ഉന്നതിയിലെത്തിയാലും എളിയ ജീവിതം ആന്റണിയുടെ പ്രത്യേകതയാണ്. മുഖ്യമന്ത്രിയായിരിക്കെ സെക്രട്ടറിയേറ്റിലെ കാന്റീനിലെ കുറഞ്ഞ നിരക്കിലുള്ള ഭക്ഷണം ശീലമാക്കിയ ആന്റണി കേന്ദ്രത്തിലെത്തിയിട്ടും ചേലും ശീലവും മാറ്റിയിട്ടില്ല. സഹപ്രവര്‍ത്തകരില്‍ പലരും തണുത്തുവിറക്കുന്ന ഉത്തരേന്ത്യയില്‍ മുന്തിയ സഫാരി സൂട്ടില്‍ ദേഹം പൊതിഞ്ഞുനടക്കുമ്പോള്‍ ഒറ്റമുണ്ടും സാധാരണ ഖാദിയും തന്നെയാണ് ആന്റണിക്ക് പഥ്യം. എന്നുകരുതി എപ്പോഴും ആദര്‍ശം പ്രദര്‍ശിപ്പിക്കുന്ന ഏര്‍പ്പാടൊന്നും ആന്റണിക്കില്ല.
നീലക്കുറിഞ്ഞി ഒരു വ്യാഴവട്ടത്തിലൊരിക്കലേ പൂക്കാറുള്ളൂ. നീലക്കുറിഞ്ഞി പൂത്തലഞ്ഞു നില്‍ക്കുന്ന കാഴ്ച നയനാനന്ദകരം തന്നെയാണല്ലോ. നീലക്കുറിഞ്ഞി പൂക്കുന്നതു കാത്തുനില്‍ക്കുന്ന സഹൃദയന്മാര്‍ എത്രവേണമെങ്കിലുമുണ്ട്. നീലക്കുറിഞ്ഞിപോലെ പന്ത്രണ്ടുവര്‍ഷം കൂടുമ്പോഴൊന്നുമല്ല ആന്റണിയുടെ ആദര്‍ശ പ്രകടനം. അത് എപ്പോള്‍ വരുമെന്നോ എപ്പോള്‍ മാറിമറിയുമെന്നോ മറ്റാര്‍ക്കുമറിയില്ല.
ഏറ്റവുമൊടുവില്‍ എ.കെ. ആന്റണിക്ക് ആദര്‍ശം പൊട്ടിമുളച്ചിരിക്കുന്നത് ഏതാനും ദിവസം മുന്‍പ് തിരുവനന്തപുരത്തുവച്ചാണ്. രാഷ്ട്രീയത്തില്‍ ആന്റണിയുടെ ഗുരുവായ സി.കെ. ഗോവിന്ദന്‍നായരുടെ സ്മരണദിനത്തില്‍. സികെജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗോവിന്ദന്‍ നായര്‍ക്ക് കോണ്‍ഗ്രസ് ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്.
ഗാന്ധിജിയോടൊപ്പം ദേശീയ സമരത്തില്‍ പങ്കെടുത്ത നേതാവ്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് മൂന്നുവര്‍ഷം ജയില്‍വാസം അനുഷ്ഠിച്ച സികെജി കേരളഗാന്ധി കെ. കേളപ്പനെ തോല്പിച്ച് കെപിസിസി പ്രസിഡന്റായ നേതാവാണ്. മലബാര്‍ പ്രവിശ്യ സഭയില്‍ കൊയിലാണ്ടിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സികെജി ആദ്യതെരഞ്ഞെടുപ്പില്‍ എകെജിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയുമായിരുന്നു. അറുപതുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നുപറഞ്ഞാല്‍ അറിയാമല്ലോ അദ്ദേഹം നെഹ്‌റുവിന്റെ സമശീര്‍ഷനാണെന്ന്. 1964 - ല്‍ രാജ്യസഭാംഗവുമായി.
'വര്‍ഗീയ കക്ഷികളോടും സാമുദായിക സംഘടനകളോടും കോണ്‍ഗ്രസിന് ഒരു ലക്ഷ്മണ രേഖ വേണം' എന്ന നിലപാടുകാരനായിരുന്നു സികെജി. ''ഇന്ന് അവര്‍ ചോദിക്കുന്നത് കൊടുത്താല്‍ നാളെ കൂടുതല്‍ ചോദിക്കും. ഇത് സമ്മര്‍ദ്ദമാവും.'' മുസ്ലിം ലീഗിന്റെ സമീപനങ്ങളെക്കുറിച്ചായിരുന്നു ഈ പരാമര്‍ശം. മാലേത്ത് ഗോപിനാഥപിള്ളക്ക് പാര്‍ട്ടിസ്ഥാനം നല്‍കാന്‍ മന്നത്ത് പത്മനാഭന്‍ ആവശ്യപ്പെട്ടപ്പോള്‍ ''അടുപ്പം വേറെ, രാഷ്ട്രീയം വേറെ'' എന്നായിരുന്നു സികെജിയുടെ മറുപടി.
(മുസ്ലിം ലീഗിന്റെ അഞ്ചാംമന്ത്രി പ്രശ്‌നം കത്തിക്കാളിയപ്പോള്‍ സികെജിയെ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ഉദ്ധരിച്ച് ഉണ്ടായ പുകില്‍ വിസ്മരിക്കാറായിട്ടില്ല.) അങ്ങനെയുള്ള സികെജി അനുസ്മരണം സ്വാഭാവികമായി ആന്റണിയിലെ ആദര്‍ശംപുറത്തുചാടിക്കുമെന്ന് പറയേണ്ടതില്ല.
'കോണ്‍ഗ്രസിന്റെ മതേതരത്വം ന്യൂനപക്ഷങ്ങളിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായി. നമ്മുടെ സമീപനം ചാഞ്ഞും ചരിഞ്ഞുമാണെന്ന വിശ്വാസം ബലപ്പെട്ടു. നമ്മള്‍ ആത്മപരിശോധന നടത്തണം,' എന്നൊക്കെയായിരുന്നു ഉപദേശം. ആന്റണി പറഞ്ഞത് അക്ഷരം പ്രതിശരിയാണ്.
സികെജിയ്ക്കുശേഷം കോണ്‍ഗ്രസ് ക്രിസ്ത്യന്‍-മുസ്ലിം പക്ഷത്തേക്ക് ചരിഞ്ഞ് നീങ്ങി എന്നതാണ് അനുഭവം. നിവര്‍ന്ന് നില്‍ക്കാനും നേരെ നടക്കാനും അവര്‍ ആലോചിച്ചിട്ടില്ല. നേരിന്റെ രാഷ്ട്രീയത്തിന് പകരം നെറികേടിന്റെ രാഷ്ട്രീയമാണവര്‍ പ്രവര്‍ത്തിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെ കോണ്‍ഗ്രസായി എന്ന് എസ്എന്‍ഡിപിയോഗവും എന്‍എസ്എസും വിലയിരുത്തിയിട്ടുണ്ട്. മുസ്ലിംലീഗ് എന്ന വര്‍ഗീയ രാഷ്ട്രീയത്തിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുമാത്രമല്ല, മുസ്ലിം തീവ്ര-ഭീകര പ്രസ്ഥാനങ്ങളുമായി ചേര്‍ന്നുപോകാന്‍ പോലും കോണ്‍ഗ്രസിന് മനഃസാക്ഷിക്കുത്തുണ്ടായിട്ടില്ല. അത് ഇന്നത്തെ അനുഭവം മാത്രമല്ല, പതിറ്റാണ്ടുകളായി തുടരുകയാണിത്. ബിജെപിയടക്കമുള്ള രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും നിരന്തരമായി ഇത് ചൂണ്ടിക്കാട്ടിയിട്ടും 'പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെ'ന്നെ നിലപാടാണ് കോണ്‍ഗ്രസും നേതാക്കളും സ്വീകരിച്ചുപോരുന്നത്. ആന്റണിയും അതില്‍ നിന്നും വേറിട്ട് നിന്നിരുന്നില്ല. എന്നിരുന്നാലും ആദര്‍ശം തേട്ടിവരുമ്പോള്‍ ആന്റണി പ്രകടിപ്പിക്കുന്നുമുണ്ട്. ആന്റണി കെപിസിസി പ്രസിഡന്റായിരിക്കെ ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനം അദ്ദേഹം ബഹിഷ്‌കരിച്ചു. ഇന്ദിരാഗാന്ധി ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തുന്നത് മതേതരത്വത്തിന് ചേരുന്നതായിരുന്നില്ലെന്ന ആദര്‍ശത്തിരിച്ചറിവായിരുന്നു ആന്റണിക്ക്. കാലം മാറിയപ്പോള്‍ ആ നിലപാടു മറവി ആന്റണിക്കും ഉണ്ടായി.
സികെജിയെ വിസ്മരിച്ച കോണ്‍ഗ്രസ് മുന്‍നിലപാടുകള്‍ മറന്ന് മുസ്ലിംലീഗിനെ മാറോടണക്കുന്ന കാഴ്ചയാണ് ദശാബ്ദങ്ങളായി കണ്ടുവരുന്നത്. ലീഗ് ആവശ്യപ്പെടുന്നതെന്തും നല്‍കാന്‍ കോണ്‍ഗ്രസ് ഒരുങ്ങി നില്‍ക്കുകയാണ്. ഇഎംഎസ് സര്‍ക്കാരില്‍ സ്വാധീനമുറപ്പിച്ച് മലപ്പുറം ജില്ല ലീഗ് നേടിയെടുക്കുമ്പോള്‍ പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസ് മൗനസമ്മതം നല്‍കി. ജില്ല കിട്ടിയപ്പോള്‍ ഇഎംഎസിനെ വിട്ട് മുസ്ലിംലീഗിന്റെ ശയനം കോണ്‍ഗ്രസിനൊപ്പമായി. ചോദിക്കുന്ന വകുപ്പുകളെല്ലാം നല്‍കി. ലീഗിന് ലഭിക്കുന്ന വകുപ്പുകളില്‍ മുഖ്യമന്ത്രിക്കുപോലും ഇടപെടാന്‍ അവകാശം നല്‍കിയില്ല. എകെ ആന്റണി മന്ത്രിസഭയെ നയിച്ചപ്പോഴും സ്ഥിതി മാറിയിരുന്നില്ല.
ഒരിക്കല്‍ എറണാകുളത്ത് മത്തായി മാഞ്ഞൂരാന്‍ സ്മാരക പ്രഭാഷണം നടത്തുമ്പോള്‍ ആന്റണിക്ക് ആദര്‍ശം പതഞ്ഞുപൊങ്ങി. 'ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ അവകാശം പോലും അടിച്ചെടുക്കുന്നു. ഇത് അസന്തുലിതാവസ്ഥയാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത്.' എന്ന ആന്റണിയുടെ വാക്കുകള്‍ കോളിളക്കം തന്നെ സൃഷ്ടിച്ചത് സ്വാഭാവികം. അതായത്, ഏറ്റവും ഒടുവില്‍ പ്രകടിപ്പിച്ച അഭിപ്രായത്തിന് സമാനമായ അരുളപ്പാടുകള്‍ മുമ്പും ആന്റണിക്കുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്കസേരതന്നെ ഇളക്കിയെന്നത് ചരിത്രം. അതുകൊണ്ടാകാം കേരളത്തിലെ വര്‍ഗീയ പിത്തലാട്ടങ്ങള്‍ക്ക് നേരെ അദ്ദേഹം പലപ്പോഴും കണ്ണടച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ അഞ്ചാം മന്ത്രിസ്ഥാനം സമൂഹത്തില്‍ സജീവ ചര്‍ച്ചയും വാദപ്രതിവാദങ്ങളും കൊടുമ്പിരിക്കൊണ്ടപ്പോള്‍ എ.കെ.ആന്റണി ഒരു പ്രതിരോധനത്തിനും എത്താതെ കേന്ദ്ര പ്രതിരോധമന്ത്രിക്കസേരയില്‍ അമര്‍ന്നിരുന്നു.
വേണ്ടപ്പോള്‍ തോന്നാത്തബുദ്ധി ആന്റണി വേണ്ടാത്ത സമയത്താണ് പ്രയോഗിച്ചതെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാരുടെ നിലപാട്. ആന്റണിയെ തിരുത്താന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിലെ ജൂനിയര്‍ നേതാക്കളാണ് അണിനിരന്നിട്ടുള്ളത്. ആന്റണിയുടെ അഭിപ്രായം കോണ്‍ഗ്രസിനില്ലെന്നാണ് മനീഷ് തിവാരി എന്ന വക്താവ് പ്രസ്താവിച്ചത്. മറ്റൊരു വക്താവ് ഷക്കീല്‍ അഹമ്മദും ആന്റണിയുടെ വാക്കുകള്‍ കോണ്‍ഗ്രസിന്റേതല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഏതായാലും ആന്റണിക്ക് തികട്ടിവരുന്ന ആദര്‍ശപ്രഖ്യാപനം ആ പാര്‍ട്ടിക്ക് അത്ര സഹായകമാവുകയില്ലെങ്കിലും ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ കേരളം അര്‍ഹിക്കുന്നതാണ്. അത് വല്ലപ്പോഴേ ഉണ്ടാകുന്നുള്ളൂ എന്നതാണ് ആന്റണിയുടെ കുഴപ്പം. ഓമനപ്പേരില്‍ അതിന് അവസരവാദമെന്ന് ദോഷൈകദൃക്കുകള്‍ വ്യാഖ്യാനിക്കും. ഏതായാലും എല്‍.കെ. അദ്വാനിയും എസ്. രാമചന്ദ്രപിള്ളയുമൊക്കെ എ.കെ. ആന്റണിയുടെ പ്രസ്താവന സ്വാഗതം ചെയ്തപ്പോള്‍ത്തന്നെ അറിയാം, കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്താന്‍ ധാരാളമായി.
കെ. കുഞ്ഞിക്കണ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.