കെ.പി.സി.സി.യുടെ കത്തുകള്‍ എ വിഭാഗം പുറത്തുവിട്ടു

Thursday 3 July 2014 11:38 pm IST

കാക്കനാട്: തൃക്കാക്കര നഗരസഭാ ഭരണം തിരിച്ചു പിടിക്കാന്‍ എ ഗ്രൂപ്പില്‍ ശക്തമായ നീക്കം . എ ഗ്രൂപ്പില്‍ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും ഇതേ അഭിപ്രായമുള്ളവരാണ്.
ഇന്നലെ രാവിലെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷക്കെതിരെയുള്ള അവിശ്വാസം പാസായതിനെത്തുടര്‍ന്ന് നഗരസഭാ കാര്യാലയത്തിനു മുന്നില്‍ ഐ വിഭാഗത്തില്‍ പെട്ട യൂത്ത്‌കോണ്‍ഗ്രസ്സുകാരും,നേതാക്കളും എ ഗ്രൂപ്പ് നേതാവും,മുന്‍ നഗരസഭാ ചെയര്‍മാനുമായ പി.ഐ.മുഹമ്മദാലിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും അവഹേളിക്കുകയും ചെയ്തതാണ് എ ഗ്രൂപ്പുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത് .
അവിശ്വാസ ചര്‍ച്ചയ്ക്ക് ശേഷം എ ഗ്രൂപ്പുകാര്‍ വികസനകാര്യ സ്ഥിരം സമിതി ആഫീസിലും മറ്റും തമ്പടിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഐ ഗ്രൂപ്പില്‍പെട്ടവര്‍ മുദ്രാവാക്യംവിളി ആരംഭിച്ചത്.നഗരസഭാ ചെയര്‍മാന്‍ ഷാജി വാഴക്കാല ഈ സമയങ്ങളിലെല്ലാം തന്നെ ആഫീസിലിരുന്നു ഫയലുകള്‍ നോക്കുകയായിരുന്നു.
അദ്ദേഹം സ്വന്തം ഗ്രൂപ്പൂകാരെ പോലും അകത്തേക്ക് കടത്തി വിട്ടിരുന്നില്ല.കെ.പി.സി.സി.പ്രസിഡന്റിന്റെ നിര്‍ദേശമനുസരിച്ചു തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ സ്ഥാനം മുഹമ്മദാലി രാജിവെക്കുകയും തല്‍സ്ഥാനത്തേക്ക് ഷാജി വാഴക്കാലയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഈ പാക്കേജിന്റെ ഭാഗമായി പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് പി.ഐ.മുഹമ്മദാലി നിര്‍ദേശിക്കുന്ന ഒരാളെ തല്‍സ്ഥാനത്തേക്ക് നിയമിക്കണമെന്നും കെ.പി.സി.സി.അധ്യക്ഷനു വേണ്ടി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എന്ന നിലയ്ക്ക് മുഹമ്മദാലിക്കു അയച്ച കത്താണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ആറു മാസമായിട്ടും ഐ ഗ്രൂപ്പുകാരിയായ സ്ഥിരം സമിതി അധ്യക്ഷ രാജി വെക്കാത്തതിനെത്തുടര്‍ന്ന് മെയ് ഏഴിന് എറണാകുളം ഡി.സി.സി.പ്രസിഡന്റ്, വി.ജെ. പൗലോസിന് കെ.പി.സി.സി.പ്രസിഡന്റിനു വേണ്ടി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അയച്ച കത്തും പുറത്തു വന്നിരിക്കുകയാണ്.
അതില്‍ കത്ത് കിട്ടി അഞ്ചു ദിവസത്തിനകം നിലവിലുള്ള പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ രാജി വെക്കണമെന്നും ,മുഹമ്മദാലി നിര്‍ദേശിക്കുന്ന ആളിന് തല്‍സ്ഥാനത്തേക്ക് അവസരം നല്കാനുള്ള കെ.പി.സി.സി.പ്രസിഡന്റിന്റെ നിര്‍ദേശം പാലിക്കാത്തതിനാല്‍ കര്‍ശന മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും എഴുതിയിട്ടുണ്ട് .
നഗരസഭയില്‍ ഭരണ സ്തംഭനം വരുത്തിവെച്ച യു.ഡി.എഫ്.ജനങ്ങളോട് മാപ്പ് പറയണമെന്ന് നഗരസഭയിലെ പ്രതിപക്ഷ നേതാവ് എം.എ. മോഹനന്‍ ആവശ്യപ്പെട്ടു.വികസനത്തിന്റെ പേരില്‍ ജനങ്ങളോട് വോട്ടു ചോദിച്ചു ജയിച്ചു വന്നവര്‍ തമ്മില്‍ത്തല്ലുന്നത് കയ്യുംകെട്ടി നോക്കി നില്ക്കാനാവില്ല.നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് കോറം തികയാതെ കഴിഞ്ഞ കൌണ്‍സില്‍ യോഗം പിരിയേണ്ടി വന്നത്.മോഹനന്‍ പറഞ്ഞു.പ്രതിപക്ഷ കക്ഷികളും നഗരസഭയ്ക്ക് മുന്‍പില്‍ പ്രകടനം നടത്തി, രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്റെ ആഫീസിനു മുന്നില്‍ ഇവര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു ഇതേസമയം തന്നെ ഐ ഗ്രൂപ്പിനെ അനുകൂലിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം മുഹമ്മദാലി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.നഗരസഭാകാര്യാലയത്തിന്റെ രണ്ടു വാതിലുകളും ഐ ഗ്രൂപ്പും ,പ്രതിപക്ഷവും സമരവുമായി കയ്യടക്കിയിരുന്നു.
നഗരസഭയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് നഗരസഭാ കൌണ്‍സിലര്‍ സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിയിലെ ജിജോ ചിങ്ങംതറ പറഞ്ഞു. കോണ്‍ഗ്രസ്സിലെ എ , ഐ ഗ്രൂപ്പ് തര്‍ക്കത്തില്‍ തങ്ങള്‍ പ്രതികരിക്കാനില്ലെന്ന് മുസഌംലീഗിന്റെ നഗരസഭാ വൈസ് ചെയര്‍പേര്‍സണ്‍ കൂടിയായ ഷെരീനാ ഷുക്കൂറും കൗണ്‍സിലര്‍ എ.എ.ഇബ്രാഹിം കുട്ടിയും പറഞ്ഞു. സംഘര്‍ഷഭരിതമായ അന്തരീക്ഷം കണക്കിലെടുത്ത് തൃക്കാക്കര എസ് .ഐ .ടി.കെ.ജോസിയുടെ നേതൃത്വത്തില്‍ ധാരാളം റിസര്‍വ് പോലീസ്‌കാരും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.