പാദമുദ്രകള്‍ കലാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കും: മേയര്‍

Monday 26 September 2011 10:55 pm IST

കൊച്ചി: കലാലയങ്ങളില്‍ ആധുനിക സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കുമ്പോള്‍ സമൂഹത്തില്‍ പാദമുദ്രകള്‍ സൃഷ്ടിച്ചവരെക്കുറിച്ച്‌ അറിയാതെ പോകുന്നത്‌ ശരിയല്ലെന്നും കലാലയങ്ങളില്‍ ഇത്തരം പ്രതിഭകളെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും മേയര്‍ ടോണി ചമ്മണി വ്യക്തമാക്കി. എറണാകുളം പ്രസ്‌ ക്ലബ്‌ ഗാലറിയില്‍ പ്രസ്‌ ക്ലബിന്റെ സഹകരണത്തോടെ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ സംഘടിപ്പിച്ച പാദമുദ്രകള്‍ ഡോക്യുമെന്ററി ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ ഉല്‍സവങ്ങള്‍ കാമ്പസുകളിലും മറ്റും നടത്തുന്നത്‌ തെറ്റില്ല. എന്നാല്‍ കേരളീയ സമൂഹത്തെ ഇന്നത്തെ രീതിയില്‍ സൃഷ്ടിച്ചവരെക്കുറിച്ച്‌ ഒരു ധാരണയുമില്ലാത്ത സമൂഹം വളരുന്നത്‌ ആശാസ്യമല്ല. ഈ കുറവ്‌ പരിഹരിക്കാനെങ്കിലും ഇത്തരം മേളകള്‍ പങ്കുവഹിക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസ്‌ ക്ലബ്‌ സെക്രട്ടറി എം.എസ്‌. സജീവന്‍ സ്വാഗതവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസി.എഡിറ്റര്‍ ചന്ദ്രഹാസന്‍ വടുതല നന്ദിയും പറഞ്ഞു. ഞരളത്ത്‌ രാമപൊതുവാള്‍, ജി.അരവിന്ദന്‍ എന്നിവരെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. ഇന്ന്‌ സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി എന്നിവരുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. വൈകീട്ട്‌ ആറിന്‌ നടത്തുന്ന പ്രദര്‍ശനം പൊതുജനങ്ങള്‍ക്കും കാണാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.