ജനാഭിമുഖ്യമുള്ള ബജറ്റ്: ചില പ്രതീക്ഷകള്‍

Friday 4 July 2014 10:08 pm IST

യുപിഎ സര്‍ക്കാര്‍ തകര്‍ത്ത സാമ്പത്തിക വ്യവസ്ഥയും കാലിയാക്കിയ ഖജനാവും എങ്ങനെ പുനര്‍നിര്‍മിക്കാമെന്ന വെല്ലുവിളിയാണ് മോദി സര്‍ക്കാരിന്റെ കന്നി ബജറ്റ് കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നത്. കോര്‍പ്പറേറ്റ് സ്വാധീനത്തിന്റെ ആധിക്യം മൂലം ജനാഭിമുഖ്യമുള്ള മന്ത്രിമാരും നയങ്ങളും ഭരണക്രമവും ഇല്ലാതെ പോയത് യുപിഎ സര്‍ക്കാരിനെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്ക് നയിച്ചു. കുറെക്കാലമായി ദല്‍ഹിയില്‍ ധനമന്ത്രാലയത്തിന്റെ ഇടനാഴികള്‍ കോര്‍പ്പറേറ്റ് ലോബിയുടെ കൈപ്പിടിയിലാണെന്നത് പുതിയ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഉണ്ടാവേണ്ടതാണ്. മോദി സര്‍ക്കാരില്‍ കമ്പനികാര്യ മന്ത്രാലയവും ധനകാര്യമന്ത്രാലയവും രണ്ടും ഒരേ മന്ത്രിയുടെ കയ്യിലാണെന്നത് വെറുമൊരു യാദൃച്ഛികതയാവാം.
വിവിധ സാമ്പത്തിക പഠന സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സിബിജി യുടെ പഠനമനുസരിച്ച് 2012-2013 കാലത്ത് മാത്രം 5.73 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ടാക്‌സ്-റവന്യൂ ഇളവുകള്‍ ആയി നല്‍കിയത്. ഇതില്‍ കോര്‍പ്പറേറ്റ് വരുമാന നികുതി, വ്യക്തിഗത വരുമാന നികുതി, എക്‌സൈസ് തീരുവ, കസ്റ്റംസ് തീരുവ മുതലായവ ഉള്‍പ്പെടുന്നു. രാജ്യത്തെ പിന്നോക്കമേഖലകളിലും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കിടയിലും വിപ്ലവകരമായ മാറ്റംകൊണ്ടുവരുവാനും ഭാരതത്തെ ദാരിദ്ര്യമുക്തമാക്കുവാനുമുള്ള പാതയിലൂടെ അതിവേഗം മുന്നേറുവാനും ഈ പണം മാത്രം മതി. രാജ്യത്തെ വിദേശ കടം ഇപ്പോള്‍ ഏതാണ്ട് 22 ലക്ഷം കോടി രൂപയാണ്. ഇതില്‍ 40 ശതമാനവും ഭാരതീയ കോര്‍പ്പറേറ്റുകള്‍ എടുത്ത വാണിജ്യലോണുകളാണ്. 1991 ല്‍ ഇത് കേവലം 10.2 ശതമാനമായിരുന്നു. ക്രെഡിറ്റ് സ്വിസ്സ് എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടുപ്രകാരം റിലയന്‍സ്, അദാനി, ജിവികെ, ലാങ്കോ, എസ്സാര്‍, ജിഎംആര്‍, ജയ്പി, ജെഎസ്ഡബ്ല്യു, വേദാന്ത, വിഡിയോകോണ്‍ എന്നീ പത്ത് കോര്‍പ്പറേറ്റുകള്‍ മാത്രം 5.47 ലക്ഷം കോടിരൂപയാണ് കടമെടുത്തിട്ടുള്ളത്. ഇംഗ്ലീഷ് കമ്പനിയായ വോഡാഫോണ്‍ ഇരുപതിനായിരം കോടി രൂപയാണ് തിരിച്ചടക്കാന്‍ ബാക്കിയുള്ളത്. ഇതെല്ലാം വച്ചുനോക്കുമ്പോള്‍ 7900 കോടി രൂപയുടെ കൂടുതല്‍ വരുമാനത്തിനുവേണ്ടി മാത്രമാണ് റെയില്‍വെ ചാര്‍ജ്ജ് വര്‍ധിപ്പിച്ച് മോദി സര്‍ക്കാര്‍ പഴി കേള്‍ക്കുന്നതെന്നോര്‍ക്കുക.
22 വര്‍ഷത്തെ ആഗോളവല്‍ക്കരണം നമ്മുടെ സര്‍ക്കാരുകളെ കൊണ്ടെത്തിച്ചത് കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് പറഞ്ഞ സാമ്പത്തിക ഭരണക്രമത്തിലാണ്. ഈ സ്ഥിതിയില്‍നിന്നും പുതിയ സര്‍ക്കാരും കന്നി ബജറ്റും മുക്തമാകേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. യുപിഎ സര്‍ക്കാരിന്റെ ഭരണക്രമത്തില്‍ സാധാരണ ജനങ്ങളും തൊഴിലാളികളും കര്‍ഷകരും ഗ്രാമീണരും ആദിവാസികളും ദളിതരും അസംഘടിത തൊഴിലാളികളും സ്ത്രീകളുമൊക്കെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരും നിരക്ഷരരും അടിമവേലക്കാരും അസംഘടിത മേഖലയും മറ്റുമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതം മുന്‍പന്തിയിലാണ്. ഉത്തരഭാരതത്തിലെ വനവാസി മേഖലയിലും ഗ്രാമങ്ങളിലും മനുഷ്യര്‍ ഇന്നും കന്നുകാലികള്‍ക്ക് സമാനമായി ജീവിക്കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള നിശ്ശബ്ദരാക്കപ്പെട്ട ജനത ശാപമോക്ഷത്തിനുവേണ്ടി കാത്തിരിക്കുകയാണ്. രാജ്യത്ത് പരിവര്‍ത്തനത്തിനുവേണ്ടിയുള്ള പ്രതീക്ഷകളില്‍ ജനാഭിമുഖ്യമുള്ള ബജറ്റ് ഇടംപിടിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
''ചുരുങ്ങിയ സര്‍ക്കാര്‍ കൂടുതല്‍ ഭരണം'' എന്ന മുദ്രാവാക്യം ഉയര്‍ത്തിയ മോദി സര്‍ക്കാര്‍ ഭരണത്തിന്റെ ഒരു സുപ്രധാന ഉപകരണമായി ബജറ്റിനെ ഉപയോഗപ്പെടുത്തണം. ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയ കൂടുതല്‍ ജനാധിപത്യപരവും സുതാര്യവും ജനങ്ങളോട് കണക്കു പറയുന്നതും ജനങ്ങളുടെ ശബ്ദം സക്രിയമായി പ്രതിഫലിക്കുന്നതുമാകണം. കൊളോണിയല്‍ കാലത്തെ ബജറ്റിന്റെ രഹസ്യ സ്വഭാവം പുതിയ വിവരാവകാശ നിയമത്തിന്റെ കാലഘട്ടത്തില്‍ മാറേണ്ടിയിരിക്കുന്നു. ബജറ്റിന്റെ യഥാര്‍ത്ഥ ഗുണകാംക്ഷികളായ സാധാരണ ജനത ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയയില്‍ പങ്കാളികളാകണം; അവരുമായി ''കണ്‍സള്‍ട്ടേഷന്‍'' മാത്രം പോര.
യഥാര്‍ത്ഥ വികസനത്തിന്റെ സൂചകങ്ങളായി ബജറ്റ് നോക്കിക്കാണേണ്ടത് ബുള്ളറ്റ് ട്രെയിനും ഫ്‌ളൈഓവറുകളും ആറുവരി പാതകളും ഷെയര്‍ മാര്‍ക്കറ്റും ആഡംബര കാറുകളും വിദേശ വസ്തുക്കളുമല്ല. അവസാന വ്യക്തിയെവരെ ദാരിദ്ര്യരേഖയുടെ മുകളിലേക്ക് കൊണ്ടുപോകുന്നതും വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതും പോലുള്ള എന്ത് അടിയന്തര പരിപാടിയാണ് ബജറ്റിലുണ്ടാകുക എന്നതാണ് ജനം പ്രതീക്ഷയോടെ കാണാന്‍ കാത്തിരിക്കുന്നത്. വികസനമെന്ന പ്രക്രിയ ഭാരതത്തെപ്പോലെ 120കോടി ജനസംഖ്യയുള്ള രാജ്യത്ത് വളരെ സങ്കീര്‍ണമാണ്. പക്ഷേ വയറുവിശക്കുന്നവനോട് നമുക്കെങ്ങനെ കാത്തിരിക്കാന്‍ പറയാന്‍ കഴിയും?
മൗലികമായി രാജ്യത്തെ വേദനിപ്പിക്കുന്ന ഒരു പ്രധാന വസ്തുത പാവപ്പെട്ടവനെ കൈപിടിച്ചുയര്‍ത്തുന്ന സാമ്പത്തിക ശാസ്ത്രം നാമെല്ലാം മറന്നുപോയിരിക്കുന്നു എന്നതാണ്. ധനകാര്യ മന്ത്രാലയവും നിര്‍ണായക സാമ്പത്തിക ഉപദേശക സംഘങ്ങളുമെല്ലാം നവ മുതലാളിത്തത്തിന്റെ കാവല്‍ക്കാരനായ ലോകബാങ്കില്‍ പരിശീലനം ലഭിച്ച വിദഗ്ദ്ധരെ കൊണ്ടും ഉദ്യോഗസ്ഥരെക്കൊണ്ടും നിറഞ്ഞിരിക്കുന്നു. ഈ വിഷമവൃത്തം ഭേദിക്കാന്‍ കഴിയാത്തതിനാലാണ് കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെ ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും സാമ്പത്തിക നയവും തൊഴില്‍ നയവും മാറ്റമില്ലാതെ നിലകൊള്ളുന്നത്.
രാഷ്ട്രീയ രംഗത്ത് സംഭവിച്ചിട്ടുള്ള ഒരു വന്‍മാറ്റം, സാമാന്യജനങ്ങള്‍ സാമ്പ്രദായികമായ വോട്ടിംഗ് രീതിയില്‍ നിന്നും മാറി പ്രശ്‌നാധിഷ്ഠിതമായി വോട്ടു ചെയ്യാന്‍ പഠിച്ചുതുടങ്ങിയെന്നതാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന പ്രതീക്ഷയോടെയാണ് ജനങ്ങള്‍ മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയിട്ടുള്ളത്. ഉള്ളിക്ക് വില കൂടിയതിന്റെ പേരിലാണ് പതിനഞ്ച് വര്‍ഷം മുമ്പ് ദല്‍ഹി സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിനെ താഴെത്തിറക്കി ജനങ്ങള്‍ ഷീലാദീക്ഷിതിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. വൈദ്യുതിയും വെള്ളവും സൗജന്യമാക്കാമെന്ന മോഹനവാഗ്ദാനം നല്‍കിയാണ് കേജ്‌രിവാള്‍, ഷീല ദീക്ഷിതിനെ താഴെയിറക്കിയത്. രണ്ടുരൂപക്കും ഒരുരൂപക്കും അരി നല്‍കാമെന്ന വാഗ്ദാനവുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ മത്സരിക്കുന്നു. അതിനാല്‍ സര്‍ക്കാര്‍ ഈ ബജറ്റില്‍ ഏതാണ്ട് ഒമ്പത് സുപ്രധാന കാര്യങ്ങള്‍ അവശ്യവസ്തു-സേവനമായി കണക്കാക്കി വില നിയന്ത്രണം കൊണ്ടുവരേണ്ടതാണ്. അരി, ഗോതമ്പ്, ഉള്ളി, ഉരുളക്കിഴങ്ങ്, കറന്റ്, വെള്ളം, ഗ്യാസ്, ഡീസല്‍, യാത്രാക്കൂലി എന്നിവയാണത്. ഇവയിലേതെങ്കിലും ഒന്നില്‍ വില ഉയരുന്നത് സര്‍ക്കാരിന്റെ കൈ പൊള്ളിക്കും.
ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ വികസനത്തിന്റെ നാലു സുപ്രധാന മേഖലകള്‍ക്ക് മുന്തിയ പരിഗണന ബജറ്റ് നല്‍കണം. അവയാണ് ചുരുങ്ങിയ വേതനം, ഭക്ഷ്യവിതരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ. സമൂഹത്തില്‍ വരുമാനവര്‍ധനക്കായി തൊഴില്‍ദാന പദ്ധതികള്‍ വ്യാപകമായി ആസൂത്രണം ചെയ്യണം. ഭാരതത്തിലെ ആറരലക്ഷം വരുന്ന ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് വികസന ആസൂത്രണം വേണം. ദേശീയ പദ്ധതികള്‍ പരാജയപ്പെടാനുള്ള ഒരു കാരണം ഭാരിച്ച ഭരണ ചെലവാണ്. 40 ശതമാനം വരെ പദ്ധതി വിഹിതം ഗുണകാംക്ഷികളിലെത്തുന്നതിന് മുമ്പ് ഭരണചെലവായി നഷ്ടമാകുന്നു. ഭരണചെലവ് അഞ്ച് ശതമാനത്തില്‍ കൂടരുത്. 2009-10ല്‍ ജിഡിപിയുടെ 3.7 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിന് വേണ്ടി ബജറ്റില്‍ നീക്കിവെച്ചത്. 1966 ല്‍ തന്നെ കോത്താരി കമ്മീഷന്‍ ഇത് ചുരുങ്ങിയത് ആറ് ശതമാനം ആകണമെന്നാണ് നിര്‍ദ്ദേശിച്ചത്. 2002 ലെ 86-ാം ഭരണഘടനാ ഭേദഗതിയും തുടര്‍ന്നുള്ള വിദ്യാഭ്യാസ അവകാശനിയമവും അനുസരിച്ച് 14 വയസ്സുവരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ബജറ്റ് എത്രത്തോളം മുന്‍ഗണന നല്‍കുന്നുവെന്നതും പ്രധാന്യമര്‍ഹിക്കുന്നു. വിദ്യാഭ്യാസ അവകാശചട്ടങ്ങള്‍ പ്രകാരം ഈ നിയമം 2015 മാര്‍ച്ച് 31 ന് മുമ്പ് പൂര്‍ണമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
രാജ്യത്ത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ്. ഇത് മൂന്ന് ശതമാനമെങ്കിലുമായി ഉയര്‍ത്തണമെന്ന ആവശ്യം വളരെക്കാലമായി ഉയര്‍ന്നുവന്നിട്ടുള്ള ഒന്നാണ്. സാമാന്യജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കണം. സ്വകാര്യ ആശുപത്രികളുടെ പകല്‍ക്കൊള്ള അവസാനിപ്പിക്കണം. ജീവന്‍ നിലനിര്‍ത്തുന്ന വെള്ളവും വായുവും സ്വകാര്യവല്‍ക്കരിക്കരുത്.
കൃഷി, ജലസേചനം എന്നിവയുടെ മാനേജ്‌മെന്റ് ശാസ്ത്രീയമാക്കാന്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റികളെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളെയും കൂടുതല്‍ സജ്ജമാക്കണം. ഭക്ഷ്യസുരക്ഷാ നിയമം എത്രയും വേഗം നടപ്പിലാക്കണം.
സ്ത്രീ സംരക്ഷണം, സ്ത്രീശാക്തീകരണം, ജന്റര്‍ ബജറ്റിംഗ് എന്നിവ ഗൗരവതരമായി ശ്രദ്ധിക്കണം. ദളിത്, വനവാസി വിഭാഗങ്ങള്‍ക്ക് ഊര്‍ജ്ജിതമായ വികസന നടപടികള്‍ വേണം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം, തൊഴില്‍ സാഹചര്യങ്ങള്‍, സാമൂഹ്യ സുരക്ഷിതത്വം, പെന്‍ഷന്‍, ക്ഷേമം, സുരക്ഷ, സ്ത്രീ തുല്യത, തൊഴില്‍ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തണം. പ്രകൃതി സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം, മാലിന്യ മാനേജ്‌മെന്റ് തുടങ്ങിയവ സര്‍ക്കാരിന്റെ ബാധ്യതകളില്‍പ്പെടുന്നു. വ്യവസായ വികസനത്തിന് ഏകജാലക സംവിധാനം നിയമം മൂലം നടപ്പിലാക്കണം. ചെറുകിട വ്യവസായങ്ങള്‍ക്ക് ബാധകമായ നിയമങ്ങളും, സാങ്കേതികമായ കടലാസ്സു പണികളും ലളിതവല്‍ക്കരിക്കണം.
ജിഡിപിയുടെ വലുപ്പമനുസരിച്ച് നികുതി കുറവുള്ള രാജ്യമാണ് ഭാരതം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജിഡിപിയുടെ 16.6 ശതമാനം മാത്രമാണ് നികുതി പിരിക്കുന്നത്. പണമുള്ളവരില്‍ നിന്നും നികുതി ഈടാക്കി സാമൂഹ്യക്ഷേമത്തിന് ചെലവഴിക്കുകയെന്നതാണ് നികുതിനയത്തിന്റെ അടിസ്ഥാനം. നികുതി സമ്പ്രദായം ഇല്ലാതാക്കുക എന്നത് നവ മുതലാളിത്ത വ്യവസ്ഥിതിയുടെ മാത്രം ആവശ്യമാണ്. ഭാരതത്തില്‍ പരോക്ഷ നികുതിക്കാണ് മുന്‍തൂക്കം. അതില്‍പ്പെടുന്നവയാണ് സാമാന്യജനങ്ങള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉള്‍പ്പെടുന്ന കസ്റ്റംസ് തീരുവ, എക്‌സൈസ് തീരുവ, കേന്ദ്ര വാറ്റ്, സേവനനികുതി തുടങ്ങിയവ. പ്രത്യക്ഷ നികുതിയാകട്ടെ പണമുള്ളവര്‍ നല്‍കുന്നതാണ്. പൂര്‍വിക സ്വത്ത് നികുതി, ആഡംബര നികുതി, ഷെയര്‍മാര്‍ക്കറ്റ് നികുതി തുടങ്ങിയവയും നടപ്പിലാക്കേണ്ടവയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നതുള്‍പ്പെടെയുള്ള നികുതി ഇളവുകള്‍ ഇല്ലാതാക്കണം. നികുതിഘടന പൊതുജന സൗഹൃദമുള്ളതാക്കി പരിഷ്‌ക്കരിക്കേണ്ടതുണ്ട്.
പ്ലാനിംഗ് കമ്മീഷന്‍ പിരിച്ചുവിടണമെന്ന ആവശ്യം ആരെയാണു സഹായിക്കുകയെന്നത് തിരിച്ചറിയണം. 1991 വരെ രാജ്യത്തിന്റെ സമഗ്രവികസനത്തിന്റെ ദിശ നിര്‍ണയിച്ചിരുന്നത് പ്ലാനിംഗ് കമ്മീഷനും പഞ്ചവത്സര പദ്ധതികളുമായിരുന്നു. ആഗോളവല്‍കൃത പരിഷ്‌ക്കാരത്തിന്റെ കാലഘട്ടത്തില്‍ പ്ലാനിംഗ് കമ്മീഷനെ മറികടന്ന് വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത സാമ്പത്തിക നടപടികളും രഘുറാം രാജനെപ്പോലെ ഇറക്കുമതി ചെയ്യപ്പെട്ട വിദഗ്ധരും ഭാരതത്തിന്റെ ഭാവി കൈകാര്യം ചെയ്യുന്ന സ്ഥിതിയിലെത്തി. ഈ സ്ഥിതിയില്‍ ഗ്രാമീണ ഭാരതത്തെ വികസനത്തില്‍ ഉള്‍പ്പെടുത്തുന്ന പ്ലാനിംഗ് കമ്മീഷനും മറ്റും ഒരു തടസം മാത്രമാണ്. അതിനാല്‍ പ്ലാനിംഗ് കമ്മീഷനില്‍ കൂടുതല്‍ ജനാഭിമുഖ്യമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തുകയും പഞ്ചായത്തുകളെ കൂടുതല്‍ അധികാരം നല്‍കി ശക്തിപ്പെടുത്തുന്ന വികേന്ദ്രീകൃത ആസൂത്രണത്തിന് ഊന്നല്‍ നല്‍കുകയും വേണം.
പൊതുമേഖലാ ഓഹരി വിറ്റഴിക്കല്‍ നിര്‍ത്തലാക്കണം. രാജ്യത്തെ വിചിത്രമായ സാമ്പത്തിക നടപടിയില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളെ സര്‍ക്കാര്‍വല്‍ക്കരിക്കുകയും ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നു. വലിയ ബാങ്കുകള്‍ തകര്‍ന്നാല്‍ വലിയ ആഘാതമുണ്ടാകുമെന്ന അമേരിക്കന്‍ അനുഭവം കണക്കിലെടുത്ത് ബാങ്കുകളുടെ ലയനനടപടികള്‍ നിര്‍ത്തിവെക്കണം.
അങ്ങനെ കോര്‍പ്പറേറ്റ് ആഭിമുഖ്യമുള്ള ബജറ്റ് നടപടികള്‍ക്ക്പകരം സാമാന്യജനങ്ങളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളോടും തൊഴിലാളികളോടും ആഭിമുഖ്യം പുലര്‍ത്തുന്ന ബജറ്റാണ് നമുക്കുവേണ്ടത്. ജനങ്ങള്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ടുചെയ്തത്. ആ മാറ്റം എങ്ങോട്ടാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സുവര്‍ണാവസരം കന്നി ബജറ്റിലൂടെ ഉപയോഗപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
സി.കെ. സജിനാരായണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.