നഴ്‌സുമാര്‍ സുരക്ഷിതര്‍: വിദേശകാര്യ മന്ത്രാലയം

Thursday 3 July 2014 10:41 pm IST

ന്യൂദല്‍ഹി: ഇറാഖിലെ തിക്രിതില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. നേഴ്‌സുമാരെ വിമതര്‍ ബസ്സുകളില്‍ കയറ്റി തിക്രിതില്‍ നിന്നും മൊസൂളിലേക്കാണ് മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. നേഴ്‌സുമാര്‍ സുരക്ഷിതരാണെന്നും ഇവരുടെ സുരക്ഷയെ കരുതിയാണ് തിക്രിതില്‍ നിന്നും വിമതര്‍ ഇവരെ മാറ്റിയതെന്നും വിദേശ കാര്യമന്ത്രാലയ വക്താവ് പറഞ്ഞു.
ഏറ്റവും കഠിനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് വിദേശ കാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തിക്രിതില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് ബസില്‍ പോവുകയാണെങ്കിലും നഴ്‌സുമാരുമായി ഇന്ത്യന്‍ എംബസി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. തിക്രിതിലെ ആശുപത്രിയില്‍ നിന്നും ബസില്‍ കയറിയ ഉടന്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ചില്ലുകള്‍ കൊണ്ട് രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ബസ്സുകളില്‍ യാത്രതിരിച്ച നഴ്‌സുമാര്‍ക്ക് ബിസ്‌ക്കറ്റും വെള്ളവും വിമതര്‍ നല്‍കിയിട്ടുണ്ട്. അബാസിയ എന്ന സ്ഥലത്ത് ഇവര്‍ യാത്രാമധ്യേ സുരക്ഷിതമായി എത്തിയതായും മന്ത്രാലയ വക്താവ് പറഞ്ഞു. കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തിക്രിതില്‍ നിന്നും നഴ്‌സുമാരോട് മാറണമെന്ന അന്ത്യശാസനം സുന്നി ഭീകരര്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ വിദേശകാര്യമന്ത്രാലയം വീണ്ടും വിളിച്ചുവരുത്തി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍ എംബസിയും ഭീകരരും തമ്മിലുളള ധാരണപ്രകാരം നഴ്‌സുമാരെ തിക്രിതില്‍നിന്നും മാറ്റാന്‍ അനുവദിക്കുകയായിരുന്നു.
നിലവില്‍ ആയിരത്തോളം ഇന്ത്യക്കാര്‍ക്ക് തിരികെ ഇന്ത്യയിലേക്കെത്താന്‍ വിമാന ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. 1500 പേരാണ് ഇതുവരെ മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.