ചുവന്ന ചെകുത്താന്മാര്‍ക്ക് മുന്നില്‍ അമേരിക്ക വീണു

Wednesday 2 July 2014 9:39 pm IST

സാല്‍വഡോര്‍: അമേരിക്കന്‍ പോരാട്ടവീര്യത്തെ അരിഞ്ഞുവീഴ്ത്തി ബെല്‍ജിയം ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. എക്‌സ്ട്രാ സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചുവന്ന ചെകുത്താന്മാരെന്ന് അറിയപ്പെടുന്ന ബെല്‍ജിയത്തിന്റെ വിജയം. എന്നാല്‍ ഈ മത്സരം ഓര്‍മ്മിക്കപ്പെടുക അമേരിക്കന്‍ ഗോളി ടിം ഹൊവാര്‍ഡിന്റെ രക്ഷപ്പെടുത്തലുകളുടെയും ബെല്‍ജിയം തുലച്ചു കളഞ്ഞ അവസരങ്ങളുടെയും പേരിലായിരിക്കും. ബെല്‍ജിയം താരങ്ങള്‍ പോസ്റ്റിനെ ലക്ഷ്യംവച്ച് പറത്തിയ 15 ഷോട്ടുകളാണ് ടിം ഹൊവാര്‍ഡ് രക്ഷപ്പെടുത്തിയത്.
മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചത് അമേരിക്കയായിരുന്നു. 54 ശതമാനം പന്ത് നിയന്ത്രിച്ചുവെങ്കിലും ആക്രമണങ്ങളുടെ പെരുമ്പറ മുഴക്കിയത് ബെല്‍ജിയമാണ്. മത്സരത്തിലുടനീളം 39 ഷോട്ടുകളാണ് ബെല്‍ജിയം പട അമേരിക്കന്‍ ഗോള്‍മുഖത്തേക്ക് പറത്തിയത്. ഇതില്‍ 17 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ടിം ഹൊവാര്‍ഡ് എന്ന അമാനുഷികന്റെ പ്രകടനമാണ് ബെല്‍ജിയത്തിനും ഗോളിനുമിടക്ക് വിലങ്ങുതടിയായത്. ഇതോടെ നിശ്ചിത സമയത്ത് ഗോള്‍ നേടാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞതുമില്ല. ഒടുവില്‍ എക്‌സ്ട്രാ സമയത്താണ് ഹൊവാര്‍ഡിനെ കീഴടക്കി ബെല്‍ജിയം രണ്ട് തവണ അമേരിക്കന്‍ വല ചലിപ്പിച്ചത്. 93-ാം മിനിറ്റില്‍ കെവിന്‍ ഡു ബ്രൂയാനും 105-ാം മിനിറ്റില്‍ റൊമേലു ലുകാകുവുമാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയത്. 107-ാം മിനിറ്റില്‍ ജൂലിയന്‍ ഗ്രീന്‍ അമേരിക്കയുടെ ആശ്വാസഗോള്‍ നേടി. അമേരിക്കന്‍ താരങ്ങള്‍ 17 തവണ ബെല്‍ജിയം ഗോള്‍മുഖത്തേക്ക് പന്ത് പറത്തിയെങ്കിലും ലക്ഷ്യത്തിലേക്ക് നീങ്ങിയത് അഞ്ചെണ്ണം മാത്രം.
അര്‍ജന്റീനയാണ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ എതിരാളികള്‍. ഈ ലോകകപ്പില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു അമേരിക്കയും ബെല്‍ജിയവും തമ്മില്‍ നടന്നത്. യുവത്വത്തിന്റെ തിളപ്പും ചങ്കുറപ്പുമായി ലോകകപ്പിലെ കറുത്ത കുതിരകളെന്ന് പ്രവചിക്കപ്പെടുന്ന ബെല്‍ജിയവും ചോരാത്ത ആവേശവുമായി അമേരിക്കയും കളം നിറഞ്ഞപ്പോള്‍ ആവേശം പാരമ്യത്തിലെത്തി. കിക്കോഫ് മുതല്‍ അവസാന വിസില്‍ വരെ ഒരു നിമിഷം പോലും വിരസമാകാതെ കാണികളെ ആവേശത്തിലാറാടിച്ച മത്സരത്തില്‍ നിശ്ചിത സമയത്ത് ഗോള്‍ പിറക്കാതിരുന്നത് നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ്.
ഇരു കൂട്ടരും ആക്രമണം മാത്രം ലക്ഷ്യമിട്ടപ്പോള്‍ രണ്ടുപേര്‍ക്കും കിട്ടി മിഡ്ഫീല്‍ഡില്‍ മേഞ്ഞു നടക്കാന്‍ ഇഷ്ടംപോലെ ഇടം ലഭിച്ചു. എപ്പോള്‍ വേണമെങ്കിലും എതിര്‍ ഗോള്‍മുഖത്തേയ്ക്ക് ഇരച്ചുചെല്ലാനുള്ള ഒരു അവസരം കൂടിയാണ് ഇതൊരുക്കിയത്. ആക്രമണത്തില്‍ മുന്‍തൂക്കം ബെല്‍ജിയത്തിനായിരുന്നു. ഹസാഡും ഒറിഗിയും ഡി ബ്രൂയ്‌നും ഫെല്ലാനിയുമെല്ലാം അതീവ അപകടകാരികളായിരുന്നു. കളി തുടങ്ങി ഒന്‍പതാം സെക്കന്‍ഡില്‍ തന്നെ മനോഹരമായൊരു ഗോളവസരമാണ് ഒറിഗി നഷ്ടപ്പെടുത്തിയത്. പിന്നീട് അവസരങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. 29-ാം മിനിറ്റില്‍ ഹസാഡിന്റെ ഒരു ശ്രമം ഏറെ പണിപ്പെട്ടാണ് ഹൊവാഡ് വഴിതിരിച്ചുവിട്ടത്. 48-ാം മിനിറ്റില്‍ ഉറഗരയുടെ ഒറിഗി തുടക്കമിട്ട ഒരു നീക്കത്തിനൊടുവില്‍ ഡി ബ്രൂയാനില്‍ നിന്ന് ലഭിച്ച പന്ത് മെര്‍ട്ടെന്‍സ് ഗോളിലേയ്ക്ക് വഴിതിരിച്ചുവിട്ടെങ്കിലും ഹൊവാഡിനെ മറികടക്കാന്‍ കഴിഞ്ഞില്ല. 54-ാം മിനിറ്റില്‍ ഗോളെന്ന് ഉറച്ച ഒരവസരം നഷ്ടപ്പെടുത്തിയ ഒറിഗി രണ്ടു മിനിറ്റിനുള്ളില്‍ ഒരിക്കല്‍ക്കൂടി ഗോളിനടുത്തെത്തിയെങ്കിലും ഇത്തവണയും ഹൊവാഡ് വില്ലനായി. 76-ാം മിനിറ്റില്‍ ഒറിഗിയും മാര്‍ട്ടെന്‍സും ചേര്‍ന്ന് നടത്തിയ ഒരു നീക്കവും അത്ഭുതകരമായാണ് ഹൊവാഡ് രക്ഷിച്ചത്. 83-ാം മിനിറ്റി വാന്‍ ബ്യൂട്ടെന്റെ ഒരു അവസരത്തിന് മുന്നിലും ഹൊവാഡ് വന്‍മതിലായി നിലകൊണ്ടു.
അധിക സമയത്തിന്റെ തുടക്കത്തില്‍ റൊമേലു ലുകാകു പകരക്കാരനായി ഇറങ്ങിയതോടെ ബെല്‍ജിയന്‍ ആക്രമണത്തിന്റെ കരുത്തുകൂടി. രണ്ട് മിനിറ്റിനുശേഷം ബെല്‍ജിയം ആദ്യ ഗോളും നേടി. പന്തുമായി മുന്നേറിയ ലുകാകു പെനാല്‍റ്റി ബോക്‌സില്‍ വച്ച് പന്ത് കെവിന്‍ ഡു ബ്രൂയാന് കൈമാറി. പന്ത് പിടിച്ചെടുത്ത ബ്രൂയാന്റെ കരുത്തുറ്റ ഷോട്ട് അമേരിക്കന്‍ വലയില്‍ തുളച്ചുകയറി. ഗോള്‍ വീണതോടെ അമേരിക്ക ആക്രമണം ശക്തമാക്കി.
ആദ്യ ഗോളിന് വഴിയൊരുക്കിയ ലൂക്കാക്കു തന്നെയാണ് 105-ാം മിനിറ്റില്‍ ഒന്നാന്തരമൊരു ഗോളിലൂടെ രണ്ടാമതും വല ചലിപ്പിച്ചത്. ഇത്തവണ ആദ്യ ഗോളിന്റെ പ്രത്യുപകാരം എന്നപോലെ ഡി ബ്രൂയാനില്‍ നിന്ന് സ്വീകരിച്ച പന്താണ് ശക്തമായ ഒരു ഷോട്ടിലൂടെ ലൂക്കാക്കു വലയിലെത്തിച്ച് ബെല്‍ജിയത്തിന്റെ ജയം ഉറപ്പിച്ചത്. എന്നാല്‍ രണ്ട് മിനിറ്റിനിടെ അമേരിക്ക ഒരെണ്ണംതിരിച്ചടിച്ചു. ഗോള്‍മുഖത്തേയ്ക്ക് ഓടിയിറങ്ങുന്ന ഗ്രീനിനെ ലാക്കാക്കി ഒന്നാന്തരമൊരു പന്താണ് ബ്രാഡ്‌ലി പൊക്കിക്കൊടുത്തത്. ഓട്ടത്തിനിടെ തന്നെ വോളി പിടിച്ചെടുത്ത ഗ്രീന്‍ വായുവില്‍ വച്ചുതന്നെ അത് നെറ്റിലേയ്ക്ക് തിരിച്ചുവിട്ടു. ഇതോടെ ലോകകപ്പില്‍ അമേരിക്കക്ക് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും ഗ്രീനിനെത്തേടിയെത്തി.
ഒരു ഗോളടിച്ചതോടെ അമേരിക്ക ശരിക്കും ഉണര്‍ന്നു. ഒന്നാന്തരം നീക്കങ്ങള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായി. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും ഫിനിഷിംഗിലെ പോരായ്മകള്‍ അമേരിക്കക്ക് തിരിച്ചടിയായി. ഒപ്പം സ്‌ട്രൈക്കര്‍മാരെ ഗോളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ വിന്‍സന്റ് കംപാനി നേതൃത്വം നല്‍കിയ ബെല്‍ജിയന്‍ പ്രതിരോധവും ഒന്നാന്തരം പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ ബെല്‍ജിയം 1986ന് ശേഷം ആദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.