പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് മതം മാറ്റാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Friday 4 July 2014 10:34 pm IST

പൊന്‍കുന്നം: യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതിനു ശേഷം മതംമാറ്റാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. കൂട്ടിക്കല്‍ കൊക്കയാര്‍ പുതുപറമ്പില്‍ ഷാഹുല്‍ ഹമീദ് (22) ആണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ കസ്റ്റഡിയിലായത്. ഇയാള്‍ പ്രണയിച്ച് മതംമാറ്റാന്‍ ശ്രമിച്ച വിഴിക്കിത്തോട് സ്വദേശിനിയായ യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് പിടിയിലാകുന്നത്. രണ്ട് മാസം മുന്‍പാണ് വിഴിക്കിത്തോട് സ്വദേശിനിയായ ഇരുപതുകാരിയുമായി ഇയാള്‍ പ്രണയത്തിലായത്. കഴിഞ്ഞ മാസം യുവാവുമായി പെണ്‍കുട്ടി നാടുവിട്ടിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാഞ്ഞിരപ്പള്ളി സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി.
വിവാഹം കഴിക്കുന്നതിനു മുന്‍പ് മതം മാറണമെന്ന് യുവാവ് നിര്‍ബന്ധിച്ചതോടെ യുവതി ഇയാളുമായി പിണങ്ങി നാട്ടിലെത്തി. തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമം നടന്ന വിവരം പുറത്തറിയുന്നത്. കഴിഞ്ഞ മെയ്മാസം അഞ്ചിന് ഈരാറ്റുപേട്ട മൂന്നിലവില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഇയാള്‍ പ്രണയിച്ച് വിവാഹം കഴിച്ച്് മുസ്ലിമാക്കാന്‍ പൊന്നാനിയില്‍ കൊണ്ടുപോയിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന ഷാഹുല്‍ വിഴിക്കിത്തോട് സ്വദേശിനിയായ ഹിന്ദു യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ഇയാള്‍ തൃശ്ശൂരിലുള്ള ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. അതിനു ശേഷം പെണ്‍കുട്ടിയെ പൊന്നാനിയിലെത്തിച്ച് ഭാര്യയെ കാട്ടി. ഇതു പോലെ മതം മാറിയാല്‍ നിന്നെയും ഭാര്യയായി സ്വീകരിക്കാമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. മതം മാറാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതി വീട്ടില്‍ തിരികെയെത്തി. തുടര്‍ന്ന് ജൂണ്‍ 30 ന് ആദ്യ ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തി വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയുമായി ഇയാള്‍ നാടുവിട്ടു.
എറണാകുളത്ത് ലോഡ്ജിലെത്തി ഒരുമിച്ച് താമസിച്ചു. വീണ്ടും ഇയാള്‍ വിവാഹ വാഗ്ദാനം ചെയ്യുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിലെ ചതി മനസ്സിലാക്കിയ യുവതി യുവാവുമായി പിണങ്ങി ജൂലൈ ഒന്നിന് സ്വന്തം വീട്ടില്‍ തിരിച്ചെത്തി. പിന്നീട് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞിരപ്പള്ളി പോലീസ് ഷാഹുല്‍ ഹമീദിനെ അറസ്റ്റ് ചെയ്യുന്നത്. പെണ്‍കുട്ടികളെ പ്രണയം നടിച്ചതിന് ശേഷം വിവാഹം കഴിപ്പിച്ച് മതംമാറ്റുന്ന ലൗവ്ജിഹാദിന് പ്രചോദനം നല്‍കുന്ന ഏതെങ്കിലും ഭീകരവാദ സംഘടനയുമായി പ്രതിയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണ് പോലീസ്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. ജി. ശ്രീമോന്‍, എസ്‌ഐ ഷിന്റോ പി. കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.