ഉപഭോഗമനസ്സ്‌

Monday 26 September 2011 9:28 pm IST

അസ്തിത്വം നിലനില്‍ക്കുന്നത്‌ നിലനില്‍ക്കാന്‍ വേണ്ടി മാത്രമാണ്‌. ജീവിതവും അതുപോലെ തന്നെ. അതിനപ്പുറത്ത്‌ അതിന്‌ യാതൊരു അര്‍ത്ഥവുമില്ല. അതിനാല്‍ ഒരിക്കലും ഏതെങ്കിലും അര്‍ത്ഥം അതില്‍ ആരോപിച്ചേക്കരുതേ. അല്ലെങ്കില്‍, നിങ്ങള്‍ക്കതിന്റെ അര്‍ത്ഥശൂന്യത അനുഭവപ്പെടും. അത്‌ അര്‍ത്ഥശൂന്യതയല്ല, അങ്ങനെയാവാന്‍ സാധ്യവുമല്ല. എന്തുകൊണ്ടെന്നാല്‍ അര്‍ത്ഥമേയില്ലാതിരിക്കുമ്പോള്‍ പിന്നവിടെയാണ്‌ അര്‍ത്ഥശൂന്യതേ? അര്‍ത്ഥത്തിനുവേണ്ടിയുള്ള അന്വേഷണം തന്നെ അധമവും വൃത്തിഹീനവുമത്രേ. കാരണം, ആ ത്വരയുണ്ടാവുന്നത്‌ മനുഷ്യന്റെ ഉപഭോഗ മനസ്സില്‍ നിന്നുമാണ്‌. അസ്തിത്വം ഉണ്ടായിരിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌ ജീവിതവും. അതില്‍ യാതൊരു ഉദ്ദേശ്യവും നിക്ഷിപ്തമായിരിക്കുന്നില്ല. അതിന്‌ ഒരവസാനവുമില്ല. അതനുഭവിച്ചറിയുക, ഇപ്പോള്‍. ഇവിടെ ! ദയവായി അത്‌ പരിശീലിച്ചേക്കരുത്‌, കാരണം, അതാണ്‌ ഉപഭോഗമനസ്സിന്റെ മാര്‍ഗ്ഗം. വിനോദവാനായിരിക്കുക അപ്പോള്‍ മാത്രമേ നിങ്ങള്‍ക്കറിയാനാവൂ, പ്രപഞ്ചത്തിന്റെ അനാദ്യന്തലീലാവിലാസം. ഇതറിയലാണ്‌ ആത്മീയമായിരിക്കുകയെന്നാല്‍.