വേണം കുറച്ച് കടുത്ത നടപടികള്‍

Thursday 3 July 2014 9:55 pm IST

രണ്ടാം ലോകയുദ്ധം നടക്കുമ്പോള്‍ ഭാരതം പൊതുവെയും കേരളം പ്രത്യേകിച്ചും അതൊന്നും ബാധിക്കാതെ, ഗൗനിക്കാതെ, സാധാരണ മട്ടില്‍ കഴിഞ്ഞുപോന്നുവത്രെ. അപ്പോള്‍ കേരളത്തിലെ ജനങ്ങളെ ഒന്നു വിരട്ടാന്‍ ഭാരതവ്യോമസേനയുടെ വിമാനം ഏറെ താഴ്ത്തി പറത്തിയത്രേ. പണ്ടുള്ളവര്‍ പറഞ്ഞു തന്ന കഥകളിലൊന്നാണ്. ചരിത്രമായാലും കഥയായാലും അതൊരു മാതൃക കൂടിയാണ്.
പൂച്ചക്ക് മണികെട്ടണമെന്ന് സംശയമില്ലാ ആര്‍ക്കും. പക്ഷേ ആരത് ചെയ്യും എന്നതാണ് പ്രശ്‌നം. പേടിക്കേണ്ടത് പൂച്ചയെ അല്ല എന്നതാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. പ്രത്യേകിച്ച് ജനാധിപത്യ സംവിധാനത്തിലാവുമ്പോള്‍ പൂച്ചയെന്നാല്‍ പുലിപോലുമല്ല, അതിനേക്കാള്‍ കരുത്തുറ്റവനാണ് എന്നുകൂടി വരുമ്പോള്‍.
സര്‍ക്കാരില്‍നിന്ന് കുറച്ച് കടുത്ത നടപടികള്‍ ഉണ്ടാവണം. ഏതു രംഗത്ത് എന്ന് ചോദിച്ചാല്‍ എല്ലാ രംഗത്തും എന്നാണുത്തരം. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഉദാഹരണമായി, ഭീകരര്‍ക്കെതിരെ കടുത്ത നടപടി വേണം; ആരും എതിര്‍ക്കുന്നില്ല. കള്ളപ്പണക്കാര്‍ക്കെതിരെ കടുത്ത നടപടി വേണം; സന്തോഷമേയുള്ളൂ.
അയല്‍രാജ്യങ്ങളുടെ ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കര്‍ക്കശ നിലപാടു വേണം; കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്ര മന്ത്രിസഭയുടെ വലുപ്പം കുറയ്ക്കണം, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കണം; ഭേഷ് നല്ല കാര്യം തന്നെ. ശരി, ഇവയൊക്കെ കടുത്ത നടപടികളല്ലെ? അതെ. അതിനെ തുണക്കാന്‍ തയ്യാര്‍. പക്ഷേ....
റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിക്കേണ്ടി വരുന്നു; മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാണ്- ഛേ, അത്തരം കടുത്ത നടപടി വേണ്ട. പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വരും; മോശം, അത് കറുത്ത നടപടിയല്ലെ. ഗ്യാസ് സബ്‌സിഡിയില്‍ ഇളവു വരും; അയ്യോ, അതു പാടില്ല, പാടില്ല. ബജറ്റില്‍ ഒട്ടേറെ നിയന്ത്രണങ്ങളും നിലവിലുള്ള സൗജന്യങ്ങളില്‍ കുറവുവരും-വേണ്ട, അങ്ങനെയാണെങ്കില്‍ കടുത്ത നടപടികള്‍ വേണ്ടേ വേണ്ട. അതായത് ഇതൊരു മനഃസ്ഥിതിയാണ്. സൗജന്യങ്ങളും ആനുകൂല്യങ്ങളും എക്കാലത്തും നിലനില്‍ക്കണം. ഒരിക്കല്‍ തുടങ്ങിയാല്‍ അത് തുടരണം. ഒരു പക്ഷേ ദുശ്ശീലങ്ങളില്‍ മാത്രമായിരിക്കും ഇത്തരമൊരു നിര്‍ബന്ധം. അഥവാ ഇത്തരം നിര്‍ബന്ധത്തെയാണോ ദുശ്ശീലം എന്നു വിളിക്കുന്നത്.
നരേന്ദ്ര മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം മാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദം ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ചാണ്. മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് നടത്തിയ ഒരു പ്രസ്താവനയുടെ തെറ്റായ റിപ്പോര്‍ട്ടിംഗും വ്യാഖ്യാനവുമാണ് വിവാദമായത്. അതിന്റെ ശരിതെറ്റുകള്‍ നില്‍ക്കട്ടെ. 370-ാം വകുപ്പ് ആനുകൂല്യം എക്കാലത്തേക്കും അനുഭവിക്കുകയെന്ന ആവശ്യമാണ് വാസ്തവത്തില്‍ ആ വിവാദത്തിന്റെ ആധാരം. ഒരു ആനുകൂല്യം ഇല്ലാതായിപ്പോകുന്നതിന്റെ പ്രശ്‌നം. അത് വേണ്ടതാണോ, ഗുണമോ ദോഷമോ ഇല്ലാതായാല്‍ എന്തു സംഭവിക്കും എന്ന ചര്‍ച്ചയോ വിശകലനമോ പോലും അനുവദനീയമല്ലെന്ന നിലപാട്. ഇത് ഭരണഘടനാപരമായ ഒരു വിഷയത്തിലുള്ള പ്രശ്‌നം. എന്നാല്‍ ഇതുപോലെ നിത്യജീവിതത്തില്‍ സാധാരണക്കാരന്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങളുടെ നിര്‍ത്തലോ തുടരലോ വിഷയമാകുമ്പോള്‍ കുറച്ചുകൂടി വൈകാരികവും തീവ്രവുമാകും കാര്യങ്ങള്‍.
അതായത്, ഒരു സര്‍ക്കാര്‍ എന്ന സംവിധാനം ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനുള്ളതോ അതോ ജനക്ഷേമവും പുരോഗതിയും രാജ്യതാല്‍പ്പര്യവും സംരക്ഷിക്കാനുള്ളതോ എന്നതാണ് വിഷയം. തെരഞ്ഞെടുപ്പ് വാഗ്ദാന പത്രികകള്‍ ഉണ്ടാക്കുന്ന വിനകളാണ് വാസ്തവത്തില്‍ ഏറെക്കാലമായി ഭരണരംഗത്ത് വരുത്തിക്കൂട്ടിയിരിക്കുന്ന ഭീമാബദ്ധങ്ങള്‍ക്കടിസ്ഥാനം. ഭരണം പിടിക്കാന്‍ കക്ഷിരാഷ്ട്രീയങ്ങള്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ രാജ്യതാല്‍പ്പര്യവും ജനതാല്‍പ്പര്യവും പിന്നാമ്പുറത്തെവിടെയോ പൊയ്‌പ്പോയി. സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ മാത്രം പ്രതീക്ഷിക്കുന്ന ജനതയെ സൃഷ്ടിക്കാനായതാണ് ഇതിന്റെ ആത്യന്തികഫലം. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ ആരുടെ ഏതു സര്‍ക്കാര്‍ വന്നാലും ''എനിക്കെന്തു കിട്ടും'' എന്ന ചോദ്യത്തിലേക്കും ലക്ഷ്യത്തിലേക്കും വ്യക്തികള്‍ ചുരുങ്ങിപ്പോകുന്നു.
ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങള്‍ക്ക് കുറെ സൗജന്യങ്ങള്‍ പ്രഖ്യാപിക്കാന്‍ വേണ്ടിയാണെന്ന് എങ്ങനെയാണ് നമ്മള്‍ ധരിച്ചുപോയത്. ഒരു സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പദ്ധതിയാണ് ബജറ്റെന്ന് അറിയാവുന്നവരും ചിന്തിക്കുന്നവരും അങ്ങനെ ബജറ്റിനെ വീക്ഷിക്കുന്നവരും എത്ര ശതമാനമുണ്ടാകും? ബജറ്റവലോകനം നടത്തുമ്പോള്‍ സര്‍ക്കാരിന്റെ പദ്ധതിയാസൂത്രണത്തെ വിശകലനം ചെയ്തു മാര്‍ക്കിടുന്ന എത്ര വിദഗ്ദ്ധന്മാരുണ്ടാകും? എത്ര മാധ്യമങ്ങളുണ്ടാവും? ജനപ്രിയ ബജറ്റാണ്, അഥവാ അല്ല എന്നു പറയുമ്പോള്‍ അവര്‍ അടിസ്ഥാനമാക്കുന്നത് ജനങ്ങള്‍ക്ക് നേരിട്ട് പിറ്റേന്ന് മുതല്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും സൗജന്യങ്ങളും എത്രമാത്രം എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. ഒരിക്കലും രാജ്യതാല്‍പ്പര്യം, രാജ്യവികസനം എന്നിവ അതിന് അടിത്തറയാവില്ല. പക്ഷേ സൗജന്യങ്ങള്‍ക്കു മാത്രമായി നമുക്ക് ഒരു ബജറ്റ് വേണമോ? കുറച്ച് കടുത്ത നടപടികള്‍ ഈ സൗജന്യരംഗത്തും വേണ്ടതില്ലെ? സൗജന്യങ്ങള്‍ ആവാം, സാഹചര്യമനുസരിച്ച്, ആവശ്യം അനുസരിച്ച്. ഒരു സൗജന്യം എക്കാലത്തും ഒരേ തോതിലോ അധിക നിരക്കിലോ തുടരണമെന്നത് പക്ഷേ നീതിയുക്തമല്ല. കാലികമായ അവലോകനം നടത്തി, കൃത്യമായി വിലയിരുത്തിത്തന്നെ വേണം തുടരാന്‍. ജനപ്രിയത മാത്രം കണക്കിലെടുക്കുമ്പോള്‍ ശരിയായ വിലയിരുത്തല്‍ നടക്കാതെ പോകുന്നു. അവിടെയാണ് പൂച്ചക്ക് മണി കെട്ടുന്ന പ്രശ്‌നം.
ജനാധിപത്യസംവിധാനത്തില്‍ അനര്‍ഹരായ ചിലര്‍ക്കു മാത്രം നേട്ടം എന്നത് ഒരു തരത്തിലും ഒരുതലത്തിലും അനുവദനീയമല്ല. പക്ഷേ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. അന്യന്റെ ആഡംബര ജീവിതത്തിന് സര്‍വരുടേയും നികുതിപ്പണം വിനിയോഗിക്കുന്നത് ശരിയല്ലെന്ന കടുത്ത നടപടി അത്യാവശ്യമാണ്. സബ്‌സിഡിക്കുള്ളില്‍ ചിലത് അതുകൊണ്ടുതന്നെ പുനഃപരിശോധിക്കേണ്ടതുണ്ട്. സംഘടിതമേഖലകളില്‍ യൂണിയനുകളും സംഘടനകളും പിടിച്ചുനേടുന്ന അവകാശങ്ങള്‍ അനുവദിക്കേണ്ടിവരുമ്പോള്‍ കാലങ്ങളായി അക്കൂട്ടര്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. കര്‍ഷകന് ലഭിക്കേണ്ട സൗജന്യം ആ പേരില്‍ രാസവള നിര്‍മ്മാണക്കമ്പനികള്‍ക്കാണ് കിട്ടുന്നതെങ്കില്‍ അത് പിന്‍വലിക്കേണ്ടതുണ്ട്. ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന ആഡംബരക്കാറില്‍ ഒറ്റക്ക് യാത്ര ചെയ്യുന്നവരെ ആളുകള്‍ മാടുകളെപ്പോലെ സഞ്ചരിക്കുന്ന പൊതുവാഹനത്തിന് കൊടുക്കുന്ന ഇന്ധന സബ്‌സിഡിക്ക് അര്‍ഹരാക്കുന്നത് നീതിയല്ല. വിദ്യാര്‍ത്ഥികള്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യം കാണുന്നില്ലെങ്കില്‍ പുനഃപരിശോധിക്കുക തന്നെ വേണം. ചാരിറ്റബിള്‍ ആക്ട് പ്രകാരം നല്‍കുന്ന നികുതി സൗജന്യങ്ങള്‍ ലക്ഷ്യം തെറ്റാണെങ്കില്‍ തീരുമാനം മാറ്റണം. നികുതിയിളവുകള്‍ മാത്രം പ്രഖ്യാപിക്കാന്‍ ഒരു ബജറ്റു നമുക്കു വേണ്ട, അതിന് ഒരു ധനമന്ത്രിപോലും വേണ്ട. നികുതിവര്‍ധന വരുത്തേണ്ടിടത്തു വരുത്തുകതന്നെ വേണം. വന്‍ തുക ചെലവിട്ട് ഇറക്കുമതിചെയ്യുന്ന വസ്തുക്കള്‍ സൗജന്യ വിതരണം നടത്തി നഷ്ടം സഹിക്കുന്ന പഴഞ്ചന്‍ വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കണം. കയറ്റുമതി സാധ്യതയുള്ളവക്ക് കയ്യയച്ച് സഹായം നല്‍കി സ്വാശ്രയത്വത്തെ പ്രോത്സാഹിപ്പിക്കാന്‍ മടിക്കുകയുമരുത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നിരന്തരമായി നഷ്ടം മാത്രമാണ് നല്‍കുന്നതെങ്കില്‍ അതില്‍ മുതല്‍ നിക്ഷേപം നടത്തുമ്പോള്‍ ജീവനക്കാരേക്കാള്‍ സ്‌നേഹിക്കേണ്ടത് എണ്ണത്തില്‍ കൂടുതലുള്ള പൊതുജനങ്ങളെയാണ്. ഇതിനെല്ലാം തീര്‍ച്ചയായും കടുത്ത നടപടി കൂടിയേ കഴിയൂ.
അതിനുള്ള ഭരണ നൈപുണിയും രാഷ്ട്രീയ ചങ്കൂറ്റവും കാണിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തയ്യാറാകുമോ? വിലക്കയറ്റം, നിരക്കുവര്‍ധന തുടങ്ങിയ വലിയ പരാതികള്‍ വരും. 'ജനദ്രോഹം' എന്നും 'പോക്കറ്റടി'യെന്നും വിശേഷണങ്ങള്‍ കിട്ടും. പക്ഷേ അത് ചെയ്തിരുന്ന മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായിത്തീരണം മോദി സര്‍ക്കാരെങ്കില്‍ കടുത്ത നടപടികള്‍ കൂടിയേ തീരൂ.
പക്ഷേ, നടപടികള്‍ നികുതി കൂട്ടുകയും സബ്‌സിഡി കുറയ്ക്കുകയും ചെയ്യുന്നതില്‍ മാത്രം ഒതുങ്ങരുത്. പെട്രോള്‍ ലിറ്ററിന് ഒരു രൂപ കൂടുമ്പോള്‍ പൊതുഗതാഗത രംഗത്തെ സേവനദാതാക്കള്‍ ഏഴുരൂപയുടെ ടിക്കറ്റ് എട്ടു രൂപയാക്കുന്നത് പകല്‍ക്കൊള്ളയാണ്. 35 രൂപയുടെ ഒരു കിലോ അരിക്ക് 40 രൂപയാക്കുന്നത് തീവെട്ടിക്കൊള്ളയാണ്. പഞ്ചസാരക്ക് 50 പൈസ കൂടുമ്പോള്‍ ഒരു രൂപ കൂടുന്ന ചായ വില പഞ്ചസാര വില കുറയുമ്പോള്‍ കുറയ്ക്കാത്തത് നല്ല 'ചായസംസ്‌കാര'മല്ല. അവിടെയാണ് ബജറ്റായാലും സബ്‌സിഡി കുറക്കലായാലും സാധാരണക്കാരനായ ഉപഭോക്താവിനെ ബാധിക്കുന്നത്. അടിസ്ഥാനതലത്തില്‍ ഈ പ്രതിസന്ധി നേരിടാനുള്ള മെക്കാനിസം ഉണ്ടാക്കുന്നതും സര്‍ക്കാരിന്റെ ഒരു കടുത്ത നടപടിയാണ്. ഒരുപക്ഷേ പുതിയ നിയമനിര്‍മാണം അതിന് വേണ്ടിവരും. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ആ വിഷയം. പക്ഷേ പുതിയൊരു ഭരണസംസ്‌കാരത്തിന്റെ തുടക്കമാകും അത്. കടുത്ത നടപടികള്‍ കറുത്ത നടപടികളല്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നത് അങ്ങനെയാവും.
എന്തായാലും കടുത്ത നടപടി വരുന്നുവെന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിച്ചു പറഞ്ഞതോടെ യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറന്ന പ്രതീതിയുണ്ട്. പക്ഷേ സോപ്പുപൊടിയുടെ പരസ്യത്തില്‍ പറയുന്നതുപോലെ സൗഹാര്‍ദ്ദത്തിനാണെങ്കില്‍ കറയും നല്ലതുതന്നെയാണല്ലൊ. എന്നാല്‍ കടുത്ത നടപടികള്‍ക്കെതിരെ കടുത്ത എതിര്‍പ്പുണ്ടാവുമെന്ന കാര്യവും കരുതിയിരിക്കണം. അതിനെ നേരിടാന്‍ സുതാര്യമായ നടപടിക്രമത്തിലൂടെ സുവ്യക്തമായ വിശദീകരണങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറാകണം.
കാവാലം ശശികുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.